TopTop
Begin typing your search above and press return to search.

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടവ് മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടവ് മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടങ്കൽ മൂന്ന് മാസത്തേയ്ക്ക് കൂടി നീട്ടി. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി (ആർട്ടിക്കിൾ 370) പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് 2019 ഓഗസ്റ്റ് 5 മുതൽ തടവിലുള്ള മെഹബൂബയുടെ പേരിൽ പിന്നീട് പബ്ലിക് സേഫ്റ്റി ആക്ട് ചുമത്തുകയായിരുന്നു. 2016 ഏപ്രിൽ മുതൽ 2018 ജൂൺ വരെ ബിജെപിയുമായുള്ള സഖ്യ സർക്കാരിലാണ് പിഡിപി അധ്യക്ഷയായ മെഹബൂബ മുഖ്യമന്ത്രിയായിരുന്നത്. പിഎസ്എ പ്രകാരം തടവിലായിരുന്ന മുൻ മുഖ്യമന്ത്രിമാരും നാഷണൽ കോൺഫറൻസ് നേതാക്കളുമായ ഫാറൂഖ് അബ്ദുള്ളയേയും ഒമർ അബ്ദുള്ളയേയും നേരത്തെ മോചിപ്പിച്ചിരുന്നു. മെഹബൂബ മന്ത്രിസഭയിൽ അംഗമായിരുന്ന പീപ്പിൾസ് കോൺഫറൻസ് അധ്യക്ഷൻ സജാദ് ലോണിനെ വിട്ടയയ്ക്കാനുള്ള തീരുമാനം ഇന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ആദ്യം ഗസ്റ്റ് ഹൗസിൽ തടവിലാക്കിയെ മെഹബൂബയെ പിന്നീട് വിട്ടുതടങ്കലിലേയ്ക്ക് മാറ്റുകയായിരുന്നു. 2020 ഫെബ്രുവരിയിലാണ് പിഎസ്എ (പബ്ലിക്ക് സേഫ്റ്റി ആക്ട്) ചുമത്തിയത്. ഈ നിയമം ചുമത്തിയാൽ രണ്ട് വർഷം വരെ വിചാരണയില്ലാത്തെ തടങ്കലിൽ വയ്ക്കാം. ആദ്യം ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ പിഎസ്എ ചുമത്തിയ സർക്കാർ പിന്നീട് ഒമറിനും മെഹബൂബയ്ക്കുമെതിരെ പിഎസ്എ ചുമത്തുകയായിരുന്നു. ആദ്യം ഫാറൂഖിനേയും പിന്നീട് ഒമറിനേയും സർക്കാർ മോചിപ്പിച്ചു. എന്നാൽ മെഹബൂബയെ മോചിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഓഗസ്റ്റ് അഞ്ചിന് മെഹൂബ തടങ്കലിലായിട്ട് ഒരു വർഷം തികയുകയാണ്.

കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സെയ്ഫുദ്ദീൻ സോസിനെ തടവിലാക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല എന്ന സർക്കാർ വാദം, സെയ്ഫുദ്ദീനെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നതിലൂടെ പൊളിഞ്ഞിരിക്കുകയാണ്. സെയ്ഫുദ്ദീൻ സോസ് നിലവിൽ വീട്ടുതടങ്കലിലാണെന്നും സർക്കാർ സുപ്രീം കോടതിയോട് പറഞ്ഞത് നുണയാണെന്നും ഇന്നലെ പുറത്തുവന്ന വീഡിയോ വ്യക്തമാക്കിയിരുന്നു. ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയുമടക്കമുള്ളവർ സെയ്ഫുദ്ദീനെ കയ്യേറ്റം ചെയ്ത പൊലീസ് നടപടിക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ജനുവരിയിൽ മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ സെയ്ഫുദ്ദീൻ സോസിന്റെ അതേ അനുഭവം തനിക്കുമുണ്ടായെന്ന് മെഹബൂബ മുഫ്തി ട്വിറ്റർ വഴി അറിയിച്ചു. മെഹബൂബയ്ക്ക് വേണ്ടി മകൾ ഇൽതിജയാണ് നിലവിൽ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.


Next Story

Related Stories