TopTop
Begin typing your search above and press return to search.

"പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു, പാർട്ടി പ്രവർത്തകർ കർഷകരെ ബോധവൽക്കരിക്കണം": കാർഷിക ബില്ലുകളെക്കുറിച്ച് പ്രധാനമന്ത്രി

പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നു, പാർട്ടി പ്രവർത്തകർ കർഷകരെ ബോധവൽക്കരിക്കണം: കാർഷിക ബില്ലുകളെക്കുറിച്ച് പ്രധാനമന്ത്രി

കാർഷിക ബില്ലുകൾ സംബന്ധിച്ച് പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സർക്കാരിന്റെ നിലപാട് വിശദീകരിക്കാൻ ബിജെപി പ്രവർത്തകർ കർഷകർക്കിടയിലേക്ക് ഇറങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. പുതിയ നിയമങ്ങളുടെ 'ഗുണഗണങ്ങൾ' ഓരോ കർഷകനെയും ബോധ്യപ്പെടുത്താനാണ് പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തെ കർഷകർ കാർഷിക ബില്ലുകൾക്കെതിരെ രാജ്യവ്യാപകമായ ഹർത്താൽ പ്രഖ്യാപിച്ച ദിവസമാണ് പ്രധാനമന്ത്രിയുടെ ഈ ആഹ്വാനം വന്നിരിക്കുന്നത്. ബിജെപി സ്ഥാപകനേതാവ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികാഘോഷവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. ഓൺലൈൻ ലോകത്ത് നടക്കുന്ന പ്രചാരണങ്ങളെ പാർട്ടിയുടെ അടിത്തട്ടിലെ ബന്ധങ്ങളുപയോഗിച്ച് തകർക്കണമെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയല്ല, മറിച്ച് കർഷകർക്ക് എത്രത്തോളം ഉപകാരപ്പെടുമെന്നതിനെ ആസ്പദിച്ചാണ് തന്റെ സർക്കാർ നിലപാടുകളെടുക്കാറുള്ളതും നയങ്ങൾ രൂപീകരിക്കാറുള്ളതുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം പക്ഷെ, എപ്പോഴും കർഷകരെ വോട്ടുബാങ്കായാണ് കാണുന്നത്. തങ്ങളുടെ വോട്ടുബാങ്ക് താൽപര്യം മുൻനിർത്തിയാണ് ഇപ്പോൾ കാർഷിക ബില്ലുകൾക്കെതിരെ നടത്തുന്ന പ്രക്ഷോഭമെന്നും അദ്ദേഹം വ്യക്തമാക്കി.

യുപിഎ സർക്കാരുകളുടെ കാർഷികനിയമങ്ങൾ കെട്ടുപിണഞ്ഞുകിടക്കുന്ന സങ്കീർണമായ വാഗ്ദാനങ്ങളും നിയമങ്ങളുമാണ് കർഷകർക്കായി നൽകിയതെന്നും അതുകൊണ്ടുതന്നെ പ്രസ്തുത നിയമങ്ങൾ അന്ന് ആളുകൾക്ക് മനസ്സിലായിരുന്നില്ലെന്നും പ്രധാനമന്ത്രി വാദിച്ചു. എൻഡിഎ സർക്കാരാണ് കർഷകർക്ക് അനുകൂലമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നത്.

85 ശതമാനം കാർഷികോൽപ്പന്നങ്ങളുമുണ്ടാക്കുന്ന ചെറുകിട കർഷകർക്ക് തന്റെ പുതിയ നിയമങ്ങൾ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി വാദിക്കുന്നു. പുതിയ ബില്ലുകൾ കർഷകരുടെ ജീവിതത്തെ മാറ്റിത്തീർക്കും. അസംഘടിത മേഖലയിലെ എല്ലാവർക്കുമായി തൊഴിലുറപ്പ് പദ്ധതി വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

31 കർഷകസംഘടനകളാണ് ഇന്ന് മുതൽ പഞ്ചാബിൽ സമ്പൂർണ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ റെയിൽവേ സേവനങ്ങൾ തടയാനുള്ള ആഹ്വാനം ആദ്യം നൽകിയത് കിസാൻ മസ്ദൂർ സംഘർഷ് സമിതിയായിരുന്നു. പിന്നീടീ ആഹ്വാനം വിവിധ കർഷകസംഘടനകൾ ഏറ്റെടുത്തു.

കർഷകരെ വൻ കോർപറേറ്റുകൾക്ക് തീറെഴുതി നൽകുന്ന ബില്ലുകളാണ് പാസ്സാക്കപ്പെട്ടിരിക്കുന്നതെന്നാണ് കർഷകർ പറയുന്നത്. ഹരിയാനയിലെ എൻഡിഎ സർക്കാരിന് രാജ്യസഭ പാസ്സാക്കിയ ഈ ബില്ലുകൾ തലവേദനയായി മാറിയിട്ടുണ്ട്. സര്‍ക്കാരില്‍നിന്ന് പിന്‍വാങ്ങാന്‍ ജനായക് ജനതാ പാര്‍ട്ടിയില്‍ സമ്മര്‍ദ്ദം ശക്തമായി. നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തു നല്‍കുകയും ചെയ്തു. ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ നിലനില്‍ക്കുന്നത് ദുഷ്യന്ത് ചൗതാലയുടെ ജനായക് ജനതാ പാര്‍ട്ടിയുടെ പിന്തുണയോടെയാണ്. അതുകൊണ്ട് തന്നെ ആ പാര്‍ട്ടിയെടുക്കുന്ന സമീപനം ബിജെപി സര്‍ക്കാരിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് പ്രധാനമാണ്. 90 അംഗ നിയമസഭയില്‍ ദുഷ്യന്ത് ചൗതാലയുടെ പാര്‍ട്ടിക്ക് 10 എം എല്‍ എമാരാണുള്ളത്. ബിജെപിയ്ക്ക് കേവല ഭൂരിപക്ഷത്തിനുള്ള എംഎല്‍എമാരില്ല. 40 എംഎല്‍എമാരാണ് ബിജെപിയ്ക്കുള്ളത്. ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പാര്‍ട്ടിക്ക് നഷ്ടപെടുമെന്ന എംഎല്‍എമാര്‍ തന്നെ പരസ്യ പ്രഖ്യാപനം നടത്തി. ഈ മാസം 10 -ാം തീയതി, നിയമത്തിനെതിരെ കുരുക്ഷേത്രയില്‍ കര്‍ഷകര്‍ നടന്ന മാര്‍ച്ച് പ്രശ്‌നം വഷളാക്കുകയും ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പോലും മനോഹര്‍ ഖട്ടാര്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.


Next Story

Related Stories