TopTop

രാത്രിയാത്രാ നിരോധനം: കേസ് വാദിക്കാന്‍ കപില്‍ സിബല്‍ എത്തും

രാത്രിയാത്രാ നിരോധനം: കേസ് വാദിക്കാന്‍ കപില്‍ സിബല്‍ എത്തും

ബന്ദിപ്പൂര്‍ പാതയിലെ രാത്രികാല വാഹന ഗതാഗതം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കപില്‍ സിബല്‍ ഹാജരാകും. കോഴിക്കോട് എംപി എംകെ രാഘവന് വേണ്ടിയാവും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഹാജരാവുക. ഒക്ടോബര്‍ 14-നാണ് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുക. വയനാട് എംപി രാഹുല്‍ ഗാന്ധി ഇടപെട്ടതോടെയാണ് രാത്രിയാത്ര നിരോധനത്തിനെതിരായ കേസ് ഏറ്റെടുക്കാന്‍ കപില്‍ സിബല്‍ തയ്യാറായത്.

കഴിഞ്ഞ പത്ത് വര്‍ഷമായി കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് നിരോധനം നിലനില്‍ക്കുകയാണ്. യാത്രാനിയന്ത്രണം കൂടുതല്‍ ശക്തമാക്കാനും പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെയാണ് ഇപ്പോള്‍ ഈ വിഷയം വീണ്ടും ഉയര്‍ന്നത്. ഇതിനെതിരെ ശക്തമായ ജനരോഷമാണ് വയനാട് ജില്ലയില്‍ നടക്കുന്നത്.

ബന്ദിപ്പൂര്‍ പാതയിലെ രാത്രികാല വാഹന ഗതാഗതം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തിര ഇടപെടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തേടിയിരുന്നു. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി, സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരുമായി ഇതുസംബന്ധിച്ച് ഡല്‍ഹിയില്‍ കൂടിക്കാഴ്ചയും നടത്തിയിരുന്നു.

നിലവില്‍ ബന്ദിപ്പൂര്‍ പാതയ്ക്ക് പകരം തോല്‍പ്പെട്ടി- നാഗര്‍ഹോള സംസ്ഥാന പാത ദേശീയ പാതയാക്കാമെന്നാണ് നിര്‍ദേശം. എന്നാല്‍ ഈ പാതയില്‍ 40 കിലോ മീറ്റര്‍ അധികയാത്ര വേണ്ടിവരും. ഇതിന് പുറമെ വനത്തിലൂടെ തന്നെയാണ് യാത്ര. ഇത് സംബന്ധിച്ച് പിന്നീട് തര്‍ക്കങ്ങള്‍ ഉയര്‍ന്നേക്കുമെന്നും മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെ ബോധ്യപ്പെടുത്തിയിരുന്നു.

തുടര്‍ന്ന് വിഷയം പരിഗണിക്കാന്‍ വിദഗ്ദ സമിതിയെ നിയോഗിക്കാമെന്ന് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമിതിയോട് അടിയന്തിരമായി റിപ്പോര്‍ട്ട് തേടും. സമിതിക്ക് മുന്നില്‍ സര്‍ക്കാരിനും അഭിപ്രായം രേഖപ്പെടുത്താം. എന്നാല്‍ സുപ്രീം കോടതി നിര്‍ദേശമായതിനാല്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നും കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം വാക്കുനല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


Next Story

Related Stories