TopTop
Begin typing your search above and press return to search.

കര്‍ഷക പ്രക്ഷോഭം: ഇന്നും തീരുമാനമായില്ല; കര്‍ഷകരുമായി ശനിയാഴ്ച വീണ്ടും ചര്‍ച്ച

കര്‍ഷക പ്രക്ഷോഭം: ഇന്നും തീരുമാനമായില്ല; കര്‍ഷകരുമായി ശനിയാഴ്ച വീണ്ടും ചര്‍ച്ച

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് യോഗം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. വിളകള്‍ക്ക് താങ്ങുവില ഉള്‍പ്പെടെ നല്‍കുന്ന കാര്യത്തില്‍ ഉത്തരവ് കൊണ്ടുവരാമെന്ന കേന്ദ്ര മന്ത്രിമാരുടെ നിര്‍ദേശം കര്‍ഷക പ്രതിനിധികളും തള്ളി. ഇതോടെ ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. വിജ്ഞാന്‍ ഭവനില്‍ നടന്ന ചര്‍ച്ചയില്‍ 40 കര്‍ഷക സംഘടന പ്രതിനിധികളാണ് പങ്കെടുത്തത്. ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം എട്ടാം ദിവസത്തിലേക്ക് പ്രവേശിച്ചതിനു പിന്നാലെയായിരുന്നു ചര്‍ച്ച. അതേസമയം, തുറന്ന മനസ്സോടെ ചര്‍ച്ച തുടരുമെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പ്രതികരണം.

ചൊവാഴ്ചയും കര്‍ഷകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിക്കാമെന്ന് ചര്‍ച്ചയില്‍ സര്‍ക്കാര്‍ പറഞ്ഞെങ്കിലും കര്‍ഷകര്‍ അംഗീകരിച്ചില്ല. പുതിയ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. ഇതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം. അല്ലെങ്കില്‍ പ്രധാനമന്ത്രി യോഗം വിളിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങളുടെ കരട് ഇന്നലെ സമര്‍പ്പിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ഇന്ന് ചര്‍ച്ചയായെങ്കിലും വിട്ടുവീഴ്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ ഒരുക്കിയ ഉച്ചഭക്ഷണം പോലും കര്‍ഷക പ്രതിനിധികള്‍ നിരസിച്ചിരുന്നു. പകരം ആംബുലന്‍സില്‍ എത്തിച്ച ഭക്ഷണമാണ് ഇവര്‍ പങ്കുവെച്ച് കഴിച്ചത്.

തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാകുംവരെ സമരം തുടരുമെന്നാണ് കര്‍ഷകരുടെ നിലപാട്. അതിര്‍ത്തികളില്‍ താമസിച്ച് സമരം തുടരുന്നതിനുള്ള തയ്യാറെടുപ്പുകളും ചെയ്തിരുന്നു. ആറു മാസം വരെ കഴിയുന്നതിനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്. സമരം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, യുപി എന്നിവിടങ്ങളില്‍നിന്നും കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളിലേക്ക് എത്തുന്നുണ്ട്.


Next Story

Related Stories