TopTop
Begin typing your search above and press return to search.

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടും; പ്രതിഷേധങ്ങള്‍ക്കിടെ അശോക സര്‍വകലാശാലയില്‍ ഓംബുഡ്‌സ്മാനെ നിയമിക്കുന്നു

അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടും; പ്രതിഷേധങ്ങള്‍ക്കിടെ അശോക സര്‍വകലാശാലയില്‍ ഓംബുഡ്‌സ്മാനെ നിയമിക്കുന്നു

ഒന്നിനുപിറകെ ഒന്നായി രണ്ട് പ്രഗത്ഭരായ അധ്യാപകരാണ് ഹരിയാനയിലെ അശോക സര്‍വകലാശാലയില്‍നിന്ന് രാജിവെച്ചത്. അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നതുപോലും സര്‍വകലാശാലയില്‍ തെറ്റാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് പൊളിറ്റിക്കല്‍ സയന്റിസ്റ്റായ പ്രതാപ് ഭാനു മേത്തയും സാമ്പത്തിക ശാസ്ത്രജ്ഞനായ അരവിന്ദ് സുബ്രഹ്‌മണ്യവും അവിടെ നിന്നിറങ്ങിയത്. തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി, കടുത്ത പരാമര്‍ശങ്ങള്‍ അടങ്ങിയ കത്തും അവര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ചു. ഫാക്കല്‍റ്റി അംഗത്വംപോലും ഉപേക്ഷിച്ച് ഇരുവരും പടിയിറങ്ങിയതോടെ വിദ്യാര്‍ഥികളും അധ്യാപകരും പ്രതിഷേധത്തിലാണ്. ബാഹ്യ സമ്മര്‍ദങ്ങളാണ് പ്രതാപ് ഭാനു മേത്തയുടെ രാജിക്ക് കാരണമെന്നാണ് അവരുടെ ആരോപണം. സ്വകാര്യ സര്‍വകലാശാലയാണെങ്കിലും, പ്രതിഷേധങ്ങളുടെ വേലിയേറ്റത്തെ പ്രതിരോധിക്കാനാവാതെ കുഴയുകയാണ് അധികൃതരും സ്ഥാപകരും. സ്വാതന്ത്ര്യം സമഗ്രവും അമൂല്യവുമാണെന്ന് പ്രസ്താവിച്ച് ഓംബുഡ്‌സ്മാനെ നിയമിച്ച് പ്രതിഷേധത്തെ തണുപ്പിക്കാനുള്ള നീക്കത്തിലാണ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്.

മെയ് 31നകം ഓംബുഡ്‌സ്മാനെ നിയമിക്കുമെന്നാണ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഉള്‍പ്പെടെ സ്വാതന്ത്ര്യം ജീവിതത്തിന്റെ തന്നെ അവിഭാജ്യ ഘടകമാണ്. അറിവിലൂടെയും പഠനത്തിലൂടെയും ജീവിതത്തെ സമ്പന്നമാക്കാന്‍ ശ്രമിക്കുന്ന സര്‍വകലാശാലകളെപ്പോലെയുള്ള സ്ഥാപനങ്ങള്‍ സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സ്വഭാവിക ഇടങ്ങളാണ്. ലിബറല്‍ ആര്‍ട്‌സ് സര്‍വകലാശാലയായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന അശോക സര്‍വകലാശാല അഭിപ്രായ സ്വാതന്ത്ര്യത്തെ അതിന്റെ ധര്‍മചിന്തയോടെ ഉള്‍ക്കൊള്ളുന്നു. ഫാക്കല്‍റ്റികള്‍ക്കുള്ള അവകാശവും ഉത്തരവാദിത്തവും അവരുടെ കൈപ്പുസ്തകത്തിലും മാര്‍ഗനിര്‍ദേശത്തിലും പ്രസ്താവിച്ചിട്ടുണ്ട്.

എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ സര്‍വകലാശാലയുടെ കാഴ്ചപ്പാടും പ്രവര്‍ത്തനവും സംബന്ധിച്ച അടിസ്ഥാന തത്വങ്ങളുടെ ചില വശങ്ങള്‍ വീണ്ടും സ്ഥിരീകരിക്കുകയും വിശദീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ട്. സര്‍വകലാശാലയുടെ സ്ഥാപകര്‍ അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും സര്‍വകലാശാലയുടെ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കാനുമുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് കരുതുന്നു. അതിനാല്‍ ചില പ്രട്ടോക്കോളുകളും പ്രക്രിയകളും അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ട്.

വിമര്‍ശനാത്മകമായി ചിന്തിക്കാനും ചോദ്യം ചെയ്യാനും സംശയിക്കാനും പഠിപ്പിക്കുന്നവരാണ് അശോകയിലെ വിദ്യാര്‍ഥികള്‍. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും തീരുമാനമെടുക്കുന്ന വിവിധ സ്ഥാപനങ്ങള്‍ തങ്ങളെ കേള്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവര്‍ക്ക് ആശങ്കകളുണ്ട്. സര്‍വകലാശാല സ്ഥാപകര്‍ക്ക് അക്കാര്യം ബോധ്യമുണ്ട്. സര്‍വകലാശാലയുടെ സ്വയംഭരണാധികാരവും അക്കാദമിക് പ്രവര്‍ത്തനങ്ങളും സംബന്ധിച്ച ആഴമായ പ്രതിബദ്ധതയും ആദരവും വീണ്ടെടുക്കാനും ആഗ്രഹിക്കുന്നു. അതിനാല്‍, നേരത്തെ തീരുമാനിച്ചതുപോലെ 2021 മെയ് 31നകം ഓംബുഡ്‌സ്മാനെ നിയമിക്കുന്നതിനെ സ്ഥാപകര്‍ പിന്തുണയ്ക്കുന്നു -ആശിഷ് ധവാന്‍, പ്രമത് രാജ് സിന്‍ഹ, സഞ്ജീവ് ബിഖ്ചന്ദാനി, വിനീത് ഗുപ്ത എന്നിവര്‍ പ്രസ്താവനയില്‍ പറയുന്നു.

'സര്‍വകലാശാലയിലെ ജോലി ഒരു രാഷ്ട്രീയ ബാധ്യത'

മാര്‍ച്ച് 16നാണ് മുന്‍പ് വൈസ് ചാന്‍സലറായിരുന്ന പ്രതാപ് ഭാനു മേത്ത സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സ്ഥാനം രാജിവെക്കുന്നത്. സര്‍വകലാശാലയിലെ ജോലി 'ഒരു രാഷ്ട്രീയ ബാധ്യതയായി' കണക്കാക്കണം എന്ന തരത്തില്‍ മുകളില്‍നിന്നും കടുത്ത നിര്‍ദേശങ്ങള്‍ വന്നതുകൊണ്ടാണ് രാജിയെന്ന് തുറന്നുപറഞ്ഞാണ് അദ്ദേഹം പുറത്തേക്കിറങ്ങിയത്. എഴുത്തുകാരന്‍ എന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലയുടെ അന്തസിന് നിരക്കുന്നതല്ലെന്ന പരാമര്‍ശങ്ങള്‍ മേലധികൃതരില്‍നിന്നുണ്ടായി. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്കും തുല്യ ബഹുമാനത്തിനുമായി നിലകൊള്ളുന്നതായിരുന്നു തന്റെ രാഷ്ട്രീയവും എഴുത്തുകളും. എന്നാല്‍, അങ്ങനെ ആഗ്രഹിക്കുന്നത് സര്‍വകലാശാലയുടെ അന്തസിന് കളങ്കം വരുത്തുമെന്നാണ് ഉന്നതാധികാരികള്‍ പറഞ്ഞത് എന്നായിരുന്നു വൈസ് ചാന്‍സലര്‍ക്ക് അയച്ച രാജിക്കത്തില്‍ മേത്ത എഴുതിയത്.


