Top

വ്യോമസേനയുടെ വിമാനങ്ങളുടെ കുറവ് റാഫേല്‍ പരിഹരിക്കുമോ?

വ്യോമസേനയുടെ വിമാനങ്ങളുടെ കുറവ് റാഫേല്‍ പരിഹരിക്കുമോ?

പുതിയ യുദ്ധ വിമാനങ്ങള്‍ക്കായുള്ള ഗ്ലോബല്‍ ബിഡ്ഡിംഗിന് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആദ്യ വിമാനം ലഭിച്ചിരിക്കുന്നു. ഫ്രാന്‍സിലെ വ്യോമത്താവളത്തില്‍ വച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഏറെ കാത്തിരുന്ന ആദ്യ റാഫേല്‍ വിമാനം ഏറ്റുവാങ്ങി. 1990കളില്‍ സോവിയറ്റ് നാലാം തലമുറ വിമാനങ്ങളില്‍പ്പെട്ട എസ് യു 30 എംകെഐ ആയിരുന്നു ഇന്ത്യയുടെ മിഗ് ശ്രേണിയിലേയ്ക്ക് ഏറ്റവും ഒടുവില്‍ വന്നത്.

ഇന്ത്യയുടെ വ്യോമയുദ്ധ ശക്തിയില്‍ ഒരു തലമുറ മാറ്റമാണ് റാഫേല്‍ കുറിച്ചിരിക്കുന്നത്. അത്യാധുനിക യുദ്ധ വിമാനങ്ങളില്‍ റാഫേലിന്റെ തലമുറയെ നാലരയായി കാണാം. ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള അഞ്ചാം തലമുറ വിമാനങ്ങളില്‍ നിന്ന് അല്‍പ്പം പിന്നില്‍. നിരവധി ചര്‍ച്ചകള്‍ക്കും തിരിച്ചടികള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം ആധുനിക വിമാനത്തിനായുള്ള ഇന്ത്യന്‍ വ്യോമസേനയുടെ കാത്തിരിപ്പ് ഇനിയും നീണ്ടതാണ് എന്ന സൂചനയാണുള്ളത്. ഇന്ത്യ വാങ്ങുന്ന 36 യുദ്ധ വിമാനങ്ങളില്‍ നാലെണ്ണം 2020 മേയോടെ മാത്രമേ വ്യോമസേനയ്ക്ക് ലഭിക്കൂ. 2022 ഏപ്രില്‍ 22ഓട് കൂടി മാത്രമേ മുഴുവന്‍ വിമാനങ്ങളും ലഭ്യമാകൂ.

അതേസമയം ഈ സമയമാകുമ്പോളേക്കും വ്യോമസേനയുടെ ശേഷി വീണ്ടും കുറയും. മിഗ് 21ന്റെ മറ്റൊരു ബാച്ച് വിമാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതാകും എന്നതാണ് കാരണം. വിമാനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി തദ്ദേശീയ നിര്‍മ്മിത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് തേജസ് വിമാനങ്ങള്‍ പകരം ഉള്‍പ്പെടുത്തുന്നുണ്ടെങ്കിലും ഈ പ്രക്രിയ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്. 123 തേജസ് എല്‍സിഎ യുദ്ധവിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാവുക. ആദ്യ ഘട്ടത്തില്‍ 20, രണ്ടാം ഘട്ടത്തില്‍ 20, മൂന്നാം ഘട്ടത്തില്‍ 83 എന്നിങ്ങനെയാണ് തേജസ് വിമാനങ്ങള്‍ ഉള്‍പ്പെടുത്തുക. ആദ്യ ഘട്ടത്തില്‍ ഏറ്റവും അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള വിമാനങ്ങളാണുള്ളത്. രണ്ടാം ഘട്ടത്തില്‍ കുറേക്കൂടി സൗകര്യങ്ങളുള്ളവ, മൂന്നാം ഘട്ടത്തില്‍ ഏറ്റവും ആധുനിക സജ്ജീകരണങ്ങളുള്ള തേജസ് എംകെ 1 എ വിമാനങ്ങള്‍.

നിലവിലെ അപര്യാപ്തത പരിഹരിക്കുന്നതിനായി 21 മിഗ് 29 വിമാനങ്ങളും 12 എസ് യു 30 എം കെ ഐ വിമാനങ്ങളുമാണ് വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ വിമാനങ്ങള്‍ക്കൊപ്പം നിലവിലെ മിറാഷ് 2000 വിമാനങ്ങളും ജഗ്വാര്‍ മിഗ് 29 വിമാനങ്ങളും അപ്‌ഗ്രേഡ് ചെയ്യും. മിറാഷ് 2000 ആണ് നിലവില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഏറ്റവും പ്രഹരശേഷിയുള്ള യുദ്ധവിമാനങ്ങളിലൊന്ന്. പുതിയവയില്‍ ആധുനിക മിക്ക മിസൈലുകള്‍ ഘടിപ്പിക്കും. ഗ്ലോബല്‍ ബിഡ്ഡിംഗ് വഴി 123 വിമാനങ്ങള്‍ വാങ്ങാന്‍ വ്യോമസേനയ്ക്ക് പദ്ധതിയുണ്ട്. തേജസ് എംകെ 2 വേര്‍ഷന്‍ ഡെവലപ്പ് ചെയ്യും. കൂടുതല്‍ കരുത്തുള്ള എഞ്ചിനാണ് ഇതിന്റേത്. കൂടാതെ അഞ്ചാം തലമുറയില്‍ പെടുന്ന എഎംസിഎ (അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റ്) വിമാനങ്ങളും. 2025നകം അഞ്ചാം തലമുറ എഎംസിഎ വിമാനങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. റഷ്യയുമായുള്ള സംയുക്ത സംരംഭ ശ്രമം പരാജയപ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് വ്യോമസേന അഞ്ചാം തലമുറ വിമാനങ്ങള്‍ക്കായി ശ്രമം നടത്തുന്നത്. എന്നാല്‍ യുദ്ധ വിമാനങ്ങളുടെ അപര്യാപ്തത പരിഹരിക്കപ്പെടാന്‍ ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്.


ഗൗതം ദത്ത്‌

ഗൗതം ദത്ത്‌

മാധ്യമ പ്രവർത്തകൻ

Next Story

Related Stories