Top

'കോൺഗ്രസ് ശത്രുക്കളല്ല', ബിജെപിയെ ഒഴിവാക്കി സർക്കാർ രൂപീകരണത്തിന് ശിവസേന?

നിയമസഭാ തിര‍ഞ്ഞെടുപ്പ് ഫലത്തിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപത്കരിക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ ഗവര്‍ണര്‍ ക്ഷണിച്ചതിന് പിന്നാലെ കരു നീക്കങ്ങളും സജീവമാവുന്നു. തിങ്കളാഴ്ച രാത്രി എട്ടുമണിക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ഫട്നാവിസിന് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ എൻഡിഎയിലെ സഖ്യ കക്ഷി ശിവസേന മുഖ്യമന്ത്രി പദം ഉൾ‌പ്പെടെ ചൂണ്ടിക്കാട്ടി ഇടഞ്ഞ് തന്നെയാണ്. ശിവസേനയെ മാറ്റിനിര്‍ത്തി ബിജെപി മറ്റ് വഴിതേടുമോ എന്നാണ് ഇനിയുള്ള ആകാംഷ. കർണാടക ഉൾ‌പ്പെടെയെള്ള മുൻ അനുഭവങ്ങൾ മുന്നിലുള്ളതിനാൽ കടുത്ത കരുതലിലാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ.

ഇതിനിടെ, ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വന്നാല്‍ പ്രതിപക്ഷത്തെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കം ശിവസേനയും ആരംഭിച്ചു കഴിഞ്ഞു. ബിജെപിക്ക് തിരിച്ചടി നൽകാൻ സാഹചര്യം കാത്തിരുന്ന മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വവും കരൂനീക്കങ്ങളുമായി കളത്തിലുണ്ട്. എൻ‌സിപി നിലപാട് മയപ്പെടുത്തിയതായാണ് സൂചന. ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കേണ്ടതില്ലെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയിട്ടുണ്ട് എൻസിപി നേതൃത്വം എന്നാണ് റിപ്പോർട്ടുകൾ‌. ഇത് മുതലെടുക്കാനാണ് കോൺഗ്രസ് നീക്കം.

‌ശിവസേനയും കോൺഗ്രസും തങ്ങളുടെ എംഎൽഎമാരെ ഇതിനോടകം റിസോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ‌കുതിരക്കച്ചവടം ഒഴിവാക്കാനാണ് നീക്കമെന്ന് തുറന്ന് പറയുന്നുമുണ്ട് ശിവസേന. മലാഡിലെ റിസോർട്ടിലേക്കാണ് ശിവസേന 56 എംഎൽഎമാരെ മാറ്റിയത്. തങ്ങളുടെ 44 എംഎൽഎമാരിൽ 35 പേരെയും ജയ്പൂരിലെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ് കോൺഗ്രസ്. 288 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് ആവശ്യം 145 അംഗങ്ങളുടെ പിന്തുണയാണ്. എന്നാല്‍ 105 അംഗങ്ങള്‍ മാത്രമാണ് ബി.ജെ.പിക്കുള്ളത്. നിലപാടിൽ ഉറച്ച് നിൽ‌ക്കുന്ന ശിവസേനയുമായി ഇനിയൊരു അനുനയനീക്കം ബിജെപി നടത്താൻ സാധ്യതയില്ല. ഞായറാഴ്ച നടക്കുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗമായിരിക്കും മഹാരാഷ്ട്രയിൽ എന്ത് നടപടി വേണമെന്ന തീരുമാനിക്കുക. ബിജെപി ഗവര്‍ണറുടെ ക്ഷണത്തോട് എങ്ങനെ പ്രതികരിക്കുമെന്നു മാത്രമാണ് ഇനി പുറത്ത് വരാനുള്ളത്.

ബിജെപിക്ക് മുന്നിലുള്ള പ്രതിസന്ധി മുതലെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. മഹാരാഷ്ട്ര മുൻ‌ മുഖ്യമന്ത്രി അശോക് ചവാൻ‌ നടത്തിയ പ്രതികരണത്തിൽ തന്ന ഇക്കാര്യം വ്യക്തമാണ്. ശിവസേനയെ പിന്തുണയ്ക്കാൻ മടിയില്ലെന്ന് വ്യക്തമാക്കുകയാണ് അദ്ദേഹം. മഹാരാഷ്ട്രയിൽ ബിജെപി - ശിവസേന സഖ്യം തകർന്നടിഞ്ഞു കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

ശിവസേന- ബിജെപി സഖ്യം തകർന്നിരിക്കുന്നു. വലിയ ഒറ്റകക്ഷി അവകാശവാദം ഉന്നയിച്ചിട്ടില്ല. ഇനിയുള്ളത് മൂന്നാമത്തെ സാധ്യതയായ തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊള്ളുന്ന സഖ്യങ്ങളാണ്. ഗവർണർക്ക് അത് പരിഗണിക്കാം. പാർട്ടിയ്ക്കുള്ളിൽ ബിജെപിയെ പുറത്താക്കണമെന്ന അഭിപ്രായം ശക്തമാണ്. അത്തരം വികാരം തന്നെയാണ് മുന്നണിക്കുള്ളിലുമുള്ളത്. ശരദ് പവാറുമായി എന്തുവേണമെന്ന് വിശദമായ ചർച്ച നടത്തി. എന്ത് വില കൊടുത്തും സർക്കാർ രൂപീകരണത്തിൽ നിന്ന് ബിജെപിയെ തടയും'', ചവാൻ വ്യക്തമാക്കുന്നു.

കോൺഗ്രസ് ശത്രുക്കളല്ലെന്ന നിലപാടാണ് ശിവസേനയ്ക്കും ഉള്ളത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണത്തെക്കുറിച്ച് സംസാരിക്കവെ മുതിർന്ന നേതാവ് സഞ്ജയ് റാവത്താണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ആരും തയ്യാറായില്ലെങ്കിൽ ശിവസേന നേതൃത്വം നൽകുമെന്നും അദ്ദേഹം പറയുന്നു.


Next Story

Related Stories