TopTop
Begin typing your search above and press return to search.

ഗുജറാത്തിൽ വ്യാജ വെന്റിലേറ്റുകള്‍ സംഭാവന ചെയ്ത കമ്പനിയില്‍ മോദിക്ക് സ്വന്തം പേര് തുന്നിയ കോട്ട് നല്‍കിയ വ്യവസായിക്ക് നിക്ഷേപമെന്ന് ആരോപണം

ഗുജറാത്തിൽ വ്യാജ വെന്റിലേറ്റുകള്‍ സംഭാവന ചെയ്ത കമ്പനിയില്‍ മോദിക്ക് സ്വന്തം പേര് തുന്നിയ കോട്ട് നല്‍കിയ വ്യവസായിക്ക് നിക്ഷേപമെന്ന് ആരോപണം

കോവിഡ് 19-ന്റെ പ്രതിരോധത്തിന് ഗുജറാത്തിലെ രാജ്‌കോട്ട് ആസ്ഥാനമായ കമ്പനി നല്‍കിയ വെന്റിലേറ്ററുകള്‍ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയതിന് തൊട്ടുപിന്നാലെ പുതിയ ആരോപണം. കമ്പനിയുടെ ഉടമകളുമായി ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണമാണ് ശക്തിപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിലപിടിപ്പുള്ള സ്യൂട്ട് ദാനം ചെയ്ത വ്യവസായിക്ക് ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍ നിക്ഷേപമുണ്ടെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം, ഈ കമ്പനിയുടെ ഉത്പന്നങ്ങള്‍ തകരാറിലാണെന്ന് അറിഞ്ഞതിന് ശേഷവും 5000 വെന്റിലേറ്ററുകള്‍ വാങ്ങിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

പൊതുമേഖല സ്ഥാപനമായ എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ വഴിയാണ് വെന്റിലേറ്ററുകള്‍ വാങ്ങുന്നതെന്ന് ഗുജറാത്ത് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയന്തി രവി പറയുന്നു. പി എം കെയര്‍സ് ഫണ്ടില്‍നിന്നുള്ള തുകയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നും വയറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഹമ്മദബാദിലെ സിവില്‍ ഹോസ്പിറ്റലിന് 100-ഓളം വെന്റിലേറ്ററുകള്‍ സൗജന്യമായി നല്‍കുകയാണ് കമ്പനി ആദ്യം ചെയ്തത്. ഇത് വെന്റിലേറ്ററുകളല്ലെന്നും ജീവന്‍ രക്ഷയ്ക്ക് ഉപകരിക്കില്ലെന്നുമുള്ള വിവരങ്ങളാണ് ആദ്യം പുറത്തുവന്നത്. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അടുത്ത സുഹൃത്തായി കരുതുന്ന പരക്രം സിന്‍ഹയാണ് കമ്പനിയുടെ മാനേജിംങ് ഡയറക്ടര്‍. ഗുജറാത്തിന്റെ വലിയ നേട്ടമായിട്ടാണ് വെന്റിലേറ്ററുകളെ സര്‍ക്കാര്‍ അവതരിപ്പിച്ചത്. വെന്റിലേറ്ററുകള്‍ ആശുപത്രിക്ക് സമര്‍പ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കുകയും ചെയ്തു. ധാമാന്‍ ഒന്ന് എന്ന് പേരിട്ടിരിക്കുന്ന വെന്റിലേറ്ററുകളുടെ സഹായത്തോടെ കോവിഡിനെതിരായ പോരാട്ടത്തില്‍ ഗുജറാത്തിന് നേതൃത്വം വഹിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത് പിന്നീടാണ് രോഗികള്‍ക്ക് പ്രയോജനം ചെയ്യുന്നതല്ല വെന്റിലേറ്റര്‍ എന്ന പേരില്‍ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങള്‍ എന്ന് ഡോക്ടര്‍മാര്‍ക്ക് ബോധ്യമായത്. പുതിയ വെന്റിലേറ്ററുകള്‍ വാങ്ങണമെന്ന് ഡോക്ടര്‍മാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇതിനകം 900 വെന്റിലേറ്ററുകളാണ് ഗുജറാത്തില്‍ സ്ഥാപിക്കപ്പെട്ടത്. ഇതില്‍ 230 എണ്ണവും അഹമ്മദാബാദ് ആശുപത്രിയിലാണ്. കഴിഞ്ഞ ദിവസം ബിബിസിയിലെ മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തിന്റെ സഹോദരന്‍ അഹമ്മദാബാദ് ആശുപത്രിയില്‍ മരിച്ചുവെന്നും അദ്ദേഹത്തിന് പുതുതായി സ്ഥാപിച്ച വെന്റിലേറ്ററുകളാണോ നല്‍കിയതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരിന്നു.
ജ്യോതി സിഎന്‍സി എന്ന കമ്പനിയുമായി ബന്ധമുള്ള രമേഷ് കുമാര്‍ ബിക്കാഭായ് വിരാണിയെന്ന വ്യവസായിയാണ് മോദിക്ക് 2015ല്‍ അദ്ദേഹത്തിന്റെ പേര് ആലേഖനം ചെയ്ത കോട്ട് സംഭാവന ചെയ്തത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള ചര്‍ച്ചയുടെ സമയത്ത് മോദി ധരിച്ച ആ കോട്ട് ധരിച്ചത് വിവാദമായിരുന്നു. ഈ കോട്ട് പിന്നീട് ലാല്‍ജിഭായ് തുളസിഭായ് പട്ടേല്‍ എന്ന രത്നവ്യാപാരി4.3 കോടി രൂപയ്ക്ക് ലേലത്തില്‍ പിടിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിക്കാഭായ് വിരാണിയുടെ കുടുംബത്തിന് വെന്റിലേറ്റര്‍ നിര്‍മ്മാതാക്കളായ ജ്യോതി സിഎന്‍സിയില്‍ നിക്ഷേപമുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ഈ പുതിയ ഉത്പന്നത്തിന് ഡ്രഗ് കണ്‍ട്രോളറുടെ അനുമതി കിട്ടിയിട്ടില്ലെന്ന് നേരത്തെ അഹമ്മദാബാദ് മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ നേതൃത്വത്തിലുള്ള വ്യാപക പ്രചാരണത്തെ തുടര്‍ന്ന് പല സര്‍ക്കാരുകളും ഈ വെന്റിലേറ്ററുകള്‍ സ്ഥാപിക്കാന്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പുതുച്ചേരി സര്‍ക്കാര്‍ വെന്റിലേറ്ററുകള്‍ വാങ്ങാനുള്ള തീരുമാനം വേണ്ടെന്നുവെച്ചതായി മുഖ്യമന്ത്രി വി നാരയണ സ്വാമി അറിയിച്ചു.
എന്നാല്‍ വെന്റിലേറ്ററുകള്‍ക്കെതിരെ വരുന്ന ആരോപണങ്ങള്‍ ശരിയല്ലെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത്. വെന്റിലേറ്ററുകള്‍ക്കായി 2000 കോടി പിഎം കെയര്‍സ് ഫണ്ടില്‍ നിന്ന് നീക്കിവെച്ചതായി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തുക ഉപയോഗിച്ചാണ് 5000 വെന്റിലേറ്ററുകള്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങിക്കുകയെന്നും സൂചനയുണ്ട്.
റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം തേടിയെങ്കിലും സാധ്യമായില്ല എന്ന് ദി വയര്‍ റിപ്പോര്‍ട്ടര്‍ രോഹിണി സിംഗ് വ്യക്തമാക്കുന്നു.


Next Story

Related Stories