TopTop
Begin typing your search above and press return to search.

ജെഎൻയു: പാര്‍ലമെന്റ് മാർച്ചിനെതിരെ പൊലീസ് നടപടി; യൂണിയൻ പ്രസിഡണ്ട് ഐഷി ഘോഷ് കസ്റ്റഡിയിൽ; പിൻവാങ്ങുന്ന പ്രശ്നമില്ലെന്ന് വിദ്യാർത്ഥികൾ

ജെഎൻയു: പാര്‍ലമെന്റ് മാർച്ചിനെതിരെ പൊലീസ് നടപടി; യൂണിയൻ പ്രസിഡണ്ട് ഐഷി ഘോഷ് കസ്റ്റഡിയിൽ; പിൻവാങ്ങുന്ന പ്രശ്നമില്ലെന്ന് വിദ്യാർത്ഥികൾ

ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനെതിരെ പൊലീസ് നടപടി. സർവ്വകലാശാലാ വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ട് ഐഷി ഘോഷ് അടക്കം അമ്പതോളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാരിക്കേഡുകൾ തകർത്ത് മുമ്പോട്ടു നീങ്ങാൻ ശ്രമിച്ച വിദ്യാർത്ഥികളും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ പല പൊലീസ് സ്റ്റേഷനുകളിലേക്കാണ് കൊണ്ടുപോയതെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗ് നിതീഷ് നാരായണനും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളിൽ ചിലരുടെ ആരോഗ്യനില മോശമാണെന്ന് വിവരമുണ്ട്. ഇവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

എന്തു വന്നാലും പിൻവാങ്ങാൻ തയ്യാറല്ലെന്ന് സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികള്‍ അഴിമുഖത്തോട് പ്രതികരിച്ചു. ഇന്ന് രാത്രിയിലും സമരം തുടരേണ്ടി വരികയാണെങ്കിൽ അതിനും സജ്ജരാണ് വിദ്യാർ‌ത്ഥികൾ. സമരം തുടങ്ങുന്നതിനു തൊട്ടു മുമ്പായി വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഗണിക്കാൻ മാനവവിഭവ ശേഷി മന്ത്രാലയം ഒരു മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇത് തൃപ്തികരമായ നടപടിയല്ലെന്ന് വിദ്യാര്‍ത്ഥികൾ പറയുന്നു.

കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി റിപ്പോർട്ടുണ്ട്. പെൺകുട്ടികളെ റോഡിൽ വലിച്ചിഴച്ചാണ് കൊണ്ടുപോയത്. ക്യാമ്പസ്സിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

സർവ്വകലാശാലാ വൈസ് ചാൻസലർ തങ്ങളുമായി കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യം സമരക്കാർ മുമ്പോട്ടു വെക്കുന്നു. വിദ്യാർത്ഥികളുമായി ചർച്ച ചെയ്യാതെ നടപ്പാക്കിയ ഹോസ്റ്റൽ മെനു പിൻവലിക്കണമെന്നും ഫീസ് വർധന പിൻവലിക്കണമെന്നുമുള്ള ആവശ്യം വിദ്യാർത്ഥികൾ ആവർത്തിച്ചു.

തങ്ങൾ നിയമം കൈയിലെടുക്കുകയാണെന്ന വാര്‍ത്തകൾ പ്രചരിപ്പിക്കുന്ന ഡൽഹി പൊലീസിനും ദേശീയമാധ്യമങ്ങൾ‌ക്കുമെതിരെ ജെഎൻയു വിദ്യാര്‍ത്ഥി യൂണിയൻ പ്രസ്താവനയിറക്കി. ക്രൂരമായ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാര്‍‌ത്ഥികളുടെ ചിത്രങ്ങളും യൂണിയൻ‌ ട്വിറ്ററിലൂടെ പുറത്തുവിട്ടു. അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളെ ഉടൻ മോചിപ്പിക്കണമെന്ന ആവശ്യവും യൂണിയൻ മുമ്പോട്ടു വെച്ചു.

അതെസമയം ഫീസ് വർധനയിൽ നിന്നും എളുപ്പത്തിൽ പിന്നാക്കം പോകാൻ തയ്യാറല്ലെന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. മാനവവിഭവ ശേഷി മന്ത്രാലയം ഒരു മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ലോങ് മാർച്ചിനു തൊട്ടു മുമ്പാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.

ഹോസ്റ്റൽ ഫീസ് വർധന, ഡ്രസ് കോഡ്, ഭക്ഷണ മെനു എന്നിവയിലെ മാറ്റം എന്നിവയും ഉന്നയിച്ച് ജെഎൻയു സ്റ്റുഡന്‍റ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഫീസ് 300 ശതമാനം ഉയർത്തിയെന്നാണ് പ്രധാന ആരോപണം. "ഒരു മാസം മുമ്പ് 2,500 രൂപ നൽകിയിരുന്നപ്പോൾ, ഇപ്പോൾ പ്രതിമാസം 7,000 രൂപ നൽകേണ്ടിവരും. ഏകദേശം 300 ന് സെൻറ് വർദ്ധനവ്. ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ പ്രതിഷേധിക്കാൻ ഞങ്ങൾ നിർബന്ധിതരാവുകയായിരുന്നു," വിദ്യാർത്ഥികൾ പറയുന്നു.

സമരം തുടങ്ങിയതോടെ കേന്ദ്ര സർക്കാർ ഫീസ് കുറച്ചെന്ന് അവകാശപ്പെട്ട് രംഗത്തു വന്നിരുന്നു. കൂട്ടിയ ഫീസുകളിൽ നാമമാത്രമായ വർധന മാത്രമേ വരുത്തിയിരുന്നുള്ളൂ. ഇതോടെ വിദ്യാർത്ഥികൾ സമരം കൂടുതൽ ശക്തമാക്കുകയായിരുന്നു.

ഫീസ് വർധനക്കെതിരെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ക്യാമ്പസില് സമരം നടക്കുന്നുണ്ട്. സർവ്വകലാശാല നടപ്പാക്കിയ കുത്തനെയുള്ള ഫീസ് വർധന അംഗീകരിക്കാനാവില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ജെഎൻയു വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പാവപ്പെട്ടവരാണെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിദ്യാർത്ഥികൾ വ്യാജപ്രചാരണം നടത്തുകയാണെന്നും, സമരം അനാവശ്യമാണെന്നും സർവ്വകലാശാലയുടെ സാമാധാനാന്തരീക്ഷത്തെ തകര്ക്കുന്നതാണെന്നും അധികൃതർ നിലപാടെടുത്തു. വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധം മറ്റു വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നെന്നും അവർ പറഞ്ഞു.


Next Story

Related Stories