TopTop
Begin typing your search above and press return to search.

ജെഎൻയു: പൊലീസ് ക്രൂരമായ ആക്രമണം നടത്തിയെന്ന് വിദ്യാർത്ഥികൾ; ക്ലാസ്സുകളടച്ചിട്ട് സമരം തുടരും

ജെഎൻയു: പൊലീസ് ക്രൂരമായ ആക്രമണം നടത്തിയെന്ന് വിദ്യാർത്ഥികൾ; ക്ലാസ്സുകളടച്ചിട്ട് സമരം തുടരും

കനത്ത ഫീസ് വർധനയ്ക്കെതിരെ പാർലമെന്റിലേക്ക് നടത്തിയ ലോങ് മാർച്ചിനു നേരെ ക്രൂരമായ ആക്രമണം നടന്നതായി ജവഹർലാൽ നെഹ്റു സർവ്വകലാശാലാ വിദ്യാർത്ഥികൾ. നിരവധി പേർക്ക് ഗുരുതരമാം വിധം പരിക്കേറ്റതായി സർവ്വകലാശാലാ യൂണിയൻ ട്വിറ്റർ പേജ് അറിയിച്ചു. പൊലീസിന്റെ ബൂട്ടു കൊണ്ട് നെഞ്ചിന് ചവിട്ടേറ്റ ശശിഭൂഷൺ സമദ് എന്ന വിദ്യാർത്ഥിയെ എഐഐഎംഎസ്സിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാഴ്ചാവെല്ലുവിളി നേരിടുന്നയാൾ കൂടിയാണ് ശശിഭൂഷൺ.

വിദ്യാര്‍ത്ഥികളെയാണ് തങ്ങൾ നേരിടുന്നതെന്ന പരിഗണന കൂടാതെയാണ് പൊലീസ് ആക്രമണം നടത്തിയതെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും പരിക്ക് ഗുരുതരമാണ്. സമരം നടന്ന ജോർബാഗിലെ വൈദ്യുതി വിളക്കുകൾ അണച്ചാണ് പൊലീസ് വിദ്യാർത്ഥികളെ നേരിട്ടത്. വൻതോതിൽ പൊലീസ് സന്നാഹത്തെ സ്ഥലത്തേക്കെത്തിക്കുകയും ആക്രമണം നടത്തുകയുമായിരുന്നെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

വിദ്യാർത്ഥിനികളെ ഇരുട്ടിന്റെ മറവിൽ‌ പുരുഷ പൊലീസുകാർ ആക്രമിച്ചെന്നും ഇവരിൽ നിന്നും ഉപദ്രവമേൽക്കേണ്ടി വന്നുവെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ ആരോപിക്കുന്നു. എന്നാൽ നിയന്ത്രിതമായ രീതികൾ മാത്രമേ വിദ്യാർത്ഥികൾക്കെതിരെ അവലംബിച്ചുള്ളൂ എന്നാണ് പൊലീസിന്റെ അവകാശവാദം.

ഇതിനിടെ വിദ്യാർത്ഥികളെ ചർച്ചയ്ക്കെന്നു പറഞ്ഞ് മാനവവിഭവ മന്ത്രാലയത്തിലേക്ക് കൊണ്ടുപോയെങ്കിലും ഉദ്യോഗസ്ഥർ തങ്ങളുടെ മുന്‍ നിലപാടുകൾ ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിവരം. നേരത്തെയും സമാനമായ കൂടിക്കാഴ്ചയുണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും ഫലവത്താകുകയുണ്ടായില്ലെന്ന് വിദ്യാർത്ഥി യൂണിയൻ ട്വിറ്ററിലൂടെ പ്രതികരിച്ചു. കഴിഞ്ഞ തവണത്തെ കൂടിക്കാഴ്ചയിൽ വൈസ് ചാന്‍സലറെ കാണാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് നടപ്പാകുകയുണ്ടായില്ല.

