TopTop

ജഡ്ജിമാര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലോ? കോടതികളെ നിയന്ത്രിക്കുന്നത് സര്‍ക്കാര്‍; രൂക്ഷ വിമര്‍ശനവുമായി ജസ്റ്റീസ് മദന്‍ ബി ലോകൂര്‍

ജഡ്ജിമാര്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലോ? കോടതികളെ നിയന്ത്രിക്കുന്നത് സര്‍ക്കാര്‍; രൂക്ഷ വിമര്‍ശനവുമായി ജസ്റ്റീസ്  മദന്‍ ബി ലോകൂര്‍

രാജ്യത്തെ നീതി ന്യായ സംവിധാനങ്ങളുടെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടലിന് സുപ്രീം കോടതി കീഴ്പെടുകയാണെന്ന രൂക്ഷമായ വിമര്‍ശനവുമായി പരമോന്നത കോടതിയിലെ മുന്‍ ജഡ്ജി മദന്‍ ബി ലോകൂര്‍. രാജ്യത്തെ എത്ര ജഡ്ജിമാരാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരിക്ഷണത്തിലുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കോടതികളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെക്കുറിച്ചും അതിന് സുപ്രീം കോടതി വഴങ്ങിക്കൊടുക്കുന്നതിനെക്കുറിച്ചും രൂക്ഷമായി പ്രതികരിച്ചത്.

