TopTop
Begin typing your search above and press return to search.

അടിയന്തിരാവസ്ഥയെ ഓർമിപ്പിച്ച നിർബന്ധിത വന്ധ്യംകരണ ഉത്തരവ് കമൽനാഥ് സർക്കാർ പിൻവലിച്ചു

അടിയന്തിരാവസ്ഥയെ ഓർമിപ്പിച്ച നിർബന്ധിത വന്ധ്യംകരണ ഉത്തരവ് കമൽനാഥ് സർക്കാർ പിൻവലിച്ചു

വിവാദമായതോടെ നിർബന്ധിത വന്ധ്യംകരണ ഉത്തരവ് പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ. ആരോഗ്യവകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിന് തയ്യാറാക്കി എത്തിക്കണമെന്നും ഇല്ലെങ്കിൽ വിരമിക്കാൻ തയ്യാറാകണമെന്നുമായിരുന്നു സർക്കാരിന്റെ ഉത്തരവ്. ഫെബ്രുവരി 11ന് വന്ന ഈ ഉത്തരവ് വ്യാപകമായ ചർച്ച ചെയ്യപ്പെടുകയും അടിയന്തിരാവസ്ഥാ കാലത്തെ നിർബന്ധിത വന്ധ്യംകരണ നടപടികളെ ഓർമയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. അടിയന്തിരാവസ്ഥക്കാലത്ത് വന്ധ്യംകരണ പദ്ധതി കൊണ്ടുവരികയും നടപ്പാക്കുകയും ചെയ്ത സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ഇപ്പോഴത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ഇന്ദിരാഗാന്ധിയുടെ 'മൂന്നാമത്തെ മകൻ' എന്ന വിശേഷണവും കമൽനാഥിനുണ്ടായിരുന്നു.

കുടുംബാസൂത്രണ പദ്ധതി പ്രകാരം അഞ്ച് മുതല്‍ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തേണ്ടത് ഓരോ ആരോഗ്യപ്രവര്‍ത്തകന്റെയും ഉത്തരവാദിത്വമാണെന്ന് പറയുന്നതായിരുന്നു ഉത്തരവ്. ഇതുപ്രകാരം 2019-20 കാലയളവില്‍ ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാന്‍ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കുമെന്നും ഇല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളണമെന്നും ഉത്തരവ് പറഞ്ഞു. മധ്യപ്രദേശ് നാഷണൽ ഹെൽത്ത് മിഷനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസര്‍മാർക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കുമാണ് കമൽനാഥ് സർക്കാർ ഉത്തരവ് അയച്ചത്.

1975നും 76നുമിടയിൽ അടിയന്തിരാവസ്ഥ നിലനിൽക്കവെ 6.2 ദശലക്ഷം പുരുഷന്മാരെയാണ് കോൺഗ്രസ് സർക്കാർ വന്ധ്യംകരിച്ചത്. നിർബന്ധിതമായിരുന്നു ഇതിന്റെ നടപ്പാക്കൽ. നാസി ഭരണകാലത്ത് നടന്നതിനെക്കാൾ പതിനഞ്ചിരട്ടി നിർബന്ധിത വന്ധ്യംകരിക്കൽ ഇന്ത്യയില്‍ ഈ ചുരുങ്ങിയ കാലത്തിനിടയിൽ സംഭവിക്കുകയുണ്ടായി.

അതെസമയം ഈ ഉത്തരവിന്റെ ഉത്തരവാദിത്വത്തെ ഉദ്യോഗസ്ഥരിൽ കെട്ടിവെക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഈ ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന പ്രഖ്യാപനം വന്നിട്ടുണ്ട്.

ആരെയും നിർബന്ധിച്ച് വന്ധ്യംകരിക്കില്ലെന്നും ബോധവൽക്കരണം നടത്തുക മാത്രമേ ചെയ്യൂ എന്നും മുഖ്യമന്ത്രി കമൽനാഥ് അറിയിച്ചു.


Next Story

Related Stories