Top

'തമിഴ്' സ്‌റ്റൈലില്‍ അംഗവസ്ത്രവും അരക്കൈയ്യന്‍ ഷര്‍ട്ടും ധരിച്ച് വീണ്ടും മുണ്ടുടുത്ത് മോദി / വീഡിയോ

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനുമായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് പരമ്പരാഗത വേഷത്തില്‍. വെള്ള മുണ്ടും അംഗവസ്ത്രവും അരക്കൈയ്യന്‍ ഷര്‍ട്ടും ധരിച്ച് തമിഴ് രീതിയിലുള്ള വേഷവിധാനത്തോടെയാണ് പ്രധാനമന്ത്രി എത്തിയത്. മുമ്പ് ആന്‍ഡമാന്‍ സന്ദര്‍ശിച്ചപ്പോഴും തിരുവനന്തപുരത്ത് പദ്മനാഭ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴും മോദി മുണ്ട് ധരിച്ച് എത്തിയിരുന്നു. തമിഴ്‌നാട്ടിലെ മഹാബലിപുരമാണ് (മാമല്ലപുരം) ഇരു നേതാക്കളും അനൗദ്യോഗിക ചര്‍ച്ചകള്‍ക്കായി തിരഞ്ഞെടുത്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഷീ ജിന്‍പിങ്ങും മോദിയും മഹാബലിപുരത്തെ പുരാതന ശില്പങ്ങളും, പഞ്ച് രഥാസിലും, കടല്‍ തീരത്തുള്ള ക്ഷേത്രങ്ങളും സന്ദര്‍ശിച്ചിരുന്നു. 1,600 വര്‍ഷങ്ങളായി പൈതൃക തീരദേശ പട്ടണമായ മഹാബലിപുരവും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധത്തിന്റെ പ്രതീകാത്മകമായ പരിപാടികളും മറ്റുമായിരിക്കും രണ്ട് ദിവസം നടക്കുക.

പല്ലവ രാജാക്കന്മാരും ചൈനയും തമ്മിലുള്ള പുരാതന വ്യാപാര ബന്ധത്തിന്റെ പല അടയാളങ്ങളും മഹാബലിപുരത്തുണ്ട്. അന്ന് സജീവമായ തുറമുഖ നഗരമായിരുന്ന മഹാബലിപുരം ചൈനയിലേക്കും ദക്ഷിണേഷ്യയിലേക്കും ഇറക്കുമതിക്കും കയറ്റുമതിക്കുമുള്ള ഒരു കവാടമായി പ്രവര്‍ത്തിച്ചിരുന്നു. ചൈനയുടെ സില്‍ക്ക് റൂട്ടിന്റെ ഭാഗമായിരുന്നു ഇത്.


ബീജിംഗില്‍ നിന്ന് എയര്‍ ചൈന വിമാനത്തില്‍ ചെന്നൈ വിമാനത്താവളത്തിലാണ് ചൈനീസ് പ്രസിഡന്റ് എത്തിയത്. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പഴനിസാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം തുടങ്ങിയവര്‍ ചേര്‍ന്ന് ഷീ ജിന്‍പിങ്ങിനെ സ്വീകരിച്ചു. മഹാബലിപുരത്തെ താജ് ഫിഷര്‍മാര്‍ കേവ് റിസോര്‍ട്ടില്‍ ശനിയാഴ്ച രാവിലെയാണ് ചര്‍ച്ച നടക്കുക.

മോദിയും ഷീയും തമ്മില്‍ നടക്കുന്ന രണ്ടാം വട്ട അനൗദ്യോഗിക ചര്‍ച്ചയാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചൈനയിലെ വുഹാനിലാണ് ഇരു നേതാക്കളും തമ്മിലുള്ള ആദ്യ അനൗദ്യോഗിക ചര്‍ച്ച നടന്നത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തല്‍, വ്യാപാര സഹകരണം തുടങ്ങിയ വിഷയങ്ങളായിരിക്കും പ്രധാന ചര്‍ച്ചാവിഷയങ്ങളാവുക എന്നതാണ് പ്രതീക്ഷ.

കാശ്മീര്‍ പ്രശ്നത്തില്‍ പാകിസ്താനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള ഷീയുടെ പ്രസ്താവന വിവാദമായിരുന്നു. കാശ്മീര്‍ പ്രശ്നം ഷീ ഉന്നയിച്ചാല്‍ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാട് മോദി ആവര്‍ത്തിക്കാനാണ് സാധ്യത. അതിര്‍ത്തി തര്‍ക്കവും പ്രതിരോധ കാര്യങ്ങളും ചര്‍ച്ചയായേക്കും.


Next Story

Related Stories