TopTop
Begin typing your search above and press return to search.

ലക്ഷദ്വീപില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി അഡ്മിനിസ്‌ട്രേഷന്‍; എയര്‍ ആംബുലന്‍സിന് പ്രത്യേക സമിതിയുടെ അനുമതി വേണം

ലക്ഷദ്വീപില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി അഡ്മിനിസ്‌ട്രേഷന്‍; എയര്‍ ആംബുലന്‍സിന് പ്രത്യേക സമിതിയുടെ അനുമതി വേണം

ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധം രൂക്ഷമാകുമ്പോഴും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍. ദ്വീപിലെ എയര്‍ ആംബുലന്‍സ് സംവിധാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് പുതിയ ഉത്തരവ്. വിദഗ്ധ ചികിത്സയ്ക്കായി രോഗികളെ എയര്‍ ആംബുലന്‍സില്‍ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചുകൊണ്ട് 24നാണ് ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

മെഡിക്കല്‍ ഡയറക്ടര്‍ ഉള്‍പ്പെടുന്ന നാലംഗ സമിതിയാണ് എയര്‍ ആംബുലന്‍സ് സൗകര്യത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഇനിമുതല്‍ തീരുമാനമെടുക്കുക. അനുമതി ലഭിച്ചാല്‍ രോഗികള്‍ക്ക് ആംബുലന്‍സ് സേവനം ലഭിക്കും. അല്ലാത്തപക്ഷം രോഗികളെ കപ്പല്‍ മാര്‍ഗം ചികിത്സക്കായി കൊണ്ടുപോകേണ്ടിവരും.

വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളെ കവരത്തി, അഗത്തി അല്ലെങ്കില്‍ കൊച്ചിയില്‍ എത്തിക്കുന്നതിനാാണ് എയര്‍ ആംബുലന്‍സ് സൗകര്യം പ്രയോജനപ്പെടുത്തുന്നത്. നേരത്തെ അതത് ദ്വീപുകളിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് എയര്‍ ആംബുലന്‍സിന് അനുമതി നല്‍കാന്‍ സാധിക്കുമായിരുന്നു. പുതിയ ഉത്തരവ് ദ്വീപിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് ദ്വീപ്‌നിവാസികളുടെ അഭിപ്രായം. വിദഗ്ധ ചികിത്സക്കായി രോഗികളെ കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിക്കുന്നതിന് രണ്ട് ദിവസം വേണ്ടിവരും. അത് ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കുമെന്നും ദ്വീപ് നിവാസികള്‍ പറയുന്നു.

വിവിധ വകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ കണ്ടെത്താന്‍ ആവശ്യപ്പെടുന്ന ഉത്തരവും അഡ്മിനിസ്‌ട്രേഷന്‍ ഇറക്കിയിട്ടുണ്ട്. ഇത്തരം ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടായേക്കും. വിവിധ വകുപ്പുകളിലെ കരാര്‍ ജീവനക്കാരായ ദ്വീപുകാരെ പിരിച്ചുവിട്ടതില്‍ വലിയ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ തീരുമാനം.


Next Story

Related Stories