TopTop

അയോധ്യയിലെ അഞ്ചേക്കർ സ്വീകരിക്കേണ്ടതുണ്ടോ; സുന്നി വഖഫ് ബോർഡ് തീരുമാനം 26 ന്

അയോധ്യയിലെ അഞ്ചേക്കർ സ്വീകരിക്കേണ്ടതുണ്ടോ; സുന്നി വഖഫ് ബോർഡ് തീരുമാനം 26 ന്

അയോധ്യ ഭൂമിത്തർക്ക കേസിൽ സുപ്രീം കോടതി വിധിയിൽ പള്ളി പണിയുന്നതിനായി വാഗ്ദാനം ചെയ്ത അഞ്ച് ഏക്കർ സ്ഥലം സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യം ചർ‌ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സുന്നി സെൻട്രൽ വഖഫ് ബോർഡ്. നവംബർ 26 ന് ചേരുന്ന ജനറൽ ബോഡി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് യുപി സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫാറൂഖി പ്രതികരിച്ചു.

'യോഗത്തിൽ ഭൂമി ഏറ്റെടുക്കാൻ ബോർഡ് തീരുമാനിക്കുകയാണെങ്കിൽ, അത് എങ്ങനെ ആയിരിക്കണം, എന്തായിരിക്കുമെന്നും ഉൾപ്പെടെ ചർച്ച ചെയ്യും. ‌‌‌കേസിൽ സുപ്രീം കോടതി വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വിധിയെ വെല്ലുവിളിക്കാൻ ബോർഡിന് പദ്ധതിയില്ല. ദേശീയ താല്പര്യത്തിൽ ചില നിബന്ധനകളോടെ തർക്ക ഭൂമിയിലെ അവകാശവാദത്തിൽ നിന്ന് പിന്നാട്ട് പോവാൻ ബോർഡ് കഴിഞ്ഞ മാസം തന്നെ നിർദ്ദേശിച്ചിരുന്നു' എന്നും അദ്ദേഹം പറഞ്ഞു.

ബാബ്റി മസ്ജിദ് നിലനിന്ന ഭൂമിയിൽ രാമക്ഷേത്രം പണിയാൻ അനുമതി നൽകികൊണ്ടായിരുന്നു സുപ്രീം കോടതി ശനിയാഴ്ച ഉത്തരവിറക്കിയത്. അഞ്ചംഗ ഭരണഘടന ബഞ്ച് ഏക കണ്ഠമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തർക്കഭൂമി സർക്കാർ ഏറ്റെടുത്ത് ട്രസ്റ്റ് രൂപികരിച്ച് കൈമാറാനാണ് ഉത്തരവ്. എന്നാൽ തർക്ക സ്ഥലത്തിന് പുറത്ത് അഞ്ചേക്കർ ഭൂമി പള്ളി നൽകാൻ മുസ്ലീങ്ങൾക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ വിഷയമാണ് 26 ന് ചേരുന്ന ജനറൽ ബോഡി ചർച്ച ചെയ്യുകയെന്ന് ഫാറൂഖി പിടിഐയോട് പ്രതികരിച്ചു.

നവംബർ 13 നായിരുന്നു ജനറൽ ബോഡി തീരുമാനിച്ചിരുന്നത്. എന്നാൽ അത് മാറ്റി ഇപ്പോൾ നവംബർ 26 ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുപ്രീം കോടതി വിധിയിൽ വാഗ്ദാനം ചെയ്തിരിക്കുന്ന 5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. വ്യക്തിപരമായി ഭൂമി വാങ്ങരുതെന്നാണ് നിലപാട്. എന്നാൽ അത് നിഷേധാത്മക നിലപാട് ആയിരിക്കും. എന്നാൽ എതിർ അഭിപ്രായങ്ങളെ നല്ല തീരുമാനങ്ങളിലൂടെ മറികടക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സുഫർ ഫാറൂഖി പറയുന്നു.

ബാബറി പള്ളിക്ക് വാഗ്ദാനം ചെയ്ത ഭൂമി എടുക്കരുതെന്ന് ചില ആളുകൾ ഉപദേശിക്കുന്നുണ്ട്. എന്നാൽ ഇത് നിഷേധാത്മകത വർദ്ധിപ്പിക്കും. എന്നാൽ വഖഫ് ബോർഡ് സ്ഥലം ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. രാമ ക്ഷേത്രത്തിന് സമീപത്ത് തന്നെ ലഭിക്കുന്ന ഈ സ്ഥലത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനവും പള്ളിയും സ്ഥാപിക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മുസ്ലീം സംഘടനകള്‍ വിധിയെ അംഗീകരിക്കാതിരിക്കുന്നുണ്ടെങ്കില്‍ അത് നല്ലതായിരിക്കില്ല എന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.‌

വിധിയെ അംഗീകരിക്കുന്നതായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും വ്യക്തമാക്കിയിരുന്നു. അതേസമയം വിധിയില്‍ കടുത്ത അതൃപ്തിയുണ്ട് എന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് (ഓൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോർഡ്) പറയുന്നു. ഈ വിധിയില്‍ തുല്യതയും നീതിയുമില്ല എന്ന് വ്യക്തിനിയമ ബോര്‍ഡ് അഭിപ്രായപ്പെട്ടു. വസ്തുതകള്‍ക്ക് മേല്‍ വിശ്വാസമാണ് ജയിച്ചിരിക്കുന്നത് എന്നായിരുന്നു എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസിയുടെ നിലപാട്. ഭൂമി വാങ്ങരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "പരമോന്നതം, എന്നാൽ വീഴ്ചകളില്ലാത്തതല്ല" എന്നാണ് വിധിയെക്കുറിച്ച് ഇന്നലെ ഒവൈസിയുടെ പ്രതികരണം.


Next Story

Related Stories