TopTop

ഝാര്‍ഖണ്ഡില്‍ നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടങ്ങളിലായി വോട്ടെടുപ്പ്, ഡിസംബര്‍ 23ന് വോട്ടെണ്ണല്‍

ഝാര്‍ഖണ്ഡില്‍ നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടങ്ങളിലായി വോട്ടെടുപ്പ്, ഡിസംബര്‍ 23ന് വോട്ടെണ്ണല്‍

ഝാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. 81 അംഗ നിയമസഭയിലേയ്ക്ക് നവംബർ 30 മുതൽ അഞ്ച് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 30ൻ്റെ ആദ്യ ഘട്ടത്തിൽ 13 സീറ്റിലും ഡിസംബർ ഏഴിൻ്റെ രണ്ടാം ഘട്ടത്തിൽ 20സീറ്റിലും സിറ്റിലും വോട്ടെടുപ്പ് നടക്കും. ഡിസംബർ 12ന് മൂന്നാം ഘട്ടം - 17 സീറ്റ്, നാലാം ഘട്ടം ഡിസംബർ 16ന് - 15 സീറ്റ്. ഡിസംബർ 20ന് അഞ്ചാം ഘട്ടം - 16 സീറ്റ് എന്നിങ്ങനെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 23ന് നടക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ന്യൂഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എ ജെ എസ് യുവുമായി (ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍) ചേര്‍ന്നാണ് നിലവില്‍ ബിജെപി ഭരിക്കുന്നത്. 2014ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 37 സീറ്റാണ് ബിജെപി നേടിയത്. എ ജെ എസ് യു അഞ്ച് സീറ്റും. ജെഎംഎം 19 സീറ്റ് നേടിയപ്പോൾ കോണ്‍ഗ്രസിന് ആറ് സീറ്റ് മാത്രമാണ് കഴിഞ്ഞ തവണ കിട്ടിയത്. മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയുടെ ജെവിഎം (ഝാർഖണ്ഡ് വികാസ് മോർച്ച) എട്ട് സീറ്റ് നേടിയിരുന്നു. എന്നാൽ ജെവിഎം എംഎൽഎമാർ ബിജെപിയിൽ ചേരുകയാണുണ്ടായത്. ആർജെഡി അഞ്ച് സീറ്റ് നേടിയിരുന്നു. ഇത്തവണ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 14ല്‍ 12 സീറ്റും ബിജെപി സഖ്യം നേടിയിരുന്നു. ബിജെപി 11 സീറ്റിലും എ ജെ എസ് യു ഒരു സീറ്റിലുമാണ് ജയിച്ചത്. മുഖ്യമന്ത്രി രഘുബീർ ദാസ് ആണ് ബിജെപി സഖ്യത്തെ നയിക്കുന്നത്.

മറുഭാഗത്ത് കോണ്‍ഗ്രസും ജെഎംഎമ്മും (ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) സഖ്യത്തിന് ധാരണയിലെത്തിയിട്ടുണ്ടെങ്കിലും സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ല. ആര്‍ജെഡിയേയും ഇടത് പാര്‍ട്ടികളേയും ചേര്‍ത്ത് മഹാസഖ്യം രൂപീകരിക്കാനാണ് ജെഎംഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. മഹാസഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രമേശ്വര്‍ ഒറാവോണ്‍ പറഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഒറാവോണ്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സഖ്യത്തിലെ വലിയ കക്ഷിയായ ജെഎംഎം 44 സീറ്റിലും കോണ്‍ഗ്രസ് 27 സീറ്റിലും ആര്‍ജെഡിയും ഇടത് പാര്‍ട്ടികളും അടക്കമുള്ളവ ബാക്കി സീറ്റുകളിലും മത്സരിക്കുന്ന വിധമായിരിക്കും സീറ്റ് വിഭജനമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Next Story

Related Stories