TopTop

പൗരത്വ നിയമത്തിൽ രജിനികാന്ത് മിണ്ടാത്തതെന്തെന്ന് കാർത്തി; പെരിയാർ പരാമർശത്തില്‍ ബിജെപി കേന്ദ്രങ്ങളിൽ നിന്ന് പിന്തുണ

പൗരത്വ നിയമത്തിൽ രജിനികാന്ത് മിണ്ടാത്തതെന്തെന്ന് കാർത്തി; പെരിയാർ പരാമർശത്തില്‍ ബിജെപി കേന്ദ്രങ്ങളിൽ നിന്ന് പിന്തുണ

തമിഴ്നാട്ടിലെ ദ്രാവിഡ മുന്നേറ്റങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച പെരിയാർ രാമസ്വാമി നായ്ക്കർക്കെതിരെ നടൻ രജിനികാന്ത് നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കൊഴുക്കുന്നു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോയസ് ഗാർനിലെ രജിനികാന്തിന്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. തുഗ്ലക്ക് മാസികയുടെ വാർഷികാഘോഷ ചടങ്ങിലായിരുന്നു രജിനിയുടെ രൂക്ഷമായ പെരിയാർ വിമർശനം.

71ല്‍ പെരിയാര്‍ നടത്തിയ സമരത്തില്‍ സീതയുടെയും രാമന്റെയും നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ചെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പെരിയാർ അടക്കമുള്ള തമിഴ് ജനതയുടെ വിഗ്രഹങ്ങളെ ആക്രമിക്കുന്ന ഹിന്ദുത്വ സംഘടനകൾ ചെയ്യുന്ന അതേ ജോലിയാണ് രജിനിയും ചെയ്യുന്നതെന്ന് വിമർശനമുയർന്നിട്ടുണ്ട്. നരേന്ദ്രമോദിയുടെ കടുത്ത ആരാധകനായിരുന്ന ചോ രാമസ്വാമി സ്ഥാപിച്ചതാണ് തുഗ്ലക് മാസിക. ഈ മാസികയുടെ വാർഷികാഘോഷച്ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അടക്കമുള്ളവര്‍ വേദിയിലിരിക്കെയാണ് രജിനി വിവാദപ്രസ്താവന നടത്തിയത്.

പ്രസ്താവന പിൻവലിച്ച് മാപ്പു പറയാൻ താൻ തയ്യാറല്ലെന്നാണ് രജിനികാന്തിന്റെ നിലപാട്. പെരിയാർ വിഷയത്തിൽ തെറ്റായ ഒരു കാര്യവും താൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമഭേദഗതി വിഷയത്തിൽ യാതൊന്നും ഉരിയാടാതിരുന്ന രജിനികാന്ത് ഇപ്പോൾ പെരിയാറിനെതിരെ രംഗത്തു വന്നതിനെ പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം ചോദ്യം ചെയ്തു. അതെസമയം ബിജെപി കേന്ദ്രങ്ങളിൽ നിന്ന് രജിനിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഈ വിഷയത്തിൽ എല്ലാ പിന്തുണയും നൽകുന്നതായി പ്രസ്താവിച്ചു. രജിനിക്കൊപ്പം കോടതിയിൽ പോകാനും താൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.


Next Story

Related Stories