വിദ്യാർത്ഥികൾ മെട്രോ ഗതാഗതം തടസ്സപ്പെടുത്തിയ സഫ്ദർജംഗിലേക്ക് പൊലീസിന്റെ വൻ പടയാണ് എത്തിയത്. ഇവിടെ നിന്നും വിദ്യാർത്ഥികളെ തല്ലിയോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇതിനിടെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ വിദ്യാർത്ഥി നേതാക്കളെ വിട്ടയച്ചു. നിർത്തി വെച്ചിരുന്ന മെട്രോ സർവ്വീസ് പുനസ്ഥാപിച്ചിട്ടുണ്ട്.

വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ക്ലാസ്സുകൾ അടച്ചിട്ടുള്ള സമരമടക്കം വരുംദിവസങ്ങളിൽ നടക്കുമെന്നാണ് അറിയുന്നത്.

മാധ്യമങ്ങളുടെ സമീപനം

ചില ദേശീയ മാധ്യമങ്ങൾ സമരത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപണമുയരുന്നുണ്ട്. പൊലീസുമായി തങ്ങൾ സംഘർഷത്തിലേർപ്പെട്ടുവെന്ന തരത്തിലുള്ള പ്രതിച്ഛായ സൃഷ്ടിക്കാനാണ് ശ്രമം നടന്നതെന്നാണ് ആരോപണം. വിദ്യാർത്ഥികളുടെ സംഘർഷമായിരുന്നില്ല സ്ഥലത്ത് നടന്നതെന്നും പൊലീസിന്റെ തേർവാഴ്ചയായിരുന്നെന്നും വിദ്യാർത്ഥികൾ പറയുന്നു.

ഹോസ്റ്റൽ ഫീസ് വർധന, ഡ്രസ് കോഡ്, ഭക്ഷണ മെനു എന്നിവയിലെ മാറ്റം എന്നിവയും ഉന്നയിച്ച് ജെഎൻയു സ്റ്റുഡന്‍റ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. യൂണിവേഴ്സിറ്റി ഹോസ്റ്റൽ ഫീസ് 300 ശതമാനം ഉയർത്തിയെന്നാണ് പ്രധാന ആരോപണം. "ഒരു മാസം മുമ്പ് 2,500 രൂപ നൽകിയിരുന്നപ്പോൾ, ഇപ്പോൾ പ്രതിമാസം 7,000 രൂപ നൽകേണ്ടിവരും. ഏകദേശം 300 ന് സെൻറ് വർദ്ധനവ്. ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ പ്രതിഷേധിക്കാൻ ഞങ്ങൾ നിർബന്ധിതരാവുകയായിരുന്നു," വിദ്യാർത്ഥികൾ പറയുന്നു.

സമരം തുടങ്ങിയതോടെ കേന്ദ്ര സർക്കാർ ഫീസ് കുറച്ചെന്ന് അവകാശപ്പെട്ട് രംഗത്തു വന്നിരുന്നു. കൂട്ടിയ ഫീസുകളിൽ നാമമാത്രമായ വർധന മാത്രമേ വരുത്തിയിരുന്നുള്ളൂ. ഇതോടെ വിദ്യാർത്ഥികൾ സമരം കൂടുതൽ ശക്തമാക്കുകയായിരുന്നു.

ഫീസ് വർധനക്കെതിരെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ക്യാമ്പസില് സമരം നടക്കുന്നുണ്ട്. സർവ്വകലാശാല നടപ്പാക്കിയ കുത്തനെയുള്ള ഫീസ് വർധന അംഗീകരിക്കാനാവില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. ജെഎൻയു വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പാവപ്പെട്ടവരാണെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിദ്യാർത്ഥികൾ വ്യാജപ്രചാരണം നടത്തുകയാണെന്നും, സമരം അനാവശ്യമാണെന്നും സർവ്വകലാശാലയുടെ സാമാധാനാന്തരീക്ഷത്തെ തകര്ക്കുന്നതാണെന്നും അധികൃതർ നിലപാടെടുത്തു. വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധം മറ്റു വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നെന്നും അവർ പറഞ്ഞു.


Next Story

Related Stories