സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം സംബന്ധിച്ചുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി സമിതിക്കു മുമ്പാകെ ഹാജരായ ഫേസ്ബുക്ക് ഇന്ത്യ തലവന്‍ അജിത് മോഹന്‍ ഇനിയും ചര്‍ച്ചയ്ക്ക് എത്തേണ്ടതുണ്ടെന്ന് ശശി തരൂര്‍ എംപി. ഇദ്ദേഹമാണ് സമിതിയുടെ തലവന്‍. ഫേസ്ബുക്ക് തങ്ങളുടെ കമ്യൂണിറ്റി ചട്ടങ്ങള്‍ ലംഘിച്ച് ഒരു രാഷ്ട്രീയ കക്ഷിക്ക് അനുകൂലമായ നിലപാടെടുക്കുന്നുവെന്ന ഗുരുതരമായ ആരോപണം വിദേശ മാധ്യമങ്ങള്‍ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് അജിത് മോഹന്‍ സമിതിക്കു മുമ്പില്‍ ഹാജരാകേണ്ടി വന്നത്. എംപി ശശി തരൂരാണ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റിയുടെ തലവന്‍. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം എന്നിവയില്‍ ഫേസ്ബുക്കിന്റെ കാഴ്ചപ്പാടുകള്‍ കേള്‍ക്കാനാണ് ഈ വിളിച്ചുവരുത്തലെന്നാണ് ഔദ്യോഗിക വിശദീകരണം.
വാള് സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഫേസ്ബുക്ക് ഇന്ത്യയുടെ കമ്യൂണിറ്റി ചട്ടങ്ങള്‍ സംബന്ധിച്ചുള്ള ഗൗരവമേറിയ പ്രശ്നങ്ങള്‍ മുമ്പോട്ടു വെച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടുകള്‍ ഫേസ്ബുക്ക് സ്വീകരിച്ചെന്നായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ കാതല്‍. വര്‍ഗീയ വിദ്വേഷം പരത്തിയതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയ ബിജെപി നേതാക്കളെ പിന്നീട് തുടരാന്‍ അനുവദിച്ചതിന്റെ തെളിവുകള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട്. ഇതോടെ ഫേസ്ബുക്കിനെ വിളിച്ചുവരുത്താന്‍ പാര്‍ലമെന്ററി പാനല്‍ നിശ്ചയിക്കുകയായിരുന്നു. ശശി തരൂരിന്റെ ഈ പ്രഖ്യാപനം ബിജെപി നേതാക്കള്‍ക്കിടയില്‍ നിന്നും രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് വഴിയൊരുക്കി.
ഫേസ്ബുക്ക് ഇന്ത്യ തലവനെ വിളിച്ചു വരുത്തുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായ ഇന്നലെ, കേന്ദ്ര ഐടി-നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് രൂക്ഷമായ ഭാഷയില്‍ ഫേസ്ബുക്ക് സിഇഒയ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ബിജെപി പ്രവര്‍ത്തകരുടെ പേജുകള്‍ക്കും പ്രൊഫൈലുകള്‍ക്കും പോസ്റ്റുകള്‍ക്കുമെതിരെ ഫേസ്ബുക്ക് നടപടിയെടുത്തെന്ന് ആരോപിച്ചായിരുന്നു ഈ കത്ത്. പ്രധാനമന്ത്രിയെ അപമാനിച്ചെന്നും മറ്റും ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ അദ്ദേഹം ആരോപണമുന്നയിക്കുകയുണ്ടായി.
മൂന്നര മണിക്കൂര്‍ നേരമാണ് തങ്ങള്‍ കൂടിക്കാഴ്ച നടത്തിയതെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ ഫേസ്ബുക്ക് പ്രതിനിധികളുമൊന്നിച്ച് വീണ്ടും ചര്‍ച്ച നടത്താമെന്ന ഏകകണ്ഠമായി തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
അതീവഗുരുതരമായ ആരോപണങ്ങളാണ് വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഫേസ്ബുക്കിനെതിരെ ഉയര്‍ന്നത്. ഫേസ്ബുക്ക് ഇന്ത്യയുടെ പോളിസി എക്സിക്യുട്ടീവായ അഘി ദാസ് കമ്പനിയില്‍ നിരവധി ബിജെപി പ്രവര്‍ത്തകരെ നിയമിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപിയുമായി ഈ ഉദ്യോഗസ്ഥയ്ക്ക് നിരവധി വര്‍ഷങ്ങളായുള്ള ബന്ധവും റിപ്പോര്‍ട്ട് വെളിച്ചത്ത് കൊണ്ടുവരികയുണ്ടായി.