TopTop
Begin typing your search above and press return to search.

മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വത്തിന്റെ പ്രതീകമായി രാം സിയ ഭാരതി, 'ഗോ രക്ഷയ്ക്കായി ബിജെപി ഒന്നും ചെയ്തില്ല'

മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വത്തിന്റെ പ്രതീകമായി രാം സിയ ഭാരതി, ഗോ രക്ഷയ്ക്കായി ബിജെപി ഒന്നും ചെയ്തില്ല

മധ്യപ്രദേശില്‍ നിര്‍ണായക ഉപതെരഞ്ഞെടുപ്പ് നവംബര്‍ മൂന്നാം തീയതി നടക്കുകയാണ്. സംസ്ഥാനത്തെ 28 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ജോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം ബിജെപിയിലേക്ക് കൂറുമാറിയ എംഎല്‍എമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് പ്രധാനമാണ്.

28 മണ്ഡലങ്ങളിലും ശക്തമായ പോരാട്ടത്തിനാണ് കോണ്‍ഗ്രസ് തയ്യാറായിട്ടുള്ളത്. പിൻവാതിലിലൂടെ അധികാരത്തിലെത്തിയ ബിജെപി സർക്കാരിനെ ഉപതെരഞ്ഞെടുപ്പിലൂടെ അട്ടിമറിക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണ് അവർ. 2018 ലെ നിയമസഭ തെരഞ്ഞെടുപ്പിലേത് പോലെ മൃദു ഹിന്ദുത്വ നിലപാടുകളിലൂന്നിയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇതിനായി കോണ്‍ഗ്രസ് ഒരു പുതിയ യുവ നേതാവിനെയും കണ്ടെത്തിയിരിക്കുന്നു. ചത്താര്‍പൂര്‍ ജില്ലയില്‍ മല്‍സരിക്കുന്ന മല്‍ഹെറ മണ്ഡലത്തില്‍ മല്‍സരിക്കുന്ന രാം സിയാ ഭാരതിയാണ് കോണ്‍ഗ്രസിന്റെ പുതിയ മുഖമായി രംഗത്തെത്തിയിരിക്കുന്നു. കോണ്‍ഗ്രസിലെ ഉമാ ഭാരതിയെന്നാണ് ചിലര്‍ ഇവരെ വിശേഷിപ്പിക്കുന്നത്.

ഉമാ ഭാരതിയിലെ അതേ സമുദായത്തില്‍ -ലോധി-യില്‍പ്പെട്ടനേതാവാണ് രാം സിയ ഭാരതി. ഉമാ ഭാരതിയും നേരത്തെ മല്‍സരിച്ചത് ഇതേ സീറ്റില്‍നിന്നാണ്. രണ്ടു പേരും സന്യാസിനികളും. സിയാ ഭാരതി എട്ടാം വയസ്സിലാണ് ആശ്രമ ജീവിതം തുടങ്ങിയതത്രെ.മലൈഹ്‌റയിലെ ഒരു ആശ്രമത്തിലാണ് ഇവരുടെ ജീവിതം. ലോധി സമൂദായത്തിലെ വിശ്വാസികള്‍ക്കിടയില്‍ ഇവര്‍ക്ക് വലിയ സ്വാധീനം ഉണ്ടെന്നാണ് കരുതുന്നത്.

ഹിന്ദുത്വ ചിഹ്നങ്ങളുമായാണ് ഇവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഭാരത് മാതാ കീ ജയ്, ഭഗ് വാന്‍ ശ്രീ രാം കീ ജയ് തുടങ്ങി നേരത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേട്ട മുദ്രാവാക്യങ്ങളാണ് മുഖ്യമായും ഇവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തി്ല്‍ ഉയര്‍ന്നു കേട്ടത്.

ജയ് ശ്രീറാം വിളിച്ചുകൊണ്ടാരംഭിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ബിജെപി നേതാക്കളെ ഇതിഹാസങ്ങളിലെ വില്ലന്‍ കഥാപാത്രങ്ങളോട് ഉപമിച്ചാണ് ഇവര്‍ വോട്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

' ബിജെപി സംസ്ഥാനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. അവര്‍ മതത്തിന്റെ പേരില്‍ വോട്ട് തേടുന്നു. രാമന്റെ പേരില്‍ വോട്ടു പിടിക്കുന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ വോട്ടു ചോദിക്കുന്നു. എന്നാല്‍ അവര്‍ ഒന്നും ചെയ്യുന്നില്ല. എന്നാല്‍ കോണ്‍ഗ്രസ് 1000 ഗോശാലകളാണ് പണിതത്. ' ഭാരതി പറഞ്ഞു.

വികസനവും തൊഴിലില്ലായ്മയും ഇവരുടെ പ്രസംഗങ്ങളില്‍ ഉയര്‍ത്തികൊണ്ടുവരുന്നുണ്ടെങ്കിലും മുഖ്യ ഊന്നല്‍ വിശ്വാസികളെ വികാരപരമായി സ്വാധീനിക്കലാണ്.കോണ്‍ഗ്രസിനെ വഞ്ചിച്ചവര്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്നാണ് ഇവര്‍ പറയുന്നത്.

2018 ലെ തെരഞ്ഞെടുപ്പില്‍ മെലേഹ്‌റ മണ്ഡലത്തില്‍ നിന്ന മല്‍സരിക്കാന്‍ കോണ്‍ഗ്രസ് ടിക്കറ്റിന് രാ്ം സിയ ഭാരതി ശ്രമിച്ചിരുന്നുവെങ്കിലും ലഭിച്ചില്ല. അന്ന് കോ്ണ്‍ഗ്രസ് മല്‍സരിപ്പിച്ച പ്രധുമാന്‍ സിങ് വിജയിച്ചതിന് ശേഷം ബിജെപിയിലേക്ക് കൂറുമാറി. ഇദ്ദേഹം തന്നെയാണ് രാം സിയ ഭാരതിയുടെ എതിരാളിയായി മല്‍സരിക്കുന്നത്. 'കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാവുന്നതും കാവി ധരിക്കുന്നതും തമ്മില്‍ ഒരു വൈരുദ്ധ്യവുമില്ല. തന്റെ അച്ഛനും മുത്തച്ഛനുമെല്ലാം കോണ്‍ഗ്രസുകാരായിരുന്നു.' രാം സിയ ഭാരതി പറഞ്ഞു. 2018 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മധ്യ പ്രദേശില്‍ മൃദു ഹിന്ദുത്വത്തിലൂന്നിയാണ് പ്രചാരണം നടത്തിയതെന്ന് വിമര്‍ശനമുണ്ടായിരുന്നു.

(ചിത്രത്തിന് കടപ്പാട്: ന്യുസ് ക്ലീക്ക്)


Next Story

Related Stories