TopTop
Begin typing your search above and press return to search.

'സുഖം തേടി എത്തുന്നവരു'മില്ല, ഏജന്റുമാരുമില്ല, നടത്തിപ്പുകാരുമില്ല; ലോക്ഡൗണിനെ തുടര്‍ന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഡല്‍ഹിയിലെ ലൈംഗിക തൊഴിലാളികള്‍

സുഖം തേടി എത്തുന്നവരുമില്ല, ഏജന്റുമാരുമില്ല, നടത്തിപ്പുകാരുമില്ല; ലോക്ഡൗണിനെ തുടര്‍ന്ന് എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഡല്‍ഹിയിലെ ലൈംഗിക തൊഴിലാളികള്‍

"നിങ്ങള്‍ വന്ന് ഞങ്ങളുടെ കഥ എഴുതിപ്പോയിട്ട് ഞങ്ങള്‍ക്കെന്ത് ഗുണം... ഇവിടെ പട്ടിണിയാണ്...", ഡല്‍ഹിയിലെ 'ചുവന്ന തെരുവി'ലെ ബ്രോതലുകളില്‍ ഒന്നിന്റെ വാതിലിനപ്പുറത്ത് നിന്ന് കഴിഞ്ഞ ദിവസം കേള്‍ക്കേണ്ടി വന്ന വാക്കുകളാണിത്. ഡല്‍ഹിയിലെ അജ്മീരി ഗേറ്റ് മുതല്‍ ലാഹോരി ഗേറ്റ് പരിസരം വരെ നീണ്ടു കിടക്കുന്ന സ്വാമി ശ്രദ്ധാനന്ദ് മാര്‍ഗിലാണ് ഡല്‍ഹിയിലെ റെഡ് ലൈറ്റ് തെരുവ് സ്ഥിതി ചെയ്യുന്നത്. 1966-ലാണ് മഹാത്മാ മുന്‍ഷി രാം വിജ് എന്ന സ്വാമി ശ്രദ്ധാനന്ദിന്റെ പേര് ഈ തെരുവിന് നല്‍കിയതെങ്കിലും ഇന്നും ഈ റോഡ് അതിന്റെ പഴയ പേരായ ജി.ബി റോഡ് (Garstin Bastion Road) എന്നാണ് അറിയപ്പെടുന്നത്.

മുഗള്‍ ഭരണകാലം മുതലുള്ള ചരിത്രമാണ് ഈ പ്രദേശത്തിനുള്ളത്. അക്കാലത്ത് ഡല്‍ഹിയില്‍ അഞ്ചോളം കോത്തകള്‍ (ചുവന്ന തെരുവുകള്‍) ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. പിന്നീട്, ബ്രിട്ടീഷ് ഭരണകാലത്താണ് ഡല്‍ഹിയിലെ എല്ലാ കോത്തകളും ഒരു പ്രദേശത്തായി ഏകീകരിച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഗാര്‍സ്റ്റിന്‍ ബാസ്റ്റിനാണ് ഇതിന് മുന്‍കൈയ്യെടുത്തത്. ആ പ്രദേശത്തിന് പിന്നീട് അദ്ദേഹത്തിന്റെ പേര് നല്‍കുകയും ചെയ്തു.

യന്ത്രങ്ങള്‍, ഓട്ടോമൊബൈല്‍ പാര്‍ട്‌സുകള്‍, ഹാര്‍ഡ് വെയര്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് പ്രസിദ്ധമാണ് ഈ റോഡ്. ദേശീയ തലസ്ഥാന മേഖലയില്‍ ഒട്ടോമൊബൈല്‍ പാര്‍ടുസുകളുടെ ഏറ്റവും വലിയ വിപണിയാണിത്. വാണിജ്യ മേഖലയായതിനാല്‍ പകല്‍ സമയത്ത് ജനങ്ങളും വാഹനങ്ങളും കൊണ്ട് ഏറെ തിരക്കേറിയ പ്രദേശം. പാര്‍ലമെന്റ് കെട്ടിടം സ്ഥിതി ചെയ്യുന്ന കേന്ദ്ര ഡല്‍ഹിയില്‍ നിന്ന് കേവലം നാല് കിലോമീറ്റര്‍ അകലെയാണ് ജി.ബി റോഡ്.

