TopTop
Begin typing your search above and press return to search.

അടിയന്തിര ഇടപെടലുണ്ടായില്ലെങ്കില്‍ അധഃപതനമെന്ന് സിന്ധ്യ; പ്രസ്താവന രാഹുലിന്റെ കംബോഡിയന്‍ 'ധ്യാന'ത്തിനിടെ

അടിയന്തിര ഇടപെടലുണ്ടായില്ലെങ്കില്‍ അധഃപതനമെന്ന് സിന്ധ്യ; പ്രസ്താവന രാഹുലിന്റെ കംബോഡിയന്‍ ധ്യാനത്തിനിടെ

രാഹുല്‍ ഗാന്ധി 'ഇട്ടെറിഞ്ഞു പോയതിനാല്‍' കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ വിശകലനം ചെയ്യാന്‍ പാര്‍‌ട്ടിക്ക് കഴിഞ്ഞില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ വ്യംഗ്യമായി പിന്തുണച്ച്‌ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. അടിയന്തിരമായ ഇടപെടല്‍ നടന്നില്ലെങ്കില്‍ പാര്‍ട്ടി പോകുന്നത് വലിയ പതനത്തിലേക്കായിരിക്കുമെന്ന് സിന്ധ്യ മുന്നറിയിപ്പ് നല്‍കി. സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു സിന്ധ്യയുടെ ഈ പ്രതികരണം.

"മറ്റുള്ളവരുടെ പ്രസ്താവനകളിന്മേല്‍ പ്രതികരിക്കാന്‍ ഞാനില്ല. പക്ഷെ കോണ്‍ഗ്രസ് അടിയന്തിരമായ ഒരു സ്വയം പരിശോധന നടത്തേണ്ടതുണ്ട്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ നില വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടത് അടിയന്തിരമായിരിക്കുകയാണ്," രാഹുലിന്റെ അടുത്തയാളുകളില്‍ ഒരാളെന്ന് അറിയപ്പെടുന്ന സിന്ധ്യ പറഞ്ഞു.

മധ്യപ്രദേശ് കോണ്‍‌ഗ്രസ് അധ്യക്ഷപദവിയില്‍ സിന്ധ്യക്ക് താല്‍പര്യമുണ്ടെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ഈ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനനേതൃത്വത്തിലെ മുതിര്‍ന്നവര്‍ക്ക് സിന്ധ്യ കീഴടങ്ങേണ്ടി വരുമെന്ന നിലയിലാണ് കാര്യങ്ങള്‍ ഇപ്പോഴുള്ളത്. പാര്‍ട്ടി നിലപാടുകളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച്‌ ഇദ്ദേഹം ഈയിടെ രംഗത്തു വന്നിരുന്നത് ചില ഊഹാപോഹങ്ങള്‍ക്ക് ഇടവെക്കുകയും ചെയ്തിരുന്നു. അധ്യക്ഷപദവി കിട്ടിയില്ലെങ്കില്‍ സിന്ധ്യ ബിജെപിയില്‍ ചേരുമെന്ന ഊഹങ്ങളാണ് പരക്കുന്നത്.

മഹാരാഷ്ട്രയിലും ഹരിയാനയിലും അസംബ്ലി തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പാര്‍ട്ടി ചേരുന്ന നിര്‍ണായക യോഗത്തില്‍ പങ്കെടുക്കാതെ വിദേശത്തു പോയ രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ് സല്‍മാന്‍ ഖുര്‍ഷിദിനെ ചൊടിപ്പിച്ചിരിക്കുന്നത്. രാഹുല്‍ മുമ്ബും ഇതേ രീതിയില്‍ പെരുമാറിയിട്ടുണ്ട്. രാഹുല്‍ ഇപ്പോള്‍ കംബോഡിയയില്‍ 'ധ്യാന'ത്തിന് പോയിരിക്കുകയാണ്. തനിക്കെതിരായ മാനനഷ്ടക്കേസില്‍ ഹാജരാകാന്‍ സൂറത്ത് കോടതിയില്‍ പോകേണ്ടതുണ്ട് എന്നതിനാല്‍ ഇദ്ദേഹം ഉടന്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Next Story

Related Stories