Top

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുനരന്വേഷണം നടത്തിയേക്കും; അന്വേഷണം ആവാമെന്ന് ശരദ് പവാര്‍

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പുനരന്വേഷണം നടത്തിയേക്കും; അന്വേഷണം ആവാമെന്ന് ശരദ് പവാര്‍

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് (മഹാവികാസ് അഖാഡി) സര്‍ക്കാര്‍ ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പുനരന്വേഷണം നടത്തുന്ന കാര്യം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ജസ്റ്റിസ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണം സംബന്ധിച്ച് ആവശ്യമെങ്കില്‍ വീണ്ടും അന്വേഷിക്കണമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. മറാത്തി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശരദ് പവാര്‍ ഇക്കാര്യം പറഞ്ഞത്. എന്‍സിപിയെ കൂടെ കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതായും മകള്‍ സുപ്രിയ സുലെയ്ക്ക് കേന്ദ്ര മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായും ഇതേ അഭിമുഖത്തില്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു. ഇത് ബിജെപിയേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും സമ്മർദ്ദത്തിലാക്കും.

ചില പത്രങ്ങളിലെ ലേഖനങ്ങളിലും മറ്റും മഹാരാഷ്ട്രയില്‍ വ്യാപകമായി ഇത്തരമൊരു ചര്‍ച്ച പുനരന്വേഷണം ആവശ്യപ്പെട്ട് നടക്കുന്നതായി കണ്ടു. അത്തരത്തില്‍ വിശദമായൊരു അന്വേഷണം വേണമെന്ന ആവശ്യം ജനങ്ങള്‍ക്കുണ്ടെങ്കില്‍ അന്വേഷണം നടത്തണം. അന്വേഷണത്തില്‍ പോരായ്മകളുണ്ടെങ്കില്‍ പുനരന്വേഷണം നടത്തണം - ശരദ് പവാര്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിയായിരുന്ന സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റമുട്ടൽ കൊല കേസിൽ വാദം കേട്ടിരുന്ന പ്രത്യേക സിബിഐ ജഡ്ജി ബിഎച്ച് 2014 നവംബർ 30നും ഡിസംബർ ഒന്നിനും ഇടയ്ക്കുള്ള രാത്രിയാണ് ദുരൂഹ സാഹചര്യത്തിൽ നാഗ്പൂരിൽ വച്ച് മരിച്ചത്. ജസ്റ്റിസ് ലോയയ്ക്ക് ശേഷം കേസിൽ വാദം ജസ്റ്റിസ് എം ബി ഗോസാവി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു. കാരവാൻ മാഗസിന് വേണ്ടി നിരഞ്ജൻ താക്ലെ ചെയ്ത് റിപ്പോർട്ട് സീരിസാണ് ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച ദുരൂഹതകൾ പുറത്തുകൊണ്ടുവന്നത്. അതേസമയം ജസ്റ്റിസ് ലോയയുടെ മരണത്തിൽ അന്വേഷണം വേണമെന്ന ഹർജി 2018ൽ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് തള്ളിയിരുന്നു. അന്വേഷണം ആവശ്യമില്ല എന്നാണ് സുപ്രീം കോടതി വിധിച്ചത്. ബോംബെ ലോയേഴ്സ് അസോസിയേഷൻ്റെ ഹർജിയിലായിരുന്നു ഇത്.

ഇസിജി, താമസരേഖകൾ, സാക്ഷിമൊഴികൾ തുടങ്ങിയവയിലെല്ലാം പരസ്പരവിരുദ്ധവും ദുരൂഹവുമായ നിരവധി കാര്യങ്ങളുള്ളതായി കാരവാൻ റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്നിരുന്നു. അമിത് ഷായോട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ട ജസ്റ്റിസ് ലോയയ്ക്ക് മേൽ കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറാൻ സമ്മർദ്ദമുള്ളതായും ബോംബെ ഹൈക്കോടതി മുൻ ജഡ്ജി തന്നെ ജസ്റ്റിസ് ലോയയ്ക്ക് പണം വാഗ്ദാനം ചെയ്തിരുന്നതായും സഹോദരി അനുരാധ വെളിപ്പെടുത്തിയിരുന്നു. എന്നാൽ 2018 ഏപ്രിൽ 19ന് സുപ്രീം കോടതി ബോംബെ ലോയേഴ്സ് അസോസിയേഷൻ്റെ ഹർജി തള്ളിയതോടെ കുടുംബം പ്രതികരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. 2018 ജൂലായിൽ പുന:പരിശോധന ഹർജിയും സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് ലോയയുടെ സഹപ്രവര്‍ത്തകരായ ജഡ്ജിമാരുടെ മൊഴികളെ അവിശ്വസിക്കേണ്ട കാര്യമില്ല എന്ന് പറഞ്ഞാണ് സുപ്രീം കോടതി അന്വേഷണ ആവശ്യം അന്ന് തള്ളിയത്. അതേസമയം തെളിവുകളും ജസ്റ്റിസ് ലോയയുടെ സഹ ജഡ്ജിമാരുടെ മൊഴികളിലെ വൈര്യദ്ധ്യങ്ങളും അവ്യക്തതകളും സുപ്രീം കോടതി പരിഗണിച്ചില്ല എന്ന് ഹർജിക്കാർ ആരോപിക്കുന്നു.

ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും സീനിയറായ നാല് ജഡ്ജിമാരേയും ഒഴിവാക്കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അരുൺ മിശ്ര അടക്കമുള്ളവരെ ഉൾപ്പെടുത്തി ഈ കേസിനുള്ള ബഞ്ച് അലോക്കേറ്റ് ചെയ്തത്. ഇതടക്കമുള്ള പ്രധാന കേസുകളിൽ ബഞ്ച് അലോക്കേറ്റ് ചെയ്യുന്നതിലും മറ്റും സുപ്രീം കോടതി കീഴ് വഴക്കങ്ങൾ ലംഘിക്കപ്പെടുന്നതായി ആരോപിച്ച് ചീഫ് ജസ്റ്റിസിനെതിരെ പരസ്യ പ്രതികരണവുമായി ജസ്റ്റിസുമാരായ ജെ ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർ ന്യൂഡൽഹിയിൽ അസാധാരണ വാർത്താസമ്മേളനം 2018 ജനുവരി 12ന് നടത്തിയിരുന്നു.


Next Story

Related Stories