TopTop
Begin typing your search above and press return to search.

ജാര്‍ഖണ്ഡില്‍ ഇന്ന് വോട്ടെണ്ണല്‍: വോട്ടിങ് മെഷീന്‍ തിരിമറി ഭീതിയില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച

ജാര്‍ഖണ്ഡില്‍ ഇന്ന് വോട്ടെണ്ണല്‍: വോട്ടിങ് മെഷീന്‍ തിരിമറി ഭീതിയില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച

ജാര്‍‌ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭം രാജ്യമെങ്ങും കത്തിപ്പടര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് വോട്ടെണ്ണല്‍‌ വരുന്നത്. ഇന്നത്തെ തെരഞ്ഞെടുപ്പുഫലം ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്.

അഞ്ച് ഘട്ടമായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 81 സീറ്റുകളുണ്ട്. എന്‍ഡിഎക്ക് എതിരാളിയായി ഉണ്ടായിരുന്നത് കോൺഗ്രസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, രാഷ്ട്രീയ ജനതാദൾ എന്നീ കക്ഷികളടങ്ങിയ മഹാസഖ്യമാണ്. എക്സിറ്റ് പോളുകള്‍ മഹാസഖ്യത്തിന് അനുകൂലമാണ്.

സാമ്പത്തികപ്രതിസന്ധി, ആദിവാസികളുടെ പ്രക്ഷോഭം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ജാര്‍ഖണ്ഡ‍ില്‍ വോട്ടെടുപ്പ് സമയത്ത് ഉയര്‍ന്നു വന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്‍ ഇത്തവണ എന്‍ഡിഎയിലില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ടുകള്‍ എന്‍ഡിഎയുടെ വിജയത്തിന് നിര്‍ണായകമായിരുന്നു. ഇത്തവണ സംഘടന ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഗോത്രവര്‍ഗക്കാരനല്ലാത്ത മുഖ്യമന്ത്രി രഘുബര്‍ദാസിനെ മുൻനിർത്തിയാണ് ഇത്തവണയും ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങിയത്.

ജെ.എം.എം, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി സഖ്യത്തിന്റെ നേതാവ് മുന്‍ മുഖ്യമന്ത്രി കൂടിയായ ഹേമന്ത് സോറനാണ്. ഇദ്ദേഹം ഗോത്രവര്‍ഗക്കാരനാണ് എന്നതും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രഘുബര്‍ദാസ് ഗോത്രവര്‍ഗക്കാരനല്ല എന്നതും ഗോത്രവര്‍‌ഗ വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനത്ത് ഗതിവിഗതികളെ നിര്‍ണയിക്കാനിടയുണ്ട്.

അതെസമയം, വോട്ടിങ് മെഷീന്‍ തിരിമറി നടക്കാനുള്ള സാധ്യതയെക്കുറിച്ച് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ആശങ്കപ്പെടുന്നുണ്ട്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ ശനിയാഴ്ച ഈ വിഷയമുന്നയിച്ച് അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കെഎന്‍ ഝായെ പോയിക്കണ്ടിരുന്നു. വോട്ടുകള്‍ എണ്ണിത്തീരുംവരെ വോട്ടിങ് മെഷീനുകള്‍ക്കുമേല്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയതായാണ് അറിയുന്നത്.

വോട്ടിങ് മെഷീനുകളുടെ മെയിന്റനന്‍സിനായി തെരഞ്ഞെടുപ്പു കമ്മീഷന്‍ നിയോഗിച്ചിരിക്കുന്നത് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരെയാണ്. ഇതാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയെ വേവലാതിപ്പെടുത്തുന്നത്. ഇവര്‍ വോട്ടിങ് മെഷീന്‍ തിരിമറി നടത്തുമോയെന്നാണ് ഭയം. എന്നാല്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലല്ലാതെ ഇവര്‍ക്ക് വോട്ടിങ് മെഷീന്‍ തോടാന്‍ അനുമതിയുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി.

ഈ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി കാണാവുന്ന തരത്തില്‍ കഴുത്തില്‍ തൂക്കുന്ന ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കണമെന്ന് ജെഎംഎം ആവശ്യപ്പെട്ടിട്ടുണ്ട്. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ തൊടാന്‍ ഇവര്‍ക്ക് അനുമതിയുണ്ടായിരിക്കരുത്. മോക്ക് പോളിങ് സമയത്ത് മെഷീനില്‍ ചേര്‍ക്കുന്ന വോട്ടുകള്‍‌ ഡിലീറ്റ് ചെയ്തു കളഞ്ഞിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.


Next Story

Related Stories