TopTop
Begin typing your search above and press return to search.

ശ്രമിക് ട്രെയിനുകളില്‍ വെള്ളമില്ല; വിളമ്പിയ ഭക്ഷണം ചീഞ്ഞത്; മണിക്കൂറുകളോളം പിടിച്ചിട്ടു: യാത്രക്കാരുടെ പ്രതിഷേധം

ശ്രമിക് ട്രെയിനുകളില്‍ വെള്ളമില്ല; വിളമ്പിയ ഭക്ഷണം ചീഞ്ഞത്; മണിക്കൂറുകളോളം പിടിച്ചിട്ടു: യാത്രക്കാരുടെ പ്രതിഷേധം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓടുന്ന ശ്രമിക് ട്രെയിനുകളില്‍ സൗകര്യങ്ങളില്ലാത്തതിലും മണിക്കൂറുകളോളം പിടിച്ചിടുന്നതിലും യാത്രക്കാരുടെ വ്യാപക പ്രതിഷേധം. ബിഹാറിലേക്കുള്ള ശ്രമിക് ട്രെയിനില്‍ വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാത്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ കൂട്ടത്തോടെ പുറത്തിറങ്ങുകയും ട്രെയിനിന്റെ മുന്നോട്ടുള്ള നീക്കം തടഞ്ഞ് പ്രതിഷേധിക്കുകയും ചെയ്തു. കിഴക്കന്‍ ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കുമുള്ള ട്രെയിനുകളിലെ യാത്രയാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് ദുരിതമായി മാറിയത്.

യാത്രക്കാര്‍ക്ക് ട്രെയിനില്‍ ആവശ്യമായ വെള്ളമുണ്ടായിരുന്നില്ല. ചീഞ്ഞ ഭക്ഷണമാണ് വിളമ്പിയത്. സഹിക്കാന്‍ പറ്റാതായതോടെ യാത്രക്കാര്‍ പുറത്തിറങ്ങി ട്രെയിന്‍ തടഞ്ഞു വെച്ചു. ബിഹാറില്‍ നിന്നുള്ള യാത്രക്കാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ആന്ധ്രയിലെ വിശാഖപട്ടണത്തില്‍ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് തടയപ്പെട്ടത്.

ദീന്‍ ദയാല്‍ ഉപാധ്യായ റെയില്‍വേ സ്റ്റേഷനില്‍ സിഗ്നല്‍ കാത്ത് നിര്‍ത്തിയപ്പോഴാണ് പ്രതിഷേധം അരങ്ങേറിയത്. ഈ സ്റ്റേല്‍നില്‍ പത്ത് മണിക്കൂറോളമാണ് ട്രെയിന്‍ പിടിച്ചിട്ടത്. സഹികെട്ടതോടെ യാത്രക്കാര്‍ പുറത്തിറങ്ങി പ്രതിഷേധം തുടങ്ങി. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് സ്റ്റേഷനില്‍ പിടിച്ചിട്ട ട്രെയിന്‍ നേരം വെളുത്തിട്ടും നീങ്ങിയില്ല.

മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് പോകുകയായിരുന്ന മറ്റൊരു ട്രെയിനിലും സമാനമായ സംഭവമുണ്ടായി. വാരാണസിയില്‍ ഈ ട്രെയിന്‍ പിടിച്ചിട്ടത് പത്ത് മണിക്കൂറിലധികമാണ്. ഇവിടെയും യാത്രക്കാര്‍ പുറത്തിറങ്ങി പ്രതിഷേധം തുടങ്ങി. പാളത്തിലിറങ്ങിയ യാത്രക്കാര്‍ മറ്റൊരു ട്രെയിന്‍ വരുന്നത് കണ്ടിട്ടും നീങ്ങാന്‍ വിസമ്മതിച്ചു. തങ്ങള്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. പൊലീസ് ഇടപെട്ട് ഭക്ഷണമെത്തിക്കാമെന്ന് സമ്മതിച്ചപ്പോഴാണ് യാത്രക്കാര്‍ അടങ്ങിയത്.

മഹാരാഷ്ട്രയില്‍ തങ്ങള്‍ക്ക് ഭക്ഷണം കിട്ടിയിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍, ഉത്തര്‍പ്രദേശിലെത്തിയപ്പോള്‍ ഭക്ഷണം കിട്ടിയില്ല. പത്ത് മണിക്കൂറോളം പിടിച്ചിട്ടപ്പോഴും ഭക്ഷണമില്ല. വിശന്നു വലഞ്ഞ യാത്രക്കാര്‍ പ്രതിഷേധത്തിനിറങ്ങുകയായിരുന്നു.

ഗുജറാത്തില്‍ നിന്നും ബിഹാറിലേക്ക് പുറപ്പെട്ട മറ്റൊരു ശ്രമിക് ട്രെയിനിലും പരാതി ഉയര്‍ന്നു. കേടുവന്ന ഭക്ഷണമാണ് ഇതില്‍ യാത്രക്കാര്‍ക്ക് കഴിക്കാന്‍ കിട്ടിയത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ യാത്രക്കാര്‍ പുറത്തിറങ്ങുകയും പ്രതിഷേധിക്കുകയും ചെയ്തു. കക്കൂസില്‍ വെള്ളമില്ലെന്നതടക്കമുള്ള പരാതികള്‍ യാത്രക്കാര്‍ ഉന്നയിച്ചു. തങ്ങള്‍ക്ക് കിട്ടിയ പൂരി കടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലായിരുന്നെന്ന് യാത്രക്കാര്‍ പറഞ്ഞു. നാലോ അഞ്ചോ ദിവസം പഴക്കമുള്ള ഭക്ഷണമാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.

ബെംഗളൂരുവില്‍ നിന്ന് ബിഹാറിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിനിലും വെള്ളവും നല്ല ഭക്ഷണവും ഉണ്ടായിരുന്നില്ല.



Next Story

Related Stories