Top

മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലിറങ്ങാന്‍ വിലക്ക്; മോദി - ഷീ കൂടിക്കാഴ്ചയ്ക്ക് മാമല്ലപുരം തയ്യാറെടുക്കുന്നു

മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലിറങ്ങാന്‍ വിലക്ക്; മോദി - ഷീ കൂടിക്കാഴ്ചയ്ക്ക് മാമല്ലപുരം തയ്യാറെടുക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് സി ജിന്‍പിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച മാമല്ലപുരത്ത് നാളെയും മറ്റന്നാളുമായി നടക്കും. വ്യാഴാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്ക് ഉദ്യോഗസ്ഥരില്‍ നിന്നും വിളി വന്നെന്നും ഇത്തരമൊരു നിര്‍ദ്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടെന്നും മത്സ്യത്തൊഴിലാളി സംഘടനകളുടെ ഭാരവാഹികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ നാലു ദിവസത്തേക്ക് തൊഴിലാളികള്‍ക്ക് കടലില്‍ പോകാനാകില്ലെന്ന് ഉറപ്പായി. മാമല്ലപുരത്ത് 62 രജിസ്റ്റര്‍ ചെയ്യപ്പെട്ട ഫിഷിങ് ബോട്ടുകളും 15 രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഫിഷിങ് ബോട്ടുകളുമാണുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തക്കരാര്‍ (ആര്‍സിഇപി) അടക്കമുള്ള വിഷയങ്ങളാണ് നാളെ ചര്‍ച്ചയിലെത്തുക. അനൗപചാരികമായ ചര്‍ച്ചയാണ് നടക്കുന്നത്.

കാശ്മീര്‍ പ്രശ്നം പരിഹരിക്കേണ്ടത് ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാകണമെന്ന് കഴിഞ്ഞദിവസം ചൈന പ്രസ്താവനയിറക്കിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ജിന്‍പിങ് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലായിരുന്നു ഈ നിലപാട് ചൈന പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഇന്ത്യയുടെ ആഭ്യന്തരമന്ത്രാലയം തങ്ങളുടെ ആഭ്യന്തരവിഷയത്തില്‍ ആരും ഇടപെടേണ്ടെന്ന് പ്രസ്താവനയിറക്കുകയുണ്ടായി.

നാളെ ഉച്ചതിരിഞ്ഞ് ചെന്നൈയിലെത്തുന്ന ജിന്‍പിങ് 24 മണിക്കൂര്‍ ഇന്ത്യയിലുണ്ടാകും. കാശ്മീര്‍ വിഷയം ഷി ജിന്‍പിങ് ഉന്നയിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി അതിന് വിശദീകരണം നല്‍കും. ഭിന്നതകള്‍ക്കിടയിലും സാധ്യമായ പരസ്പര വിശ്വാസം വളര്‍ത്തിയെടുക്കുക എന്നതാണ് രണ്ട് രാജ്യങ്ങളുടെയും താല്‍പര്യം.

കാശ്മീര്‍ വിഷയത്തില്‍ ചൈനയെടുത്ത പുതിയ നിലപാട് ഇരുവരുടെയും സംഭാഷണത്തെ സ്വാധീനിക്കും. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയ നടപടി ചൈനിസ് പ്രസിഡണ്ട് ചര്‍ച്ചയിലുന്നയിക്കാനും ഇടയുണ്ട്. ഇതിനിടയില്‍ ചൈനയുമായുള്ള വ്യാപാരത്തിലെ കമ്മി സംബന്ധിച്ച വിഷയം ഇന്ത്യക്ക് പ്രധാനമാണ്.


Next Story

Related Stories