TopTop
Begin typing your search above and press return to search.

അന്ന് കോണ്‍ഗ്രസിന്റെ പിടിപ്പുകേടിന്റെ സ്മാരകമെന്ന് പരിഹസിച്ചു; ഇപ്പോള്‍ അവസാന ആശ്രയം; തൊഴിലുറപ്പിനോടുള്ള മോദി സര്‍ക്കാരിന്റെ മാറുന്ന സമീപനങ്ങള്‍

അന്ന് കോണ്‍ഗ്രസിന്റെ പിടിപ്പുകേടിന്റെ സ്മാരകമെന്ന് പരിഹസിച്ചു; ഇപ്പോള്‍ അവസാന ആശ്രയം; തൊഴിലുറപ്പിനോടുള്ള മോദി സര്‍ക്കാരിന്റെ മാറുന്ന സമീപനങ്ങള്‍

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും കുടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പദ്ധതിയായിരുന്നു മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഗ്രാമീണ ജനങ്ങള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ഒന്നാം യുപിഎ സര്‍ക്കാരാണ് പദ്ധതി കൊണ്ടുവന്നത്. 2005 ല്‍ കൊണ്ടുവന്ന പദ്ധതി ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഒരു പരിധി വരെ ആശ്വാസമാകുകയും ചെയ്തു. 2009-ല്‍ യുപിഎ സര്‍ക്കാര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിനും ഇത് ഒരു പ്രധാനകാരണമായി.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അന്താരാഷ്ട്ര തലത്തില്‍ തന്ന സാമൂഹ്യ ശാസ്ത്രകാരന്മാര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. കയും ചെയ്തു. നോബല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി അടക്കമുള്ളവര്‍ പദ്ധതിയെ പലപ്പോഴായി അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്.കോണ്‍ഗ്രസിനെ എതിര്‍ത്തവര്‍ പോലും തൊഴിലുറപ്പ് പദ്ധതിയെ പിന്തുണച്ചു. എന്നാല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം ആ സമീപനത്തില്‍ മാറ്റം വന്നു. ലോക്‌സഭയില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി തൊഴിലുറപ്പ് പദ്ധതിയെ കോണ്‍ഗ്രസ് ഭരണത്തിന്റെ കെടുകാര്യസ്ഥതയുടെ പ്രതീകമാണെന്നാണ് വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് ഭരണം മൂലമുണ്ടായ പട്ടിണിയുടെ സ്മാരാകമായിട്ടും അതിനെ വിശേഷിപ്പിച്ചു. അന്ന് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞു; "നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ ഈ പദ്ധതി ഞാന്‍ വേണ്ടെന്ന് വെയ്ക്കുമെന്ന്. പട്ടിണിയും ദാരിദ്ര്യവും നേരിടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നതിന്റെ സ്മാരകമാണ് ഈ പദ്ധതി. ആ കെടുകാര്യസ്ഥതയുടെ സ്മരണ നിലനിര്‍ത്താന്‍ അതുകൊണ്ട് തന്നെ പദ്ധതി തുടര്‍ന്നും നടപ്പിലാക്കും", എന്നായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളിലും സര്‍ക്കാര്‍ വേണ്ട പരിഗണന തൊഴിലുറപ്പ് പദ്ധതിക്ക് നല്‍കിയില്ലെന്ന് ആക്ഷേപമുണ്ടായി. തൊഴിലുറപ്പ് പദ്ധതിക്കുള്ള യഥാര്‍ത്ഥ വിഹിതം കുറഞ്ഞെന്ന വിമര്‍ശനമാണ് പിന്നീടുയര്‍ന്നത്. 2018 ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത 1.28 കോടി ജനങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി കിട്ടിയില്ല. രാജ്യത്തിലെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മൂലം ഗ്രാമീണ മേഖലയിലെ പ്രശ്‌നങ്ങള്‍ തീഷ്ണമായിരുന്ന കാലം കൂടിയായിരുന്നു അത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷങ്ങളില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതോടെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് ആവശ്യക്കാര്‍ ഏറെയായി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കാതെ പദ്ധതിയെ ശ്വാസം മുട്ടിക്കുകയാണെന്ന ആരോപണവും വ്യാപകമായി ഉണ്ടായി. അനുവദിക്കുന്ന തുകയില്‍ തന്നെ കൂടുതലും ചെലവഴിക്കുന്നത് തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനല്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ പല വ്യവസ്ഥകളും സര്‍ക്കാര്‍ മാറ്റിയത് ഗ്രാമീണ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ ആരോപിച്ചിരുന്നു.ഇങ്ങനെ പട്ടിണി ഭരണത്തിന്റെ സ്മാരകമാക്കുമെന്ന് പറഞ്ഞ പദ്ധതിയെയാണ് കേന്ദ്ര സര്‍ക്കാര്‍ കോവിഡ് 19-ന്റെ ഉത്തേജക പരിപാടിയുടെ ഭാഗമായി കൂടുതല്‍ ഫണ്ട് നല്‍കിയിരിക്കുന്നത്. 40,000 കോടി രൂപ തൊഴിലുറപ്പ് പദ്ധതിക്ക് നല്‍കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. 2020-21 ലെ ബജറ്റില്‍ മുന്‍ ബജറ്റിനെക്കാള്‍ കുറവായിരുന്നു ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവെച്ചത്. 2019-20 ലെ പുതുക്കിയ ബജറ്റ് കണക്കുകള്‍ പ്രകാരം 71,002 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്ക് ചിലവഴിച്ചത്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ വിഹിതം 61,500 കോടി രൂപയായി കുറയുകയായിരുന്നു. ഇതാണ് കോവിഡ് പ്രതിസന്ധിയുടെ പാശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. 40,000 കോടി രൂപ കൂടി നല്‍കുന്നതോടെ, ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ ജോലി ആവശ്യങ്ങളും പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇക്കാര്യമാണ് ധനമന്ത്രി പ്രഖ്യാപനം നടത്തുന്നതിനിടെ സൂചിപ്പിക്കുകയും ചെയത്. പദ്ധതി തുടങ്ങുന്ന ഘട്ടത്തില്‍ 200 ജില്ലകളിലായിരുന്നു തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ വര്‍ഷം 5.47 കോടി ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. 202 രൂപയായി പദ്ധതിയിലെ വേതനം വര്‍ധിപ്പിച്ചിട്ടുമുണ്ട്. പുതിയ സാഹചര്യത്തില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പുറമെ നഗരപ്രദേശങ്ങളിലും തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരണമെന്നും ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടിരുന്നു.


Next Story

Related Stories