TopTop
Begin typing your search above and press return to search.

'അന്ന് വെടിവെയ്ക്കാന്‍ അനുമതി നിഷേധിച്ചു, പള്ളി പൊളിച്ചില്ലായിരുന്നുവെങ്കില്‍ ഇന്ന് ക്ഷേത്രം നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നില്ല', തുറന്ന് പറഞ്ഞ് കല്യാണ്‍ സിംങ്

ബാബ്‌റി മസ്ജിദ് പൊളിക്കാന്‍ തടിച്ചുകൂടിയ കര്‍സേവകര്‍ക്ക് നേരെ വെടിവെയ്ക്കാന്‍ ഉള്ള അനുമതി ജില്ലാ മജിസ്‌ട്രേറ്റ് തേടിയിരുന്നതായി ബിജെപി നേതാവും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന കല്യാണ്‍ സിംങിന്റെ വെളിപ്പെടുത്തല്‍. പള്ളി പൊളിച്ചതുകൊണ്ടാണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ബാബ്‌റി മസ്ജിദ് പൊളിച്ച കേസില്‍ ഇപ്പോഴും കോടതിയില്‍ വിചാരണ തുടരുകയാണ്.

അയോധ്യയിലെ മജിസ്‌ട്രേറ്റാണ് കര്‍സേവകരെ നേരിടുന്നതിന് വെടിവെയ്ക്കാനുള്ള ഉത്തരവ് നല്‍കാന്‍ ആവശ്യപ്പെട്ടതെന്ന കല്യാണ്‍ സിംങ് പറഞ്ഞു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്ന് കല്യാണ്‍ സിംങ് പറഞ്ഞു. ഉത്തരവ് നല്‍കാനുള്ള അപേക്ഷ ഞാന്‍ തള്ളി കളഞ്ഞു. മുന്നര ലക്ഷത്തോളം വരുന്ന കര്‍സേവകര്‍ക്ക് നേരെ വെടിയുതിര്‍ത്താല്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടാനും രാജ്യത്തെമ്പാടും വലിയ കുഴപ്പങ്ങള്‍ക്കും കാരണമാകുമെന്നാണ് താന്‍ നിലപാടെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പള്ളി പൊളിച്ചതിനെയും അദ്ദേഹം ന്യായികരിച്ചു. അന്ന് എടുത്ത തീരുമാനങ്ങളില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസി നോട് പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിക്കാത്തവരാണ് പ്രതിപക്ഷ നേതാക്കളെന്നും, ഭൂമി പൂജയ്ക്ക് അവരെ ക്ഷണിക്കാത്തതിനെ ന്യായികരിച്ച് കല്യാണ്‍ സിംങ് പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിക്കുന്നതോടെ അയോധ്യ അന്താരാഷ്ട്ര പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാകുമെന്ന് അത് തൊഴിലില്ലായ്മ പരിഹരിക്കാന്‍ കാരണമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. 1992 ഡിസംബര്‍ ആറാം തീയതിയായിരുന്നു ബാബ്‌റി മസ്ജിദ് പൊളിച്ചത്. ഇതേ തുടര്‍ന്ന് കല്യാണ്‍ സിംങിന്റെ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടിരുന്നു.

ബാബ്‌റി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭൂമി പൂജയാണ് ആഗസ്റ്റ് അഞ്ചാം തീയതി നടക്കുന്നത്. ഇതിലേക്ക് പള്ളി പൊളിച്ച കേസില്‍ പ്രതികളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ക്ക് പുറമെ കല്യാണ്‍ സിംങിനെയും ക്ഷണിച്ചിട്ടുണ്ട്. പള്ളി പൊളിച്ചത് ക്രിമിനല്‍ പ്രവര്‍ത്തിയാണെന്ന് സുപ്രീം കോടതി അയോധ്യ വിധിയില്‍ വ്യക്തമാക്കിയിരുന്നു.


Next Story

Related Stories