അമേരിക്കയുടെയും ലോകത്തിന്റെയും ചരിത്രത്തില്‍ സമാനതകളിലാത്ത കാലമാണ് കഴിഞ്ഞ നാല് വര്‍ഷമായി കടന്നു പോയത്. അമേരിക്കയുടെ സ്വന്തക്കാരെ പോലും അസ്വസ്ഥമാക്കുന്ന തീരുമാനങ്ങളാണ് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അന്താരാഷ്ട്ര വാർത്തകളിൽ നിറച്ചത്. അന്താരാഷ്ട്ര കാരാറുകളില്നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള പിന്മാറ്റ തീരുമാനങ്ങള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അടിസ്ഥാന സമീപനം എന്ന് കരുതി പോന്ന, ആഗോളവല്ക്കരണത്തില് നിന്നും സ്വതന്ത്ര വ്യാപാരത്തില്നിന്നുമുള്ള പിന്‍നടത്തങ്ങള്‍, ശാസ്ത്ര വിരുദ്ധ സമീപനങ്ങള്‍ എന്നിങ്ങനെ സ്ഥിരതയില്ലാത്തതും ചിലപ്പോള്‍ അമ്പരപ്പിക്കുന്നതുമായ നയങ്ങളുടെ നാല് വര്‍ഷമായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെത്. നാല് വര്‍ഷത്തിന് ശേഷം വീണ്ടും ഡെമോക്രാറ്റിക് പാര്‍ട്ടി അധികാരത്തില്‍ എത്തുമ്പോള്‍ ഇതിലൊക്കെ എന്ത് മാറ്റങ്ങള്‍ എത്രത്തോളം വേഗം നടപ്പിലാകും എന്നാണ് ലോകം ഉറ്റുനോക്കുന്നത്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പാരീസ് കരാറിലേക്ക് അമേരിക്ക തിരിച്ചുവരുമോ? ബരാക് ഒബാമയുടെ കാലത്ത് ഒപ്പുവെച്ച ഇറാന് ആണവ കരാറിന്റെ ഭാഗമാകാന്‍ ഒരിക്കല്‍ കൂടി അമേരിക്ക തയ്യാറാകുമോ? ചൈനീസ് പക്ഷപാതം ആരോപിച്ച് ട്രംപ് ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറാനെടുത്ത തീരുമാനം ജോ ബൈഡന് തിരുത്തുമോ? ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന്റെ നാളുകള്‍ കഴിഞ്ഞ് ഇനി ആഗോളവല്‍ക്കരണത്തിന്റെ പൊതു യുക്തിയിലേക്ക് അമേരിക്ക വീണ്ടും ചലിച്ചു തുടങ്ങുമോ? ഇന്ത്യ-അമേരിക്കന്‍ ബന്ധത്തില്‍ എന്തെങ്കിലും സംഭവിക്കുമോ? ബൈഡനും കമല ഹാരിസും അമേരിക്കന്‍ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ ഉയരുന്ന ചോദ്യം ഇതൊക്കെയാണ്.
ട്രംപ് പരാജയപ്പെടുമ്പോള്‍ സന്തോഷിക്കുന്ന പല ലോക നേതാക്കളും ഉണ്ടാകും. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ആള് ചൈനീസ് നേതാവ് ഷീ ജിന്‍പിങ് ആയിരിക്കുമെന്ന് കരുതുന്നവരുണ്ട്. കാരണം ട്രംപിന്റെ അവസാനകാലത്തെ ശ്രദ്ധമുഴുവന്‍ ചൈനയ്ക്കെതിരെയായിരുന്നു. സ്വതന്ത്ര്യ വ്യാപാരത്തിന്റെ നിയമങ്ങള്‍ എല്ലാം അപ്രസക്തമാക്കി അമേരിക്കയും ചൈനയും പരസ്പരം ഇറക്കുമതി തീരുവകള്‍ വര്‍ധിപ്പിച്ചു. ചൈനയുടെ സാമ്പത്തിക ശക്തിയെ പൂര്‍ണമായും നിയന്ത്രണത്തിലാക്കാന്‍ അതാണ് വഴിയെന്നായിരുന്നു ട്രംപിന്റെ കണക്കുകൂട്ടല്‍. ചൈനയും തിരിച്ചടിച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ വ്യാപാര യുദ്ധത്തിലേക്ക് ലോകം നീങ്ങി. അതിരുകളില്ലാത്ത സ്വതന്ത്ര വ്യാപാരത്തെക്കുറിച്ചുള്ള ആഗോളവല്‍ക്കരണ വാഗ്ദാനങ്ങള്‍ അമേരിക്ക തന്നെ ഇല്ലാതാക്കി എന്നും മാധ്യമങ്ങള്‍ എഴുതി. ചൈനീസ് ആപ്പുകള്‍ പോലും അമേരിക്കയില്‍ നിരോധിക്കപ്പെട്ടു.
ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പരാജയം ചൈനീസ്-അമേരിക്കന്‍ ബന്ധത്തില്‍ എന്ത് മാറ്റമാണുണ്ടാക്കുകയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നത്. ട്രംപിന്റെ തോല്‍വിയില്‍ സന്തോഷിക്കുന്ന ലോകത്തെ ഏറ്റവും പ്രമുഖ നേതാവായിരിക്കുമോ ഷീ ജിന്‍പിങ്?
