TopTop
Begin typing your search above and press return to search.

മധ്യപ്രദേശില്‍ ഗവര്‍ണര്‍ -സര്‍ക്കാര്‍ പോര് മുറുകുന്നു, ഇന്ന് വിശ്വാസം നേടിയില്ലെങ്കില്‍ ഭൂരിപക്ഷമില്ലന്ന് കണക്കാക്കുമെന്ന് ഗവര്‍ണര്‍, ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

മധ്യപ്രദേശില്‍ ഗവര്‍ണര്‍ -സര്‍ക്കാര്‍ പോര് മുറുകുന്നു, ഇന്ന് വിശ്വാസം നേടിയില്ലെങ്കില്‍ ഭൂരിപക്ഷമില്ലന്ന് കണക്കാക്കുമെന്ന് ഗവര്‍ണര്‍, ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

മധ്യപ്രദേശില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറകുന്നു. ഇന്ന് വിശ്വാസ വോട്ട് തേടിയില്ലെങ്കില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കണക്കാക്കുമെന്ന് ഗവര്‍ണര്‍ ലാൽജി ഠണ്ടൻ വ്യക്തമാക്കി. വിശ്വാസ വോട്ട് ഉടന്‍ തേടാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബിജെപി എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതിയുടെപരിഗണിനയ്ക്ക് വരും

ഇന്നലെ ചേര്‍ന്ന സഭ സ്പീക്കര്‍ എന്‍ പി പ്രജാപതി 10 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കുകയായിരുന്നു. കൊറോണ ഭീതിയുടെ കാരണം പറഞ്ഞാണ് സഭ സമ്മേളനം നിര്‍ത്തിവെച്ചത്. ഭരണഘടന വ്യവസ്ഥകള്‍ പാലിച്ചുപൊകണമെന്ന് ഗവര്‍ണര്‍ ഇന്നലെ സഭയില്‍ ആവശ്യപ്പെട്ടിരുന്നു. സഭയെ ഗവർണർ ബഹുമാനിക്കണമെന്നായിരുന്നു കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം. സഭ പിരിഞ്ഞതിന് ശേഷം വൈകിട്ടാണ് ഗവര്‍ണര്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഇന്ന് വിശ്വാസം തേടിയില്ലെങ്കില്‍ സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കണക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് ശേഷം മുഖ്യമന്ത്രി കമല്‍നാഥ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. വിശ്വാസ വോട്ട് തേടേണ്ട കാര്യമില്ലെന്നും സർക്കാറിന് ഭൂരിപക്ഷം എംഎല്‍എമാരുടെയും പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് തോന്നാത്തവരുണ്ടെങ്കില്‍ അവരാണ് പ്രമേയം അവതരിപ്പിക്കേണ്ടതെന്നുമുള്ള നിലാപാടണ് മുഖ്യമന്തി സ്വീകരിച്ചത്. ' ബിജെപി കൊണ്ടുവന്നിട്ടുള്ള അവിശ്വാസ പ്രമേയം സഭ വീണ്ടും സമ്മേളിച്ചാല്‍ ചര്‍ച്ച ചെയ്യാമെന്നും' കമല്‍നാഥ് പറഞ്ഞു. അതിനിടെ വിശ്വാസ വോട്ട് ഉടന്‍ തേടാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പത്ത് ബിജെപി എംഎല്‍എമാരാണ് വിശ്വാസ വോട്ടിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കുതിരകച്ചവടത്തിന് മുഖ്യമന്ത്രി നേതൃത്വം നല്‍കുകയാണെന്നും തന്റെ ന്യൂനപക്ഷ സര്‍ക്കാരിനെ എങ്ങനെയെങ്കിലും ഭൂരിപക്ഷമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചു മധ്യപ്രദേശ് നിയമസഭയിലെ 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. ഇവരെ ബിജെപി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ആറ് പേരുടെ രാജിയാണ് സ്പിക്കര്‍ ഇതിനകം സ്വീകരിച്ചത്. 230 അംഗ സഭയില്‍ രണ്ട് പേര്‍ നേരത്തെ മരണപ്പട്ടിരുന്നു. ഇപ്പോള്‍ ഭൂരിപക്ഷത്തിന് വേണ്ടത് 112 എംഎല്‍എമാരുടെ പിന്തുണയാണ്. പ്രതിസന്ധിയ്ക്ക് മുമ്പ് കോണ്‍ഗ്രസിന് 114 എംഎല്‍എമാരുടെ പിന്തുണയാണുണ്ടായിരുന്നത്. ഇതിന് പുറമെ നാല് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയും ഉണ്ടായിരുന്നു. ബിജെപിയ്ക്ക് 107 എംഎല്‍എമാരുടെ പിന്തുണയാണുണ്ടായിരുന്നത്. രാജിക്കത്ത് നല്‍കിയ എംഎല്‍എ മാരോട് നേരിട്ട് ഹാജരായി കാരണം വിശദീകരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണര്‍ക്ക് സഭയിലെ നടപടി ക്രമങ്ങളെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ അധികാരമില്ലെന്ന നിലപാടാണ് സ്പീക്കറും ഭരണ കക്ഷിയും സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ സുപ്രീം കോടതി എന്ത് നിലപാടെടുക്കുമെന്നത് പ്രധാനമാണ്.


Next Story

Related Stories