റോഡിന്റെ വശങ്ങളിലുള്ള കെട്ടിടങ്ങളുടെ ഭൂനിരപ്പിലുള്ള നിലകള്‍ അധികവും വിവിധതരം യന്ത്രങ്ങളും വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും വില്‍ക്കുന്ന കടകളാണ്. ഇവയുടെ രണ്ടും മൂന്നും നിലകളിലാണ് ലൈംഗിക തൊഴിലാളികള്‍ താമസിക്കുന്നത്

ഇപ്പോള്‍ ഇവിടെ നൂറോളം വേശ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 4000-ത്തോളം ലൈംഗിക തൊഴിലാളികളാണ് ഇവിടെ നിന്ന് ഉപജീവനം കണ്ടെത്തിയിരുന്നത്. രാത്രിയോടെ, താഴത്തെ നിലയിലുള്ള കടകള്‍ അടച്ചാല്‍ ഇവിടുത്തെ രാത്രികള്‍ സജീവമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആവശ്യക്കാര്‍ വരുന്നില്ല. രാത്രികളില്‍ സജീവമായിരുന്ന ഈ ഇടനാഴികള്‍ ഇപ്പോള്‍ ഏറെ നിശബ്ദമാണ്. ഇരുണ്ട വെളിച്ചങ്ങളും അണഞ്ഞിരിക്കുന്നു. ഇവിടെ സ്ഥിര താമസമുള്ള ചില മുറികളില്‍ മാത്രമാണ് ഇപ്പോള്‍ ആള്‍പ്പെരുമാറ്റമുള്ളത്. ലോക്ഡൗണിനു ശേഷവും 2000-ത്തിലേറെപ്പേര്‍ ഇവിടെ ജീവിക്കുന്നു, കാരണം, പോകാന്‍ പലര്‍ക്കും മറ്റു സ്ഥലങ്ങളില്ല.

ലോക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആദ്യം പൂട്ടുവീണ പ്രദേശങ്ങളില്‍ ഒന്നുകൂടിയാണ് ജി.ബി റോഡ്. കൊറോണ വൈറസിന്റെ വ്യാപനത്തോടെ ലൈംഗിക തൊഴിലാളികളുടെ ജീവിതമാണ് ഏറെ ദുഷ്‌കരമായിരിക്കുന്നത്. " അവര്‍ക്ക് ഇപ്പോള്‍ ഭയങ്കര കഷ്ടപ്പാടാണ്, ആരെങ്കിലും ചെന്ന് അവരുടെ ജീവിതത്തെ കുറിച്ച് എഴുതുക എന്നത് വളരെ പ്രധാനമാണ്", എന്നായിരുന്നു ഇവര്‍ക്കിടയില്‍ സന്നദ്ധ സേവനം നടത്തുന്ന അഭിഭാഷകയായ സോഫിയില്‍ നിന്ന് വിവരങ്ങള്‍ തേടി വിളിച്ചപ്പോള്‍ കിട്ടിയ മറുപടി.

ഈ തൊഴിലാളികള്‍ക്കിടയില്‍ ആകെ പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രധാന പ്രവര്‍ത്തനം ഇവര്‍ക്കിടയില്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുക എന്നത് മാത്രമാണെന്ന് അവര്‍ പറയുന്നു. ഇവിടെ എത്തി അവരെ ഏതെങ്കിലും വിധത്തില്‍ സഹായിക്കുക എന്നത് ഏറെ ദുഷ്‌കരമാണ്. ഇടനിലക്കാരായ ഗുണ്ടകളെ മറികടന്ന് ഇവിടെ ഒരു സേവന പ്രവര്‍ത്തനവും സാധ്യമല്ലെന്നും അവര്‍ പറയുന്നു.

കോവിഡ്-19ന്റെ വ്യാപനവും രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ, ഇവിടെ ജീവിതമാര്‍ഗ്ഗമില്ലാതായ പലരും മറ്റു വഴികള്‍ തേടി ഇറങ്ങി. "അവര്‍ ജീവിക്കാന്‍ വേണ്ടി ഒരു ജോലി ചെയ്യുകയാണ്. അതിന് പൊതുസമൂഹത്തിന്റെ സ്വീകാര്യത ഇല്ല എന്നത് അവരുടെ പ്രശ്‌നമല്ല. സമൂഹത്തിന്റെ താഴേക്കിടയിലുള്ള ജനങ്ങളാണ് ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നത്. രണ്ടു തരത്തിലാണ് ആളുകള്‍ ഇത്തരം സ്ഥലങ്ങളില്‍ എത്തിപ്പെടുന്ന്, ഒന്നാമതായി ചതിയില്‍പ്പെട്ട് എത്തിപ്പെടുന്നവരാണ്. മറ്റൊന്ന് പല തൊഴിലുകളും ചെയ്ത് പരാജയപ്പെട്ടവരാണ് ഈ തൊഴില്‍ തെരഞ്ഞെടുക്കുന്നത്. ഒരു ലൈംഗിക പങ്കാളിയെ ലഭിക്കുമെന്ന് കരുതി ഇത്തരം കേന്ദ്രങ്ങളില്‍ എത്തിപ്പെടുന്നവരും വിരളമല്ല" എന്ന് സോഫി പറയുന്നു.