ലോകം ശീതയുദ്ധത്തിലേക്ക് വീണ്ടും നടക്കുകയാണെന്നും അതിനൊരു പക്ഷത്ത് ചൈനയാണെന്നമുള്ള തോന്നലുണ്ടാക്കിയത് ട്രംപിന്റെ നിലാപടുകളാണെന്ന് അദ്ദേഹത്തിന്റെ വിമര്‍ശകര്‍ പറയുന്നു. അമേരിക്കയുടെ ലോക നേതൃപദവി നഷ്ടപെടാൻ കാരണം ട്രംപാണെന്നും വിമർശനം ഉണ്ടായി. ചൈനയുടെ സാമ്പത്തിക സമീപനങ്ങളെ നേരിടുന്ന കാര്യത്തില്‍ അമേരിക്കയിലെ റിപ്പബ്ലിക്കന്‍- ഡെമോക്രാറ്റുകളുടെ ഇടയിൽ ഏകാഭിപ്രായം ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ചൈനയുമായുള്ള സാമ്പത്തിക സമീപനത്തിന്റെ കാര്യത്തില്‍ അടിസ്ഥാന സമീപനം അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന് കരുതുന്നവരാണേറെയും. എന്നാല്‍ ഇക്കാര്യത്തില്‍ ട്രംപ് സ്വീകരിച്ച ഏകപക്ഷീയ സമീപനമായിരിക്കില്ല, മറിച്ച് പരമ്പാരഗത സഖ്യകക്ഷികളുമായി ചേര്‍ന്ന് ചൈനയുടെ സമീപനങ്ങളെ ചെറുക്കുന്ന സമീപനങ്ങളായിരിക്കും ബൈഡന് ഭരണകൂടം സ്വീകരിക്കുകയെന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ട്രംപിന്റെ തോല്‍വി എന്നത് ചൈനയെ സംബന്ധിച്ച് ആഹ്ലാദിക്കാന്‍ ഉള്ള വകയല്ല, മറിച്ച് കൂടുതല്‍ സമഗ്രമായ ഒരു ഏറ്റുമുട്ടലിന്റെ ദിനങ്ങളുടെ തുടക്കം കൂടിയായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതേസമയം തന്ത്രപരമായ സഹകരണത്തിന്റെ സാധ്യതകള്‍ കൂടി ചൈനയുമായി വളര്‍ത്തിയെടുത്ത് അമേരിക്കയെ ലോക നേതൃപദവിയിലേക്ക് തിരിച്ചെത്തിക്കുകയെന്നതാവും ബൈഡന്റെ ശ്രമമെന്നും വിലയിരുത്തുന്നവരുണ്ട്.
അതുകൊണ്ട് തന്നെ ട്രംപിന്റെ പരാജയത്തില്‍ പൂര്‍ണമായി സന്തോഷിക്കുന്ന നേതാവായിരിക്കില്ല ഷീ ജിന്‍പിങ് എന്ന് ചില വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത്.
ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആളാണ് അമേരിക്കയില്‍ തോറ്റത്; പിന്നീട് ഇക്കാര്യം നിഷേധിച്ചെങ്കിലും. കഴിഞ്ഞ ഇരുപതു വര്‍ഷത്തിലേറെക്കാലമായി ഇന്ത്യ-അമേരിക്കന്‍ ബന്ധത്തില്‍ ഉണ്ടായ പുരോഗതി മെച്ചപ്പെട്ട കാലം കൂടിയായിരുന്നു ട്രംപിന്റെ ഭരണകാലം. ഇന്ത്യ കാശ്മീരിന്റെ കാര്യത്തിലും അതുപോലെ, പൗരത്വത്തിന്റെ കാര്യത്തിലും എടുത്ത നയമാറ്റങ്ങളില്‍ പോലും കാര്യമായി വിമര്‍ശനങ്ങള്‍ ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. എന്നാല്‍ ബൈഡന്റെയും കമലാ ഹാരിസ്സിന്റെയും സമീപനം അത്തരത്തിലായിരിക്കില്ലെന്നതിന്റെ സൂചനകള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചാരണ വെബ്സൈറ്റുകളില്‍ കാശ്മീരികളുടെ അവകാശം പുനഃസ്ഥാപിക്കുമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനവും അവരുടെ നിലപാടായി തന്നെ പ്രഖ്യപിക്കപ്പെട്ടതാണ്. കാശ്മീരിനെ സംബന്ധിച്ച ഇന്ത്യൻ നിലപാടിനെ വിമർശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഇന്ത്യന്‍ വംശജയായ സെനറ്റര്‍ പ്രമീള ജയ്പാലിനെ കാണാന്‍ വിസമ്മതിച്ചതിന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്/ ജയശങ്കറിനെ കമലാ ഹാരിസ് വിമര്‍ശിച്ചത് കഴിഞ്ഞവര്‍ഷം വലിയ വാര്‍ത്തയായിരുന്നു. ഏതൊക്കെ അംഗങ്ങളെ കാണാമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിനോട് ഒരു വിദേശ രാജ്യം കല്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു അന്ന് ജയശങ്കറെ വിമര്‍ശിച്ചുകൊണ്ട് കമലാ ഹാരിസ് പറഞ്ഞത്. മനുഷ്യാവകാശ വിഷയങ്ങളില്‍ പരമ്പാരാഗത നിലപാടുകള്‍ അമേരിക്കന്‍ ഭരണകൂടം തുടര്‍ന്നാല്‍ അത് ഇന്ത്യയെ സംബന്ധിച്ച് അത്ര നല്ലതായിരിക്കില്ലെന്നാണ് ഈ സംഭവം നല്കുന്ന സൂചന.
അതേസമയം മേഖലയിലെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇന്ത്യയുമായി മെച്ചപ്പെട്ട ഇടപെടലിന് ബൈഡന് ഭരണകൂടം ശ്രമിക്കുമെന്ന കാര്യവും ഉറപ്പാണ്.