TopTop
Begin typing your search above and press return to search.

അവർ മുസ്ലീങ്ങളോ ഇടതുപക്ഷക്കാരോ ആയിരുന്നെങ്കിൽ നിങ്ങൾ രാജ്യദ്രോഹം ചുമത്തില്ലേ? - ഡൽഹി കലാപത്തിൽ പൊലീസിനെതിരെ മുൻ ഡിജിപി ജൂലിയോ റിബെയ്റോ

അവർ മുസ്ലീങ്ങളോ ഇടതുപക്ഷക്കാരോ ആയിരുന്നെങ്കിൽ നിങ്ങൾ രാജ്യദ്രോഹം ചുമത്തില്ലേ? - ഡൽഹി കലാപത്തിൽ പൊലീസിനെതിരെ മുൻ ഡിജിപി ജൂലിയോ റിബെയ്റോ

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പൊലീസിന്റെ പക്ഷപാതപരമായ സമീപനത്തിനെതിരെ ഡിജിപി എസ് എന്‍ ശ്രീവാസ്തവയ്ക്ക് മുന്‍ ഡിജിപി ജൂലിയോ റിബെയ്‌റോയുടെ കത്ത്. ഗാന്ധിയന്മാര്‍ക്ക് ഈ സംവിധാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നതായി ജൂലിയോ റിബെയ്‌റോ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ഡല്‍ഹി കലാപത്തിലെ പൊലീസിന്റെ സമീപനത്തെ എതിര്‍ത്തുകൊണ്ട് ജൂലിയോ റിബെയ്‌റോ കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. ആദ്യ കത്തിന് ശ്രീവാസ്തവ നല്‍കിയ മറുപടിയോടാണ് രണ്ടാമത്തെ കത്തില്‍ ജൂലിയോ റിബെയ്‌റോ പ്രതികരിച്ചിരിക്കുന്നത്.

കപില്‍ മിശ്ര, കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ എംപി പര്‍വേഷ് വര്‍മ എന്നിവര്‍ക്ക് വിദ്വേഷപ്രചാരണത്തിന് ലൈസന്‍സ് നല്‍കിയതിനെ ന്യായീകരിക്കാന്‍ സാധ്യമല്ലെന്ന് ഞാന്‍ വിചാരിക്കുന്നു. ഈ പ്രാസംഗികര്‍ മുസ്ലീങ്ങളോ ഇടതുപക്ഷക്കാരോ ആയിരുന്നെങ്കില്‍ പൊലീസ് ഉറപ്പായിട്ടും അവരെ രാജ്യദ്രോഹത്തിന് അറസ്റ്റ് ചെയ്യുമായിരുന്നു - ജൂലിയോ റിബെയ്‌റോ പറഞ്ഞു. കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകരായ ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അപൂര്‍വാനന്ദ് ഝായ്ക്കും ഹര്‍ഷ് മന്ദറിനുമെതിരെ കേസെടുത്തതിനെതിരെ ജൂലിയോ റിബെയ്‌റോ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇരുവരേയും യഥാര്‍ത്ഥ ദേശാഭിമാനികള്‍, ഗാന്ധിയന്മാര്‍ എന്നെല്ലാമാണ് മുന്‍ ഡിജിപി വിശേഷിപ്പിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് ഹര്‍ഷ് മന്ദറും അപൂര്‍വാനന്ദും വിവിധയിടങ്ങളില്‍ പ്രസംഗിച്ചിരുന്നു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കേസെടുത്തത് വലിയ വിവാദമായിരുന്നു. ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സഫൂറ സര്‍ഗാറിനേയും നേരത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. സഫൂറയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചു. അതേസമയം കലാപത്തിന് പ്രേരണ നല്‍കുന്ന വിധം പ്രകോപനപരമായ വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഹര്‍ഷ് മന്ദറും അപൂര്‍വാനന്ദും ഗാന്ധിയന്മാരാണ്. ഗാന്ധിയന്മാര്‍ക്ക് പോലും ഈ സര്‍ക്കാരിന്റെ ഇളവുകള്‍ നഷ്ടമായിരിക്കുന്നു. ഡല്‍ഹി കലാപ അന്വേഷണം സംബന്ധിച്ച് നിരവധി പരാതികള്‍ റിബെയ്‌റോയും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മകളും മുന്നോട്ടുവച്ചിരുന്നു. ഞാനായിരുന്നു നിങ്ങളുടെ സ്ഥാനത്തെങ്കില്‍ ഞാന്‍ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിച്ച് തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമായിരുന്നു എന്ന് ജൂലിയോ റിബെയ്‌റോ പറഞ്ഞു. ഉമര്‍ ഖാലിദിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിന് ശേഷമാണ് റിബെയ്‌റോയുടെ കത്ത്. ഉമര്‍ ഖാലിദ് എഎപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍, മറ്റ് നിരവധി വിദ്യാര്‍ത്ഥി നേതാക്കള്‍ തുടങ്ങിയവരെയാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസത്തിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ആളുകളെ അറസ്റ്റ് ചെയ്ത് യുഎപിഎ കേസുകള്‍ ഞാന്‍ നീട്ടിക്കൊണ്ടുപോകില്ല - ജൂലിയോ റിബെയ്‌റോ പറഞ്ഞു.

Next Story

Related Stories