TopTop
Begin typing your search above and press return to search.

അതിർത്തിസംഘർഷത്തിനിടെ ഇന്ത്യ ചൈനീസ് നിയന്ത്രിത ബാങ്കിൽ നിന്ന് വാങ്ങിയത് 9202 കോടി രൂപ

അതിർത്തിസംഘർഷത്തിനിടെ ഇന്ത്യ ചൈനീസ് നിയന്ത്രിത ബാങ്കിൽ നിന്ന് വാങ്ങിയത് 9202 കോടി രൂപ

ലഡാക്ക് നിയന്ത്രണരേഖയില്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം തുടരുന്നതിനിടെയും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ക്കിടയിലും ഇന്ത്യ ചൈനയില്‍ നിന്ന് വാങ്ങിയത് 9202 കോടി രൂപയുടെ (1350 മില്യണ്‍ ഡോളര്‍) വായ്പ. ജൂണ്‍ 20ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ 20 ഇന്ത്യന്‍ സൈനികരാണ് ചൈനീസ് പിഎല്‍എ (പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി) കൊല്ലപ്പെട്ടത്. ബീജിങ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ (എഐഐബി) നിന്ന് ഇന്ത്യ 5521 കോടി രൂപയുടെ (750 മില്യണ്‍ ഡോളര്‍) വായ്പയെടുത്തത് ജൂണ്‍ 19ന്. ലഡാക്കിൽ ഇന്ത്യൻ ഭൂപ്രദേശത്ത് ആരും കടന്നുകയറിയിട്ടില്ല എന്ന വിവാദ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് ഈ ദിവസത്തെ സർവകക്ഷി യോഗത്തിലായിരുന്നു.

പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്കായാണ് ഈ തുകയുടെ ലോണെടുത്തത്. ഇന്ത്യ 9202 കോടി രൂപയുടെ വായ്പ എഐഐബിയില്‍ നിന്നെടുത്തതായി മോദി സര്‍ക്കാര്‍ ലോക് സഭയിൽ ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ചോദ്യത്തിന് മറുപടിയായി ഇക്കാര്യം രേഖാമൂലം അറിയിച്ചത്. ബിജെപി എംപിമാരായ സുനില്‍കുമാര്‍ സിംഗിന്‌റേയും പി പി ചൗധരിയുടേയും ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അനുരാഗ് താക്കൂര്‍ ഇക്കാര്യം പറഞ്ഞത്.

കോവിഡ് 19 ക്രൈസിസ് റിക്കവറി ഫെസിലിറ്റിയുടെ ഭാഗമായി എഐഐബിയുമായി സര്‍ക്കാര്‍ രണ്ട് വായ്പാകരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. 500 മില്യണ്‍ ഡോളറിന്റെ ആദ്യ വായ്പാ കരാര്‍ മേയ് 8ന് ഒപ്പുവച്ചു. ഇന്ത്യയുടെ കോവിഡ് 19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റംസം പ്രിപ്പയര്‍ഡ്‌നെസ് പ്രോജക്ടിനുള്ള ധനസഹായമാണിത്. ഈ പണം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്തതായി അനുരാഗ് താക്കൂര്‍ പറഞ്ഞു. 750 മില്യണ്‍ ഡോളറിനുള്ള രണ്ടാമത്തെ വായ്പാ കരാര്‍ ജൂണ്‍ 19ന് ഒപ്പുവച്ചു. കോവിഡ് 19 സോഷ്യല്‍ പ്രൊട്ടക്ഷന്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിനായാണിത്. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയുടെ എല്ലാ ഗുണഭോക്താക്കളേയും ഈ ലോണ്‍ കവര്‍ ചെയ്യുന്നുണ്ട്. മുഴുവന്‍ തുകയും വിതരണം ചെയ്തതായും അനുരാഗ് താക്കൂര്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ സംഘര്‍ഷമുള്ളപ്പോള്‍ ഉഭയകക്ഷി ബന്ധം സാധാരണഗതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞിട്ടുള്ളതുമാണ്. ചൈനയ്‌ക്കെതിരെ ശക്തമായ സാമ്പത്തിക നടപടികള്‍ സ്വീകരിക്കുമെന്ന തരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവനകള്‍ക്കും നീക്കങ്ങള്‍ക്കും വിരുദ്ധമാണിത്. മേയ് 8ന് ലഡാക്കിലെ ചൈനീസ് കടന്നുകയറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അത് കാര്യമായി എടുത്തിരുന്നില്ല. ഇതേ ദിവസമാണ് എഐഐബിയില്‍ നിന്ന് ഇന്ത്യ 500 മില്യണ്‍ ഡോളര്‍ വായ്പ വാങ്ങിയത്.

ജൂലായ് 29ന് 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ചൈനീസ് ആപ്പുകള്‍ക്ക് പിന്നീട് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ (എഐഐബി) ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് ഏറ്റവും വലിയ ഓഹരിയുടമ. കോവിഡുമായി ബന്ധപ്പെട്ട ആശ്വാസനടപടികള്‍ക്കായാണ് പണം വാങ്ങുന്നതും. എന്നാല്‍ സാമ്പത്തിക ഇടപാടുകളെ ഉയകക്ഷി സംഘര്‍ഷങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയുള്ള നടപടി, ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങളേയും വ്യവസായങ്ങളേയും നിരുത്സാഹപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിതനയത്തിന് വിരുദ്ധമാണ്.

2016 ജനുവരിയില്‍ പ്രവര്‍ത്തനം തുടങ്ങിയ എഐഐബി, ഏഷ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക-സാമുഹിക വികസനമാണ് പ്രധാനമായും ലക്ഷ്യമായി അവകാശപ്പെടുന്നത്. 103 അംഗരാജ്യങ്ങളുണ്ട് നിലവില്‍. എഐഐബിയിലെ സ്ഥാപക അംഗങ്ങളിലൊന്നാണ് ഇന്ത്യ. 26.61 ശതമാനം വോട്ടിംഗ് ഷെയറുള്ള ചൈനയാണ് ഏറ്റവും വലിയ ഓഹരിയുടമ. ഇന്ത്യത്ത് 7.6 ശതമാനം ഓഹരിയാണുള്ളത്. അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി അവികസിത ഏഷ്യന്‍ രാജ്യങ്ങള്‍ ഐഎംഎഫിനേയും ലോകബാങ്കിനേയും ആശ്രയിക്കുന്നത് കുറക്കാനായി ഇത്തരമൊരു ബാങ്കെന്നെ ആശയം മുന്നോട്ട് വച്ചത് 2013ല്‍ ഷീ ജിന്‍ പിങ് ആണ്.

Next Story

Related Stories