(പ്രതാപ് ഭാനു മേത്ത, അരവിന്ദ് സുബ്രഹ്‌മണ്യം)

മേത്തയുടെ രാജി തീരുമാനത്തിനു പിന്നാലെയാണ് സാമ്പത്തിക ശാസ്ത്രജ്ഞനും, കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ അശോകയിലെ പ്രൊഫസറുമായ അരവിന്ദ് സുബ്രഹ്‌മണ്യം സര്‍വകലാശാല വിടുന്നത്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നായിരുന്നിട്ടും, പ്രവര്‍ത്തന ഫണ്ട് സ്വതന്ത്രമായിരുന്നിട്ടും, അക്കാദമിക രംഗത്തെ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കാവുന്ന ഒരു അന്തരീക്ഷം കാമ്പസില്‍ നിലനില്‍ക്കുന്നില്ലെന്ന മനസിന് ഉലച്ചില്‍ ഉണ്ടാക്കുന്ന തിരിച്ചറിവാണ് രാജിക്ക് കാരണമെന്നാണ് അരവിന്ദ് സുബ്രഹ്‌മണ്യം രാജിക്കത്തില്‍ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പദവി ഉപേക്ഷിച്ചാണ് അരവിന്ദ് സുബ്രഹ്‌മണ്യം അശോകയിലെത്തിയത്.

അശോകയ്ക്ക് അക്കാദമിക സമൂഹത്തിന്റെ വിമര്‍ശനം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനങ്ങള്‍ക്കുപിന്നാലെ അക്കാദമിക സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നുവെന്ന ആരോപണമാണ് സര്‍വകലാശാലക്കുനേരെ ഉയര്‍ന്നത്. എന്നാല്‍ അധ്യാപകരുടെ അക്കാദമിക സ്വാതന്ത്ര്യത്തില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അധികൃതര്‍, ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അറിയിച്ചു. സ്ഥാനപരമായുള്ള ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നുണ്ടെന്നും സര്‍വകലാശാല അറിയിച്ചു. അധ്യാപകരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും ഇരുവരും തയ്യാറായില്ല.

എന്നാല്‍, വ്യവസ്ഥിതിയെ ചോദ്യം ചെയ്യണമെന്നും ഒന്നിനെയും കണ്ണടച്ച് വിശ്വസിക്കരുതെന്നും പഠിപ്പിച്ച അധ്യാപകരുടെ പടിയിറക്കം വെറുതെയല്ലെന്ന ഉറപ്പ് വിദ്യാര്‍ഥികള്‍ക്കുണ്ടായിരുന്നു. യോജിക്കാനാകാത്ത പലതും സര്‍വകലാശാലയില്‍ നടക്കുന്നുണ്ടെന്ന സൂചനകള്‍ അധ്യാപകര്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം അണപൊട്ടിയത്. പിന്തുണയുമായി സര്‍വകലാശാലയിലെ അധ്യാപകരും രംഗത്തെത്തുകയായിരുന്നു. അക്കാദമിക ബുദ്ധിജീവികളും പൊതുസമൂഹവും പ്രതാപ് ഭാനു മേത്തക്കും അരവിന്ദ് സുബ്രഹ്‌മണ്യത്തിനുമൊപ്പം നിന്നു. ഹാര്‍വാഡ്, ഓക്‌സ്ഫഡ്, ബ്രോണ്‍, മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്, കൊളംബിയ, യേല്‍, പ്രിന്‍സ്ടണ്‍ തുടങ്ങിയ സര്‍വകലാശാലകളില്‍നിന്നുള്ള പ്രശസ്തര്‍ അശോക സര്‍വകലാശാലയുടെ നീക്കത്തെ നിശിതമായി വിമര്‍ശിച്ച് പ്രസ്താവനയിറക്കി. സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം മഹത്തായ സര്‍വകലാശാലകളുടെ ആത്മാവാണ്. അത് നിഷേധിക്കപ്പെട്ടെന്നായിരുന്നു ഇരുവരുടെയും രാജിയെക്കുറിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ സമൂഹമാധ്യമത്തില്‍ അഭിപ്രായപ്പെട്ടത്.


Next Story

Related Stories