കോവിഡ് വാക്സിനുകള്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കിയാല്‍ നിര്‍മാതാക്കളായ കമ്പനികള്‍ മാത്രമായിരിക്കും ഉത്തരവാദികളെന്ന് കേന്ദ്ര സര്‍ക്കാര്‍.സര്‍ക്കാരും ബാധ്യത ഏറ്റെടുക്കണമെന്ന വാക്സിന് നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളിയാണ് കേന്ദ്രം നിലപാടറിയിച്ചത്. കോവിഡ് വാക്സിനേഷന് നടപടികള്‍ രാജ്യത്ത് ആരംഭിക്കാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
രാജ്യത്ത് നിലവിലുള്ള പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച എല്ലാ നിയമങ്ങളും കോവിഡ് വാക്സിന് വിതരണത്തിലും ബാധകമാണ്. അതിനാല്‍ സിഡിഎസ്സിഒ/ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്റ്റ്/ ഡിസിജിഐ പോളിസി വകുപ്പുകള്‍ അനുസരിച്ച് കമ്പനികള്‍ക്കാണ് എല്ലാ ഉത്തരവാദിത്വങ്ങളും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെ വേഗത്തിലാണ് കമ്പനികള്‍ പ്രതിരോധ വാക്സിനുകള്‍ നിര്‍മിച്ച് വിതരണം ചെയ്യുന്നത് എന്നതിനാല്‍ തന്നെ പല രാജ്യങ്ങളിലേയും സര്‍ക്കാരുകള്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. യുഎസ്, യുകെ, കാനഡ, സിംഗപ്പൂര്‍, ഇയു തുടങ്ങി പല രാജ്യങ്ങളും നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ വാക്സിന് നിര്‍മാതാക്കള്‍ നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത തേടി സര്‍ക്കാരിനെ സമീപിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല കഴിഞ്ഞ മാസം അവസാനം ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.