Top

പ്രതിസന്ധി തുടരുന്നു: ഗവർണർ വലിയ ഒറ്റക്കക്ഷിയെ വിളിക്കട്ടേയെന്ന് സേന; രാഷ്ട്രപതിഭരണം ജനങ്ങളെ അവഹേളിക്കലാകും

പ്രതിസന്ധി തുടരുന്നു: ഗവർണർ വലിയ ഒറ്റക്കക്ഷിയെ വിളിക്കട്ടേയെന്ന് സേന; രാഷ്ട്രപതിഭരണം ജനങ്ങളെ അവഹേളിക്കലാകും

നിലവിലെ മഹാരാഷ്ട്ര സർക്കാരിന്റെ കാലാവധി നാളെ (ശനിയാഴ്ച) അവസാനിക്കുകയാണ്. ബിജെപിയുടെ കുതിരക്കച്ചവട സാധ്യതയിൽ ജാഗരൂകരായ ശിവസേന കഴിഞ്ഞ ദിവസം തന്നെ തങ്ങളുടെ എംഎൽഎമാരെ മുബൈയിലെ ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ താമസിപ്പിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ തങ്ങളുടെ എംഎൽഎമാരെയും നഗരത്തിലെ ചില ഹോട്ടലുകളില്‍ താമസിപ്പിക്കാൻ ബിജെപി നീക്കം തുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടങ്ങിയിട്ട് ഇന്നേക്ക് പതിനഞ്ച് ദിവസമായി. ശിവസേനയോ ബിജെപിയോ ഇതുവരെ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചിട്ടില്ല. മുഖ്യമന്ത്രിപദം തുല്യ കാലയളവിൽ രണ്ട് പാർട്ടികൾക്കായി പങ്കിടണമെന്ന ആവശ്യത്തിൽ നിന്നും ശിവസേന പിന്നോട്ടു പോയിട്ടില്ല. കഴിഞ്ഞദിവസം ബിജെപി നേതാക്കൾ ഗവർണറെ നേരിൽക്കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചു.

രണ്ട് സാധ്യതകളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി മുന്നിൽക്കാണുന്നത്. ഒന്ന്, പതിനഞ്ച് ദിവസത്തേക്കു കൂടി ഫഡ്നാവിസിനെ കെയർടേക്കർ സർക്കാരായി തുടരാൻ അനുവദിച്ച് ആ കാലയളവിനുള്ളിൽ സർക്കാർ രൂപീകരണം സാധിക്കുമോയെന്ന് നോക്കുക. നടന്നില്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിലേക്ക് പോകുക.

ഒരു സംസ്ഥാനത്തിന്റെ ഭരണഘടനാ സംവിധാനം പരാജയപ്പെട്ടെന്ന് ബോധ്യമായാൽ പ്രസിഡണ്ടിന്റെ ഭരണം നടപ്പാക്കാമെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 356 നിർദ്ദേശിക്കുന്നുണ്ട്. ഇതിന് ഗവർണറുടെ റിപ്പോർട്ടിനെയാണ് രാഷ്ട്രപതി ആശ്രയിക്കുക. മഹാരാഷ്ട്രയിലെ ഇന്നത്തെ സ്ഥിതി വെച്ച് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാൻ ഗവർണർക്ക് സാധിക്കില്ല. എല്ലാ കക്ഷികളുമായും ചർച്ച നടത്തി, എല്ലാ സാധ്യതകളും അടഞ്ഞുവെന്ന് ഉറപ്പായ ശേഷം മാത്രമേ ഇത്തരമൊരു നടപടിയിലേക്ക് പോകാൻ ഗവർണർക്കാകൂ. നിലവിൽ ശിവസേന ഒരു സർക്കാർ രൂപീകരണത്തിന് ശ്രമിച്ചാൽ എൻസിപിയുടെയും കോൺഗ്രസ്സിന്റെയും പിന്തുണ ലഭിക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട്.

സർ‌കാരിയ കമ്മീഷന്‍ നിർദ്ദേശങ്ങൾ പ്രകാരമായിരിക്കും ഗവർണറുടെ നീക്കങ്ങൾ. ഇതിന്റെ ഭാഗമായിരുന്നു കഴിഞ്ഞദിവസം ബിജെപിയുമായി നടത്തിയ കൂടിക്കാഴ്ച. സർകാരിയ നിർദ്ദേശങ്ങൾ പ്രകാരം ഗവർണറുടെ മുമ്പിലുള്ള ആദ്യ സാധ്യത തെരഞ്ഞെടുപ്പിനു മുമ്പുള്ള സഖ്യത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുകയാണ്. ഇത് സാധ്യമല്ലെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാം. ഇതുമല്ലെങ്കിൽ തെരഞ്ഞെടുപ്പിനു ശേഷം രൂപപ്പെട്ട ഒരു സഖ്യത്തെ സർക്കാരുണ്ടാക്കാൻ വിളിക്കാം. ഇതുമല്ലെങ്കിൽ സർക്കാരിനെ വേണ്ടത്ര അംഗങ്ങളുടെ ബലത്തോടെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന സഖ്യത്തെ ക്ഷണിക്കാം.

ശിവസേന ആവശ്യപ്പെടുന്നത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്നാണ്. എന്നാൽ ശിവസേനയുടെ പിന്തുണയില്ലാതെ അവകാശവാദമുന്നയിക്കാൻ ബിജെപി തയ്യാറല്ല. 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്. പതിനഞ്ച് സ്വതന്ത്ര എംഎൽഎമാരെക്കൂടി കൂട്ടിയാൽ 120 അംഗങ്ങൾ. കേവലഭൂരിപക്ഷമായ 145ലേക്കെത്താൻ ഇനിയും 25 എംഎൽഎമാരുടെ പിന്തുണ വേണം.

ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കേണ്ടെന്ന നിലപാടിൽ തുടരുകയാണ് ശിവസേന. ഭൂരിപക്ഷം തെളിയിക്കാൻ അവർക്കു വേണമെങ്കിൽ പതിനഞ്ചല്ല, മുപ്പത് ദിവസം വരെ എടുക്കാമെന്ന് സേനാ നേതാവ് സഞ്ജയ് റൗത്ത് ഇന്ന് പറയുകയുണ്ടായി.

സേന സർക്കാരുണ്ടാക്കാൻ ശ്രമിക്കുമോയെന്ന ചോദ്യത്തിന് ഏറ്റവും വലിയ ഒറ്റക്കക്ഷി സർക്കാരുണ്ടാക്കുന്നതിൽ പരാജയപ്പെട്ടാൽ മാത്രമേ അതിന് തുനിയൂ എന്ന് വ്യക്തമാക്കി. ഗവർണറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ വിളിച്ച് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടണം. ബിജെപി പരാജയപ്പെടുകയാണെങ്കിൽ ശിവസേന സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേനയ്ക്ക് മുഖ്യമന്ത്രിപദം നൽകാൻ തയ്യാറുണ്ടെങ്കിൽ ബിജെപിക്ക് തങ്ങളെ സമീപിക്കാം. രാഷ്ട്രപതിഭരണം പ്രഖ്യാപിക്കാനാണ് നീക്കമെങ്കിൽ അത് സംസ്ഥാനത്തെ ജനങ്ങളോടുള്ള അനാദരവാകുമെന്നും റൗത്ത് വ്യക്തമാക്കി.


Next Story

Related Stories