Top

ഒരു ഇന്ത്യന്‍ പട്ടാളക്കാരന് പകരം 10 ശത്രുക്കളെ കൊല്ലും: അമിത് ഷാ

ഒരു ഇന്ത്യന്‍ പട്ടാളക്കാരന് പകരം 10 ശത്രുക്കളെ കൊല്ലും: അമിത് ഷാ

ഒരു സൈനികനെ കൊന്നാല്‍ അതിന് പകരമായി 10 ശത്രുക്കളെ കൊല്ലുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. കോണ്‍ഗ്രസിനേയും എന്‍സിപിയേയും പ്രസംഗത്തില്‍ അമിത് ഷാ കടന്നാക്രമിച്ചു.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനെ എതിര്‍ത്തത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനേയും എന്‍സിപിയേയും അമിത് ഷാ വിമര്‍ശിച്ചത്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിലൂടെ ദേശീയ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പാക്കി എന്ന് അമിത് ഷാ അവകാശപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചത് അംഗീകരിക്കുന്നുണ്ടോ എന്ന് രാഹുല്‍ ഗാന്ധിയും ശരദ് പവാറും വ്യക്തമാക്കണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടു. ഒരു ഇന്ത്യന്‍ ജവാന്‍ രക്തസാക്ഷിയായാല്‍ 10 ശത്രുക്കള്‍ കൊല്ലപ്പെടുമെന്ന് ലോകത്തിന് മുഴുവനുമറിയാം. മുന്‍ കോണ്‍ഗ്രസ് എന്‍സിപി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ എന്ത് ചെയ്തു എന്ന് ശരദ് പവാര്‍ വ്യക്തമാക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിൽ വോട്ടെടുപ്പ്. 24ന് വോട്ടെണ്ണൽ. ബിജെപി 164 സീറ്റിലും ശിവസേന 124 സീറ്റിലുമെന്ന നിലയ്ക്കാണ് എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കിയിരിക്കുന്നത്. പകുതി സീറ്റ് ആവശ്യപ്പെട്ട ശിവസേനയ്ക്ക് 124 കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇതിൽ വ്യാപക പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. 26 കോർപ്പറേഷൻ അംഗങ്ങളും മുന്നൂറിലധികം പ്രവർത്തകരും ശിവ സേന വിട്ടു. പകുതി സീറ്റ് കിട്ടിയില്ലെങ്കിൽ സഖ്യം വിടുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. മറുവശത്ത് കോണ്‍ഗ്രസ് 144 സീറ്റിലും എന്‍സിപി 122 സീറ്റിലും മറ്റ് ചെറു സഖ്യകക്ഷികള്‍ ശേഷിക്കുന്ന 20 സീറ്റുകളിലുമാണ് മത്സരിക്കുന്നത്.


Next Story

Related Stories