TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ പ്രദേശത്ത് കണ്ണ് വച്ചവര്‍ക്ക് ചുട്ടമറുപടി കൊടുത്തു - പ്രധാനമന്ത്രി മോദി

ഇന്ത്യന്‍ പ്രദേശത്ത് കണ്ണ് വച്ചവര്‍ക്ക് ചുട്ടമറുപടി കൊടുത്തു - പ്രധാനമന്ത്രി മോദി

ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശത്ത് കണ്ണ് വച്ച് അത് കയ്യടക്കാന്‍ നോക്കിയവര്‍ക്ക് ഉചിതമായ മറുപടി കൊടുത്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്ത് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യക്ക് സൗഹൃദം എങ്ങനെ നിലനിര്‍ത്തണമെന്ന് അറിയാം. അതുപോലെ ആവശ്യമെങ്കില്‍ ശക്തമായി തിരിച്ചടിക്കാനും മറുപടി നല്‍കാനുമറിയാം - മോദി പറഞ്ഞു. ഭാരതമാതാവിനെ ആരെങ്കിലും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കില്ല എന്ന് നമ്മുടെ ധീര സൈനികര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലഡാക്കിലെ ഗാൽവാൻ വാലിയിൽ ജൂൺ 15നുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ ആര്‍മി പറയുന്നു. 35ലധികം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങളും പറയുന്നു. എന്നാല്‍ ചൈന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഒരു ചൈനീസ് കേണൽ കൊല്ലപ്പെട്ടതായി ചൈനീസ് ഉദ്യോഗസ്ഥർ ഇന്ത്യൻ ഉദ്യോഗസ്ഥരെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. മേയ് മുതല്‍ എല്ലാ പരസ്പര ധാരണകളും ലംഘിച്ച് ചൈന തുടര്‍ച്ചയായി ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് കടന്നുകയറ്റം നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

20 സൈനികർ കൊല്ലപ്പെടാനിടയായ സാഹചര്യത്തിൽ മോദി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും കടന്നാക്രമിക്കുകയുമാണ് പ്രതിപക്ഷം. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. മോദിയെ ട്വിറ്ററിൽ Surendar Modi എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. (Surrender അഥവാ കീഴടങ്ങൽ) എന്നാണ് രാഹുൽ ഗാന്ധി ഉദ്ദേശിച്ചത്. ബിജെപിക്കാരെക്കൊണ്ട് സുരേന്ദ്രർ അല്ല, സറണ്ടർ ആണ് എന്ന് രാഹുൽ പറയിപ്പിക്കുകയും ചെയ്തു. ചൈനീസ് ആക്രമണത്തിൻ്റെ വിശദവിവരങ്ങൾ നൽകാൻ സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ പ്രദേശത്ത് ആരും അതിക്രമിച്ച് കയറിയിട്ടില്ലെന്നും ഇന്ത്യന്‍ പ്രദേശങ്ങളൊന്നും കയ്യേറിയിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞത്. ഇത് വലിയ വിവാദമായി. ഇന്ത്യന്‍ പ്രദേശം ആരും കയ്യേറിയിട്ടില്ലെങ്കില്‍ പിന്നെ 20 ഇന്ത്യന്‍ സൈനികര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് പ്രതിപക്ഷ നേതാക്കള്‍ ചോദിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവന ചൈന ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യന്‍ സൈനികര്‍ ചൈനീസ് പ്രദേശത്ത് അതിക്രമിച്ച് കയറിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തങ്ങള്‍ ആരോപിക്കുന്നതിന് സാധൂകരണമായിട്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ ചൈനീസ് ഗവണ്‍മെന്റും മാധ്യമങ്ങളും അവതരിപ്പിച്ചത്.


Next Story

Related Stories