TopTop
Begin typing your search above and press return to search.

ബിജെപി എംപിയുടെ ബോളിവുഡ് ലഹരി മാഫിയ പ്രയോഗത്തെ വിമര്‍ശിച്ച ജയാ ബച്ചനു നേരെ രൂക്ഷമായ സൈബര്‍ ആക്രമണം; സുരക്ഷ കൂട്ടി മഹാരാഷ്ട്ര സര്‍ക്കാര്‍

ബിജെപി എംപിയുടെ ബോളിവുഡ് ലഹരി മാഫിയ പ്രയോഗത്തെ വിമര്‍ശിച്ച ജയാ ബച്ചനു നേരെ രൂക്ഷമായ സൈബര്‍ ആക്രമണം; സുരക്ഷ കൂട്ടി മഹാരാഷ്ട്ര സര്‍ക്കാര്‍

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിനു പിന്നാലെ സിനിമ മേഖലയിലെ ലഹരി ഉപയോഗവുമായും മറ്റും ബന്ധപ്പെട്ട് ചലച്ചിത്ര മേഖലയ്‌ക്കെതിരെ നടക്കുന്ന വേട്ടയാടലിനെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ച സമാജ്‌വാദി എം.പി ജയാ ബച്ചനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം. ഇതോടെ ജയാ ബച്ചന്റെയും ഭര്‍ത്താവ് അമിതാഭ് ബച്ചനെ്‌റയും വീടിന് സുരക്ഷ ശക്തമാക്കി. ജൂഹുവിലുള്ള ബച്ചന്‍ കുടുംബത്തിന്റെ 'ജെല്‍സ' എന്ന വീടിന് മുംബൈ പോലീസാണ് അധിക സുരക്ഷ നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന രൂക്ഷമായ അധിക്ഷേപങ്ങളുടെ സാഹചര്യത്തിലാണ് ബച്ചന്‍ കുടുംബത്തിന് സുരക്ഷ വര്‍ധിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ബിജെപി എം.പി രവി കിഷന്‍ ബോളിവുഡിലെ മയക്കുമരുന്നുപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു ജയാ ബച്ചന്റെ രാജ്യസഭയിലെ പരാമര്‍ശങ്ങള്‍. ഏതാനും കുറച്ചു പേര്‍ ചെയ്യുന്ന കാര്യങ്ങളുടെ പേരില്‍ ചലച്ചിത്ര മേഖലയെ മുഴുവന്‍ അടച്ചാക്ഷേപിക്കരുത് എന്ന് അവര്‍ വ്യക്തമാക്കി. ഇതില്‍ നിന്ന് ഉപജീവനം കഴിച്ചിട്ട് ഇതിനെ തന്നെ ആക്ഷേപിക്കരുത് എന്നും അവര്‍ പറഞ്ഞിരുന്നു.

ഇന്ത്യയിലെ യുവാക്കളെ തകര്‍ക്കാന്‍ പാക്കിസ്ഥാന്റെയും ചൈനയുടേയും ഭാഗത്ത് നിന്നുള്ള ശ്രമങ്ങളാണ് ബോളിവുഡിലെ ലഹരിമരുന്ന് കാര്യങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു ഭോജ്പൂരി അഭിനേതാവ് കൂടിയായിരുന്ന രവികിഷന്റെ ആരോപണം. സുശാന്ത് സിംഗിന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് മുന്‍നിരയില്‍ നില്‍ക്കുന്ന ആള്‍ കൂടിയാണ് രവി കിഷന്‍. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ കാമുകിയും നടിയുമായ റിയാ ചക്രവര്‍ത്തി അടക്കമുള്ളവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ബോളിവുഡിലെ ലഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ക്ക് അറുതി വരുത്തണമെന്നായിരുന്നു രവി കിഷന്റെ ആവശ്യം.

ഇതിനോട് മറുപടിയായി നടത്തിയ പ്രസംഗത്തിന്റെ പിന്നാലെ ജയാ ബച്ചന് ബോളിവുഡില്‍ നിന്നടക്കം പ്രശംസകള്‍ ഉണ്ടായെങ്കിലും പിന്നാലെ സോഷ്യല്‍ മീഡിയ ആക്രമണം ആരംഭിക്കുകയായിരുന്നു. നേരിട്ടും അല്ലാതെയും അഞ്ചു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതാണ് രാജ്യത്തെ എന്റര്‍ടെയ്ന്‍മെന്റ് മേഖലയെന്നും രാജ്യം അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഇത്തരത്തില്‍ വിഷയങ്ങളെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ ഉണ്ടാകരുതെന്നും ജയാ ബച്ചന്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയ വഴി അത്രയധികം ആക്രമണമാണ് നേരിടുന്നതെന്നും എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു പിന്തുണയും ഉണ്ടാകുന്നില്ലെന്നും അവര്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് ജയാ ബച്ചനെതിരെ ആക്രമണം രുക്ഷമായത്. #ShameonJayaBachchan എന്നും #JayaBachchanShamlessLady എന്നുമുള്ള ഹാഷ്ടാഗുകളിലായിരുന്നു ആക്രമണം. ബോളിവുഡില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച നടി കങ്കണ റാണൗട്ടും 72-കാരിയായ ജയാ ബച്ചനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജയാ ബച്ചന്റെ മക്കള്‍ക്ക് ഇങ്ങനെ സംഭവിച്ചാല്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നായിരുന്നു കങ്കണയുടെ ചോദ്യം.

അതേ സമയം. ജയാ ബച്ചന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി എം.പി ഹേമമാലിനി രംഗത്തെത്തിയിരുന്നു. "എനിക്ക് പേരും പ്രശസ്തിയും ബഹുമാനവും എല്ലാം ലഭിച്ചത് സിനിമയില്‍ നിന്നാണ്. ഇപ്പോഴുണ്ടാകുന്ന കാര്യങ്ങള്‍ ശരിക്കും വേദനിപ്പിക്കുന്നു" എന്ന് അവര്‍ വ്യക്തമാക്കി.

നേരത്തെ ശിവസേനയുമായുള്ള ഏറ്റുമുട്ടല്‍ സമയത്ത് കങ്കണ റാണൗട്ടിന് കേന്ദ്രം വൈ-പ്ലസ് സുരക്ഷയൊരുക്കിയിരുന്നു. ബച്ചന്‍ കുടുംബത്തിന് സുരക്ഷ വര്‍ധിപ്പിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നീക്കം ഇതിനൊരു മറുപടി ആയിക്കൂടിയാണ് കണക്കാക്കുന്നത്.


Next Story

Related Stories