TopTop
Begin typing your search above and press return to search.

അര്‍ണബിനെതിരായ ആത്മഹത്യാ പ്രേരണക്കേസ് സിഐഡിക്ക് കൈമാറി മഹാരാഷ്ട്ര സര്‍ക്കാര്‍

അര്‍ണബിനെതിരായ ആത്മഹത്യാ പ്രേരണക്കേസ് സിഐഡിക്ക് കൈമാറി മഹാരാഷ്ട്ര സര്‍ക്കാര്‍

അര്‍ണബ് ഗോസ്വാമിക്കും മറ്റ് രണ്ടു പേര്‍ക്കുമെതിരെ നിലവിലുണ്ടായിരുന്ന ആത്മഹത്യാപ്രേരണാ കേസ് പുനരന്വേഷണം നടത്താന്‍ മഹാരാഷ്ട്ര തയ്യാറെടുക്കുന്നു. 2018ലാണ് അര്‍ണാബിനെതിരെ ഈ കേസ് നിലവില്‍ വന്നത്. എന്നാല്‍ അന്ന് കാര്യമായ അന്വേഷണം നടത്താതെ കേസ് മാഞ്ഞുപോകുകയായിരുന്നു. അന്നത്തെ ബിജെപി സര്‍ക്കാരിന്റെ പിന്തുണയോടെയാണിത് നടന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ കേസ് സജീവമാക്കാനാണ് ശ്രമം.

സംസ്ഥാന സിഐഡിയാണ് കേസ് പുനരന്വേഷണം നടത്തുക. അര്‍ണാബ് തന്റെ സ്റ്റുഡിയോയ്ക്കു വേണ്ടി ഇന്റീരിയര്‍ ജോലി ചെയ്യിച്ച അന്‍വായ് നായിക്ക് എന്നയാളാണ് ആത്മഹത്യ ചെയ്തത്. തനിക്ക് കിട്ടാനുള്ള ലക്ഷക്കണക്കിന് രൂപ തരാതെ അര്‍ണാബ് ചതിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പെഴുതി വെച്ചിരുന്നു നായിക്ക്. ഇദ്ദേഹത്തിന്റെ അമ്മയും കൂടെ ആത്മഹത്യ ചെയ്യുകയുണ്ടായി. അന്‍വായിയുടെ കമ്പനിയിലെ ഡയറക്ടര്‍മാരിലൊരാളായിരുന്നു അമ്മ.

സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖാണ് പുനരന്വേഷണക്കാര്യം അറിയിച്ചത്. അന്വേഷണം നടത്തിയ ലോക്കല്‍ പൊലീസ് ഗോസ്വാമിക്കെതിരെ തെളിവൊന്നും കിട്ടിയില്ലെന്നു പറഞ്ഞാണ് കേസ് അവസാനിപ്പിച്ചത്.

അര്‍ണാബിനെതിരെ ആലിബാഗ് പൊലീസ് വീണ്ടും കേസെടുത്തിട്ടുണ്ട് ഇതിനകം. ഈ കേസാണ് സിഐഡിക്ക് കൈമാറുക. അന്‍വായ് നായിക്കിന്റെ ഭാര്യ അക്ഷത നായിക്കിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. തന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അക്ഷത ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. മുന്‍ സര്‍ക്കാര്‍ കേസ് മനപ്പൂര്‍വം അട്ടിമറിച്ചതായി അക്ഷത പറഞ്ഞു. വിതുമ്പിക്കൊണ്ടാണ് തന്റെ കുടുംബത്തിന് അര്‍ണാബില്‍ നിന്നുമുണ്ടായ ദ്രോഹത്തെക്കുറിച്ച് പറയുന്നത്. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിനുത്തരവാദി അര്‍ണാബ് ഗോസ്വാമിയായിരിക്കുമെന്നും അവര്‍ പറയുകയുണ്ടായി.

അര്‍ണാബിനു വേണ്ടി ഒരു സ്റ്റുഡിയോയുടെ ജോലി ചെയ്തു കൊടുത്തതിന്റെ 83 ലക്ഷം രൂപ അന്‍വായ് നായിക്കിന് ലഭിക്കുകയുണ്ടായില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹവും അമ്മയും ആത്മഹത്യ ചെയ്തത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റീരിയര്‍ ഡിസൈന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറായ അന്‍വായ് നായിക് ആത്മഹത്യ ചെയ്തത് 2018 മെയ് മാസത്തിലാണ്. ഒരു പേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ചായിരുന്നു ആത്മഹത്യ. അദ്ദേഹത്തിന്റെ അമ്മ കുമുദ് നായിക്കും കൂടെ ആത്മഹത്യ ചെയ്തു. മൂന്ന് കമ്പനികള്‍ തനിക്ക് നല്‍കാനുള്ള അഞ്ചരക്കോടിയോളം രൂപ തരാന്‍ തയ്യാറാകുന്നില്ലെന്നും പ്രതിസന്ധി മറികടക്കാന്‍ വഴികളില്ലാത്തതിനാല്‍ മരണം തെര‍ഞ്ഞെടുക്കുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നത്. നായിക്കിന് കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അര്‍ണാബ് നല്‍കാനുള്ളത് 83 ലക്ഷം രൂപയാണ്. അന്‍വായ് നായിക്കിന്റെ അമ്മ കുമുദ് കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളായിരുന്നു.

ഒരു മുന്‍കൂര്‍ ജാമ്യം പോലുമില്ലാതെ അര്‍ണാബ് കേസില്‍ സുരക്ഷിതനായി നടക്കുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കമുള്ളവര്‍ രംഗത്തു വന്നു. ആത്മഹത്യാ പ്രേരണയ്ക്ക് ഐപിസി 306 പ്രകാരമാണ് പൊലീസ് കേസെടുത്തത്. പക്ഷെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. ബിജെപിയാണ് അന്ന് മഹാരാഷ്ട്രയില്‍ അധികാരത്തിലിരുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എഫ്ഐആറില്‍ നടപടിയെടുക്കാത്തത് ഏറെ വിമര്‍ശിക്കപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല.


Next Story

Related Stories