ഓരോ സ്ത്രീയും ഒരു ദിവസം 30-ല്‍ കൂടുതല്‍ പുരുഷന്മാരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണ് ഡല്‍ഹി വനിത കമ്മീഷന്റെ കണക്ക്. പ്രായപൂര്‍ത്തിയാകാത്തവരെ വരെ ഇവിടേക്ക് എത്തിക്കുന്നുണ്ടെന്നാണ് കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പറയുന്നത്. നിരപരാധികളായ സ്ത്രീകളെയും പെണ്‍കുട്ടികളെയും വെച്ച് കോടിക്കണക്കിന് രൂപയുടെ മാംസക്കച്ചവടം നടത്തുന്നത് രാഷ്ട്രീയക്കാരുടെയും അധികാരികളുടെയും സജീവമായ അനുമതിയോട് കൂടിയാണെന്നും അവര്‍ പറയുന്നു. ഇവരുടെ പിന്തുണയില്ലാതെ ഈ കച്ചവടത്തിന് ഡല്‍ഹിയില്‍ അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയില്ലെന്നാണ് കമ്മീഷന്‍ വിശ്വസിക്കുന്നതെന്നും തങ്ങള്‍ ഇത് അന്വേഷിക്കുന്നുണ്ടെന്നുമാണ് അവര്‍ പറഞ്ഞത്.

ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം ജി.ബി റോഡിലെ ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും നടപടിയൊന്നും ഇതുവരെ കാര്യമായി ഉണ്ടായിട്ടില്ല. അതിനൊപ്പം, ഈ വേശ്യാലയങ്ങളിലേക്ക് ആളുകളെ എത്തിക്കുന്ന ഇടനിലക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ ഗൗരവമുള്ള പ്രശ്‌നമാണെന്ന് ഈ മേഖലയില്‍ സന്നദ്ധ സേവനങ്ങള്‍ നടത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. പണം കൊടുത്ത് ലൈഗികത ആസ്വദിക്കാനെത്തുന്നവരെ കൊള്ളയടിക്കുന്നതവും ഉപദ്രവിക്കുന്നതും കൂട്ടികൊടുപ്പുകാര്‍ തന്നെ തുടങ്ങിയത് ഈ പ്രദേശം സുരക്ഷിതമല്ലാതാക്കിയിട്ടുണ്ട് എന്നാണ് അവര്‍ പറയുന്നത്.

21 ദിവസം ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ലൈംഗിക തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനോ അവര്‍ക്ക് ഭക്ഷണവും മറ്റ് അടിസ്ഥാന ആവശ്യങ്ങളും ഉറപ്പക്കുന്നതിനോ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല. ഇവരെ ലക്ഷ്യമിട്ട് പ്രത്യേക പാക്കേജുകളും ഇല്ല. പോലീസുകാര്‍ ഒരു വിധത്തിലും തങ്ങളെ സഹായിക്കുന്നില്ല എന്ന് ഇവര്‍ ഇന്ത്യാ ടുഡെയോട് പറയുന്നു. "വളരെ കുറച്ച് പൈസ മാത്രമാണ് കൈയിലുള്ളത്. എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിക്കാന്‍ പുറത്തു പോകാന്‍ പോലും പോലീസ് അനുവദിക്കുന്നില്ല. പലര്‍ക്കും അസുഖങ്ങള്‍ ഉണ്ട്. മാസ്ക് ധരിക്കുന്നത് പോയിട്ട് ഡോക്ടറെ കാണാന്‍ പോലും സാഹചര്യമില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇതിനെക്കുറിച്ച് എന്തെങ്കിലും പറയാനോ ഒന്നും ആരും തയാറായില്ല. ഇതൊക്കെ നടത്തുന്ന ഉടമസ്ഥരും ഒന്നും പറയാതെ സ്ഥലം വിട്ടു", അവര്‍ പറയുന്നു.

Also Read:

'പരമാവധി കിട്ടുന്നത് 2500 രൂപയാണ്, ഒരു സീസണ്‍ കൊണ്ടുവേണം ഒരു വര്‍ഷം ജീവിക്കാന്‍, അതിനിടെയാണ് അപ്രതീക്ഷിത കഥാപാത്രം പോലെ കൊറോണ'; ദുരിതക്കയത്തിലായ നാടക മേഖല

Next Story

Related Stories