TopTop
Begin typing your search above and press return to search.

മലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രഗ്യാസിങ് എംപി പാര്‍ലമെന്റ് പ്രതിരോധ സമിതി അംഗം, സേനയ്ക്ക് അപമാനമെന്ന് പ്രതിപക്ഷം

മലേഗാവ് സ്‌ഫോടന കേസ് പ്രതി പ്രഗ്യാസിങ് എംപി പാര്‍ലമെന്റ് പ്രതിരോധ സമിതി അംഗം, സേനയ്ക്ക് അപമാനമെന്ന് പ്രതിപക്ഷം

മഹാരാഷ്ട്രയിലെ മലേഗാവില്‍ നടന്ന ഇരട്ട സ്‌ഫോടന പരമ്പര കേസില്‍ കുറ്റാരോപിതയും ബിജെപി എംപിയുമായ പ്രഗ്യാ സിങ് താക്കൂര്‍ പാര്‍ലമെന്ററി പ്രതിരോധ ഉപദേശക സമിതിയില്‍. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ 21 അംഗ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയിലേക്കാണ് വിവാദ ബിജെപി എംപി പ്രഗ്യ താക്കൂറിനെ നാമനിർദേശം ചെയ്തിട്ടുള്ളത്.

പ്രതിരോധ വിഷയങ്ങളുമായി ബന്ധപ്പെട്ട പാര്‍മെന്റിലെ നയങ്ങളില്‍ ഈ സമിതിയോടു കൂടി ആലോചിച്ചശേഷമാണ് തീരുമാനമെടുക്കുക. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങിയവരും സമിതിയില്‍ അംഗങ്ങളാണ്. പ്രതിരോധ ഇടപാടുകളിൽ ഉൾപ്പെടെ സമിതിയിൽ അനുമതി ലഭിച്ച ശേഷമേ മുന്നോട്ട് പോകാന്‍ സാധിക്കൂ.

പ്രഗ്യാ സിങിന്റെ നിയമനത്തിനെതിരെ വ്യാപക വിമർശനങ്ങളും ഇതിനോടകം ഉയർന്നിട്ടുണ്ട്. നിയമനം " രാജ്യത്തെ പ്രതിരോധ സേനയെയും പാർലമെന്റ് അംഗങ്ങളെയും എല്ലാ ഇന്ത്യക്കാരെയും അപമാനിക്കുന്നതാണ്" എന്നായിരുന്നു കോൺഗ്രസിന്റെ വിമർശനം. നിയമനം ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും കോൺഗ്രസ് സെക്രട്ടറി പ്രണവ് ഝാ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു. നാമനിർദ്ദേശത്തിൽ പുനരാലോചനയ്ക്ക് ബിജെപി സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2008 ലെ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഗ്യ താക്കൂർ ജാമ്യത്തിലിറങ്ങിയാണ് ബിജെപി ടിക്കറ്റിൽ എംപിയായത്. . നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം, ഇന്ത്യൻ പീനൽ കോഡ്, ആയുധ നിയമം, സ്ഫോടകവസ്തു നിയമങ്ങൾ എന്നിവ പ്രകാരം ഒന്നിലധികം കുറ്റങ്ങളാണ് എംപിക്കെതിരെ നിലവിലുള്ളത്.

ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചാർജുകൾ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് 2017 ഏപ്രിലിലാണ് ബോംബെ ഹൈക്കോടതി പ്രഗ്യാ സിങിന് ജാമ്യം അനുവദിച്ചത്. ഇവർക്കെതിരെ ഒന്നിലേറെ യുഎപിഎ കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് മധ്യപ്രദേശിലെ ഭോപാല്‍ മണ്ഡലത്തില്‍ നിന്ന് പ്രഗ്യാ സിങ് പാര്‌ലമെന്റിലെത്തുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ വാഴ്ത്തിയതുൾപ്പെടെ വലിയ വിവാദത്തിലും പ്രഗ്യാ സിങ് ഭാഗമായിരുന്നു. ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിളിച്ചത് പ്രഗ്യാ സിങ്ങിനെ വിവാദത്തിലാക്കിയിരുന്നു. പിന്നീട് സംഭവത്തില്‍ അവര്‍ മാപ്പ് ചോദിക്കുയും ചെയ്തിരുന്നു.


Next Story

Related Stories