TopTop
Begin typing your search above and press return to search.

നിയമസഭ കാലാവധി തീര്‍ന്നിരിക്കെ മഹാരാഷ്ട്രയില്‍ തിരക്കിട്ട ചര്‍ച്ചകള്‍, സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനേയും എന്‍സിപിയേയും വിളിക്കണമെന്ന് മിലിന്ദ് ദേവ്ര

നിയമസഭ കാലാവധി തീര്‍ന്നിരിക്കെ മഹാരാഷ്ട്രയില്‍ തിരക്കിട്ട ചര്‍ച്ചകള്‍, സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനേയും എന്‍സിപിയേയും വിളിക്കണമെന്ന് മിലിന്ദ് ദേവ്ര

മഹാരാഷ്ട്രയില്‍ നിയമസഭയുടെ കാലാവധി തീര്‍ന്നിരിക്കെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിനേയും എന്‍സിപിയേയും ഗവര്‍ണര്‍ ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും മുംബയ് പിസിസി മുന്‍ പ്രസിഡന്റുമായി മിലിന്ദ് ദേവ്ര. അതേസമയം ബിജെപിയും ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും തിരക്കിട്ട ചര്‍ച്ചകളിലാണ്. ഒക്ടോബര്‍ 24ന് നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍ തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനം അടക്കമുള്ള ശിവസേനയുടെ ആവശ്യങ്ങള്‍ ബിജെപി തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന ശ്രമിച്ചിരുന്നു. എന്നാല്‍ ഇരു പാര്‍ട്ടികളും വഴങ്ങിയിട്ടില്ല.

മുഖ്യമന്ത്രി സ്ഥാനം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ശിവസേന. എന്നാല്‍ ബിജെപി ഇതിന് വഴങ്ങുന്നില്ല. കഴിഞ്ഞ തവണത്തേക്കാള്‍ 17 സീറ്റ് കിട്ടിയ ബിജെപിക്ക് 105 സീറ്റാണ് ഇത്തവണ കിട്ടിയത്. ശിവസേനക്ക് 56 സീറ്റ്. എന്‍സിപിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റും. രാജി വച്ച് കാവല്‍ മുഖ്യമന്ത്രിയായ തുടരുകയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. ശിവസേന നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ആദിത്യ താക്കറെ മുംബയ് മലാഡിലെ ഹോട്ടലില്‍ വച്ച് പാര്‍ട്ടി എംഎല്‍എമാരെ കണ്ടിരുന്നു. ശിവസേന മുഖപത്രമായ സാംനയില്‍ എഴുതിയ ലേഖനത്തില്‍ ബിജെപിയെ ഹിറ്റ്‌ലറോടാണ് സേന എംപി സഞ്ജയ് റാവുത്ത് താരതമ്യപ്പെടുത്തിയത്. അതേസമയം ബിജെപിയെ ഒരു കാരണവശാലും പിന്തുണക്കില്ല എന്നും ബിജെപി - ശിവസേന സഖ്യം പൊളിയുകയാണെങ്കില്‍ എന്‍സിപി ബദല്‍ വഴി തേടുമെന്ന്് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു.

ഉച്ചയ്ക്ക് മുംബൈയിലെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയില്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. അതേസമയം ആദിത്യ താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാര്‍ ഉയര്‍ത്തിയ ആവശ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാക്കണമെന്നാണ് എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.


Next Story

Related Stories