ഡല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകുമെന്ന് അദ്ദേഹം പറഞ്ഞു. 'എന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ. ഈ നിയമങ്ങള്‍ (മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍) പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതരാകും. ഞാന്‍ പറഞ്ഞത് എന്താണെന്ന് ഓര്‍ത്തുവച്ചോളൂ', രാഹുല്‍ ഗാന്ധി പറഞ്ഞു.
ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ തമിഴ്നാട്ടിലെത്തിയ രാഹുല്‍ മധുരയില്‍ ജെല്ലിക്കെട്ട് മത്സരം കാണുകയും പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പ്രയോജനം ചെയ്യാനാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തുടനീളമുള്ള കര്‍ഷകരുടെ ചെലവില്‍ ഈ നിയമങ്ങള്‍ കുറച്ച് വ്യക്തികള്‍ക്ക് ഗുണം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
കര്‍ഷക പ്രക്ഷോഭത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയല്ല, തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. കര്‍ഷകര്‍ക്ക് സ്വന്തമായുള്ളതെല്ലാം തങ്ങളുടെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. കര്‍ഷക സമരത്തെ അവഗണിക്കുന്നുവെന്ന് പറഞ്ഞാല്‍ അത് വളരെ ദുര്‍ബലമായ വിശേഷണമായിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.