TopTop
Begin typing your search above and press return to search.

വിശ്വാസവോട്ടിന് കാക്കാതെ കമല്‍നാഥ് രാജി വച്ചേക്കും

വിശ്വാസവോട്ടിന് കാക്കാതെ കമല്‍നാഥ് രാജി വച്ചേക്കും

സുപ്രീം കോടതി ഉത്തരവ് പ്രകാരം മധ്യപ്രദേശ് നിയമസഭയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, വിശ്വാസവോട്ടിന് കാത്തുനില്‍ക്കാതെ തന്നെ മുഖ്യമന്ത്രി കമല്‍നാഥ് രാജി വച്ചേക്കും. എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലെ അംഗബലമനുസരിച്ച് വിശ്വാസവോട്ടെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണിത്. കമല്‍ നാഥ് 12 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കമല്‍നാഥ് രാജി വയ്ക്കുമോ എന്ന ചോദ്യത്തിന് സംസ്ഥാനത്തെ മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗിന്റെ മറുപടി "അതിന് കാത്തിരിക്കൂ" എന്നാണ്.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയെ അനുകൂലിക്കുന്ന 22 എംഎല്‍എമാരുടെ രാജിയാണ് കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. കൊറോണ വൈറസ് മൂലം 26 വരെ സ്പീക്കര്‍ സഭ നിര്‍ത്തിവച്ചിരുന്നെങ്കിലും ബിജെപി ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങി. ഇന്ന് വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

ആറ് എംഎല്‍എമാരുടെ രാജി മാത്രം അംഗീകരിച്ച സ്പീക്കര്‍ ബാക്കി 16 പേരോടും വ്യക്തിപരമായി തന്നെ വന്ന് കണ്ട് രാജി നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. തങ്ങളുടെ എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോയി എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എംഎല്‍എമാരുടെ ഫോണുകള്‍ പിടിച്ചുവച്ചെന്നും പറയുന്നു. എന്നാല്‍ ബംഗളൂരുവിലേയ്ക്ക് പോയ എംഎല്‍എമാര്‍ ഇത് തള്ളിക്കളയുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് ബംഗളൂരുവിലേയ്ക്ക്് പോയതെന്ന് ഇവര്‍ പറയുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും ഭോപ്പാലിലേയ്ക്ക് മടങ്ങാന്‍ സുരക്ഷ വേണമെന്നും എംഎല്‍എമാര്‍ പറഞ്ഞിരുന്നു.

എംഎല്‍എമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിക്കാന്‍ സ്പീക്കറോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സ്പീക്കര്‍ രണ്ടാഴ്ചത്തെ സമയം ചോദിക്കുകയാണുണ്ടായത്. എന്നാല്‍ ഇത്തരത്തില്‍ സമയം അനുവദിച്ചാല്‍ അത് കുതിരക്കച്ചവടത്തിനുള്ള അവസരമാകുമെന്ന് പറഞ്ഞ സുപ്രീം കോടതി ഇത് നിഷേധിച്ചു. ഇന്നലെ വൈകിയാണ് ബാക്കി 16 എംഎല്‍എമാരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചത്.


Next Story

Related Stories