TopTop
Begin typing your search above and press return to search.

ലൈംഗികാരോപണം: ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു

ലൈംഗികാരോപണം: ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു

പീഡനാരോപണത്തെ തുടർന്ന്​ കർണാടക ജലവിഭവ മന്ത്രിയും ബി.ജെ.പി നേതാവുമായ രമേശ് ജാർക്കിഹോളി രാജിവെച്ചു. പീഡന ദൃശ്യങ്ങൾ പുറത്തുവന്നതിന്​ പിന്നാലെയാണ്​ മുഖ്യമന്ത്രി ബി.എസ്​ യെദ്യൂരപ്പക്ക്​ മുന്നിൽ രാജി സമർപ്പിച്ചത്​. താൻ നിരപരാധിയാണെന്നും വേഗം അന്വേഷണം നടത്തണമെന്നും രാജിവെക്കുന്നത്​ ധാർമികതയുടെ പുറത്താണെന്നും ജാർക്കിഹോളി യെദ്യൂരപ്പക്ക്​ നൽകിയ കത്തിൽ പറഞ്ഞു. കോൺഗ്രസ് ജെ‍‍ഡിഎസ് സഖ്യസർക്കാരിനെ മറിച്ചിട്ട് ബിജെപിയെ അധികാരത്തിലേറ്റാന്‍ ചുക്കാന്‍ പിടിച്ച നേതാവാണ് ആരോപണമുയർന്ന് ഒരുദിവസത്തിനകം മന്ത്രിസഭയില്‍നിന്നും പുറത്താകുന്നത്. പ്രതിഷേധം ശക്തമായതോടെ ഗത്യന്തരമില്ലാതെയാണ് രമേശ് ജാർക്കിഹോളിയുടെ രാജി. ബിജെപി കേന്ദ്ര നേതൃത്വം രാജിയാവശ്യപ്പെട്ടതാണെന്നും സൂചനയുണ്ട്.

വിഷയത്തില്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബെലഗാവി സ്വദേശിയായ രമേശ് ജാർക്കിഹോളി 2019 ല്‍ കോൺഗ്രസില്‍ നിന്നാണ് ബിജെപിയിലേക്കെത്തുന്നത്. കോൺഗ്രസ് ജെഡിഎസ് സഖ്യസർക്കാരിനെ മറിച്ചിട്ട് ബി എസ് യെദ്യൂരപ്പയെ അധികാരത്തിലേറ്റാന്‍ നിർണായക ചരടുവലികൾ നടത്തിയയാളാണ് മന്ത്രിസഭയില്‍നിന്ന് പുറത്തേക്ക് പോകുന്നത്. മറ്റ് പാർട്ടികളില്‍നിന്നായി 16 എംഎല്‍മാരെ ബിജെപിയിലെത്തിക്കാന്‍ ചർച്ചകൾക്ക് നേതൃത്വം നല്‍കിയത് ജാർക്കിഹോളിയായിരുന്നു.

25 കാരിയായ പെൺകുട്ടിയെ സർക്കാർ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി നിരന്തരം പീഡിപ്പിച്ചെന്ന് കഴിഞ്ഞ ദിവസമാണ് ബെംഗളൂരു പൊലീസില്‍ പരാതിയെത്തിയത്. സാമൂഹ്യ പ്രവർത്തകനായ ദിനേഷ് കലഹള്ളി പരാതിയോടൊപ്പം ഇരുവരുടെയും സ്വകാര്യദൃശ്യങ്ങളും ഫോൺ സംഭാഷണങ്ങളും അടങ്ങിയ സിഡിയും നല്‍കിയിരുന്നു.


Next Story

Related Stories