സര്‍ക്കാരാണോ സുപ്രീം കോടതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പലതും സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങികൊണ്ടുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സുപ്രീം കോടതി സമീപകാലത്തെടുത്ത തീരുമാനങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് മദന്‍ ബി ലോകൂരിന്റെ വിമര്‍ശനം
സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിന് നാഷണല്‍ ജൂഡിഷ്യല്‍ അപ്പോയ്ന്‍മെന്റ് കമ്മീഷനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി 2015 ല്‍ തള്ളിക്കളയുകയായിരുന്നു. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കൈകടത്താലായിരിക്കും കമ്മീഷന്‍ എന്നതിന്റെ അടിസ്ഥാനത്തിലാണ് എന്‍ ജെ എ സിയെ കോടതി തള്ളിയത്. എന്നാല്‍ അത്തരത്തിലൊരു കമ്മീഷന്‍ ഇല്ലാതിരുന്നിട്ടും സര്‍ക്കാരിന്റെ ഇടപെടലുകള്‍ അനുവദിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
ആവശ്യത്തിന് ജഡ്ജിമാരെ നിയമിക്കാത്തതിന് സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് പൊതുവേദിയില്‍, അധികാരികളോട് കരഞ്ഞ് പറയേണ്ടി വന്നത് എന്‍ ജെ എ സി നിയമം തള്ളിക്കളഞ്ഞതിന് ശേഷമാണ്. എന്നിട്ടും ഒന്നും സംഭവിച്ചില്ല. ഏതാനും മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ കൊളീജിയത്തിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന് തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റീസിന് പറയേണ്ടി വന്ന കാര്യവും ജസ്റ്റീസ് മദന്‍ ലോക്കൂര്‍ ചൂണ്ടിക്കാട്ടി. അതിന് ശേഷം രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്. സുപ്രീം കോടതിയുടെ അധികാരത്തിന്റെ ലക്ഷ്മണരേഖയെക്കുറിച്ച് അറ്റോര്‍ണി ജനറല്‍ ഓര്‍മ്മിപ്പിച്ചു. അടിയന്തരാവസ്ഥകാലത്ത് ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്ന് പറഞ്ഞുള്ള കുറ്റപ്പെടുത്തലായിരുന്നു നിയമ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. കോളീജിയത്തിന്റെ 43 ശുപാര്‍ശകളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാനുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നിയമ മന്ത്രിക്ക് കത്തെഴുതിയെന്നാണ് ഓഗസ്റ്റില്‍ എക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഹൈക്കോടതികളില്‍ 37 ശതമാനം ജഡ്ജിമാരുടെ ഒഴിവുകളുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. സർക്കാരിനിന്ന് വിവരങ്ങള്‍ ലഭിക്കാത്തതുകൊണ്ടുമാത്രം 10 ശതമാനം ആളുകളുടെ നിയമനങ്ങള്‍ പരിഗണിക്കാന്‍ കൊളീജിയത്തിന് കഴിഞ്ഞില്ല. ഇതിന്റെയൊക്കെ പാശ്ചത്തലത്തില്‍ ആരാണ് കോടതിയുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന് ചോദ്യമാണ് ഉയരുന്നതെന്നും മദന്‍ ബി ലോകൂര്‍ ചോദിച്ചു.
കൊളീജിയം തീരുമാനിക്കുകയും പിന്നീട് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനെ തുടര്‍ന്ന് തിരുത്തുകയും ചെയ്ത ചില സ്ഥലമാറ്റ തീരുമാനങ്ങളെ കുറിച്ചും സുപ്രീം കോടതി മുന്‍ ജഡ്ജി തന്റെ ലേഖനത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ഏപ്രില്‍ എട്ടിന് ഗുജറാത്തിലെ ജസ്റ്റീസ് വിക്രം നാഥിനെ ആന്ധ്ര പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി സ്ഥലം മാറ്റാന്‍ ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ശുപാര്‍ശ മടക്കുന്നു. ഓഗസ്റ്റ് 22 ന് ഫയലില്‍ രേഖപ്പെടുത്തിയ കാരണങ്ങളാല്‍ മുന്‍ തീരുമാനം റദ്ദാക്കുന്നു. അദ്ദേഹത്തെ ഗുജറാത്ത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായി നിയമിച്ചുകൊണ്ടുള്ള കൊളീജിയം തീരുമാനം തിരുത്തുകയും ചെയ്യുന്നു. ആന്ധ്ര പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസാവാന്‍ അയോഗ്യത കണ്ട ഒരാള്‍ എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസാവുകയെന്നും മദന്‍ ബി ലോകൂര്‍ തന്റെ ലേഖനത്തില്‍ ചോദിക്കുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് സ്ഥലം മാറ്റം റദ്ദാക്കിയ മറ്റ് സംഭവങ്ങളും അദ്ദേഹം തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസായി അലി ഖുറേഷിയെ ആദ്യം നിയമിക്കുകയും പിന്നീട് സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹത്തെ ത്രിപുര സുപ്രീം കോടതിയിലേക്ക് മാറ്റിയതുള്‍പ്പെടെയുളള കാര്യങ്ങളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന താഹില്‍ രമണിയുടെ മേഘാലയയിലേക്കുള്ള സ്ഥലമാറ്റവും മദന്‍ ലോക്കൂര്‍ തന്റെ ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്. സ്ഥലംമാറ്റത്തെ തുടര്‍ന്ന രാജിവെച്ച താഹില്‍ രമണിയ്ക്കതിരെ അന്വേഷണം നടത്താന്‍ സിബിഐയെ അനുവദിച്ച ചീഫ് ജസ്റ്റീസിന്റെ തീരുമാനത്തെ പരാമര്‍ശിച്ചാണ് ഗൗരവമുളള ചില ചോദ്യങ്ങള്‍ മദന്‍ ലോകൂര്‍ ഉന്നയിക്കുന്നത്. ജഡ്ജിനെതിരെ രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടിനെ പാശ്ചാത്തലത്തില്‍, ജഡ്ജി സര്‍വീസിലുള്ള കാലത്ത് രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലായിരുന്നുവോ എന്ന് ജഡ്ജി ചോദിച്ചു. രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനൈ എങ്ങനെയാണ് അന്ധമായി വിശ്വസിക്കാന്‍ കഴിയുകയെന്നാണ് മുന്‍ സുപ്രിം കോടതി ജഡ്ജിയുടെ ചോദ്യം. ചീഫ് ജസ്റ്റീസറിയാതെയാണോ രഹസ്യാന്വേഷണ ഏജന്‍സി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ നീരീക്ഷിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഭയമില്ലാതെ വിധി പുറപ്പെടുവിക്കേണ്ട ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമല്ലേ ഇതെന്നും അദ്ദേഹം ലേഖനത്തിൽ ആശങ്കപ്പെടുന്നു. എത്ര ജഡ്ജിമാരെ ഇങ്ങനെ ചാരപ്രവര്‍ത്തനത്തിന് വിധേയമാക്കുന്നുണ്ടെന്നും വ്യക്തമാക്കണമെന്നും ജസ്റ്റീസ് മദന്‍ ബി ലോക്കൂര്‍ ആവശ്യപ്പെട്ടു . ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെയാണ് കോടതികൾക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി ചോദിച്ചു.
ഭരണഘടന വിരുദ്ധമെന്ന് വിധിച്ച എന്‍ജെഎസി, അതിന്റെ ഭീതിപ്പെടുത്തുന്ന രീതിയിൽ തിരിച്ചുവരികയാണെന്ന് തോന്നുന്നതായി മദന്‍ ലോകുര്‍ പറഞ്ഞു. ഭരണഘടന ഭേദഗതിയില്ലാതെ എന്‍ജെഎസി പ്രതികാര ബുദ്ധിയോടെ തിരിച്ചെത്തിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
സുപ്രീം കോടതിയുടെ പ്രവര്‍ത്തന രീതിയെക്കുറിച്ചും സര്‍ക്കാര്‍ കോടതിക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ചും നേരത്തെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഒരു മുന്‍ ജഡ്ജിയുടെ ഭാഗത്തുനിന്ന് ഇത്ര രൂക്ഷമായ വിമര്‍ശനം ഉണ്ടാകുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ഡിസംബറിലാണ് ജസ്റ്റീസ് ലോകുര്‍ വിരമിച്ചത്.


Next Story

Related Stories