TopTop

മഹാരാഷ്ട്ര: കൂടുതൽ ചർച്ച ആവശ്യമാണെന്ന് സോണിയയെ കണ്ട ശേഷം ശരദ് പവാർ

മഹാരാഷ്ട്ര: കൂടുതൽ ചർച്ച ആവശ്യമാണെന്ന് സോണിയയെ കണ്ട ശേഷം ശരദ് പവാർ

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തിറങ്ങിയ എൻസിപി നേതാവ് ശരദ് പവാർ, കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സർക്കാർ രൂപീകരണ വിഷയമല്ല, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്സും എൻസിപിയും ഉൾപ്പെട്ട വിഷയങ്ങൾ മാത്രമാണ് ചർച്ചയിൽ വന്നത്. ഏതെങ്കിലും പാർട്ടിയുമായി സഖ്യം ചേരുന്നത് തങ്ങൾ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി സഖ്യം ചേരാനുള്ള സാധ്യത സംബന്ധിച്ച ചോദ്യത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിയെ പിന്തുണയ്ക്കുന്ന ചോദ്യമേ ഉയരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സുമായി മാത്രമാണ് ചർച്ചകൾ നടക്കുന്നത്. ചര്‍ച്ചകൾക്ക് ധാരാളം സമയം ഇനിയും കിടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സേനയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിന് ചർച്ച നടക്കുന്ന കാര്യം അദ്ദേഹം നിഷേധിച്ചു.

അതെസമയം വരാനിരിക്കുന്ന ബിഎംസി തെരഞ്ഞെടുപ്പിൽ (ബൃഹൻമുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ) ശിവസേനയ്ക്കെതിരെ കോൺഗ്രസ്-എൻസിപി സ്ഥാനാർത്ഥികളുണ്ടാകില്ലെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. സേനയുമായി ഇരുകൂട്ടരും സഖ്യത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ജയസാധ്യതയില്ലാത്തതിനാൽ ശിവസേനയ്ക്കെതിരെ തങ്ങൾ മത്സരിക്കില്ലെന്ന് ബിജെപി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ബിഎംസി കരാറുകാർക്കെതിരെ കേന്ദ്ര ആദായനികുതി വകുപ്പ് നീക്കങ്ങൾ നടത്തുന്നതിനിടെയാണ് ഈ സംഭവവികാസങ്ങൾ.

ശിവസേനയ്ക്ക് മുഖ്യമന്ത്രിസ്ഥാനവും എൻസിപിക്കും കോൺഗ്രസ്സിനും ഉപമുഖ്യമന്ത്രി സ്ഥാനങ്ങളും എന്ന നിലയിലാണ് ഇതുവരെ ചർച്ചകൾ നടന്നിരിക്കുന്നതെന്നാണ് വിവരം. 14 വീതം മന്ത്രിമാർ സേനയ്ക്കും എൻസിപിക്കുമുണ്ടാകും. 12 മന്ത്രിമാര്‍ കോൺഗ്രസ്സിനും. വകുപ്പുകളുടെ കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതെസമയം സേനയുമായുള്ള സഖ്യനീക്കങ്ങൾ ചർച്ചകളിൽ വരാതിരിക്കാനാണ് എൻസിപിയും കോൺഗ്രസ്സും ശ്രമിക്കുന്നതെന്നു സൂചനകളുണ്ട്. ഇന്ന് ഉച്ചതിരിഞ്ഞ് ഈ വിഷയത്തിൽ ആശയക്കുഴപ്പത്തിലാക്കുന്ന പ്രസ്താവനയുമായി ശരദ് പവാർ രംഗത്തു വന്നിരുന്നു. സേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാർ വരുമെന്ന് ശിവസേന പറയുന്നുണ്ടല്ലോയെന്ന ഡല്‍ഹിയിലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് 'അങ്ങനെയോ?' എന്നായിരുന്നു പവാറിന്റെ മറുപടി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മണിക്കൂറുകൾക്കു മുമ്പാണ് പവാറിന്റെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞദിവസം എൻസിപി ദേശീയ വക്താവ് നവാബ് മാലിക്ക് 'ബദൽ സർക്കാർ' നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗവർണർ ഭരണം തുടരാൻ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

"നിങ്ങൾ കരുതുന്നുണ്ടോ സേന-എൻസിപി-കോൺഗ്രസ് സർക്കാർ നടക്കുമെന്ന്," അദ്ദേഹം ചോദിച്ചു. ശിവസേന അങ്ങനെ പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് 'അഛാ?' എന്ന മറുചോദ്യമായിരുന്നു മറുപടി. "ശിവസേനയും ബിജെപിയും സഖ്യമായാണ് മത്സരിച്ചത്. എൻസിപിയും കോൺഗ്രസ്സും വേറെ സഖ്യമായിരുന്നു. അവർ അവരുടെ വഴി വേറെ നോക്കണം. ഞങ്ങൾക്ക് ഞങ്ങളുടെ രാഷ്ട്രീയമുണ്ട്. എങ്ങനെയാണ് നിങ്ങൾക്കങ്ങനെ ചോദിക്കാനാവുക?" സേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാർ വരുമെന്ന് 15ാം തിയ്യതി ഇദ്ദേഹം പ്രഖ്യാപിച്ചിരുന്നതാണ്.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം ചൊവ്വാഴ്ചയുണ്ടാകുമെന്ന് എൻസിപി നേതാവ് നവാബ് മാലിക് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. എൻസിപി കോർ കമ്മറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടാണ് പവാർ ഇന്ന് സോണിയയെ കാണുന്നതെന്നും മാലിക് കഴിഞ്ഞദിവസം പറയുകയുണ്ടായി. കോൺഗ്രസ്സുമായുള്ള ചർച്ചയ്ക്കു ശേഷം മാത്രമേ അടുത്ത തീരുമാനത്തിലേക്ക് പോകാവൂ എന്ന് തങ്ങൾ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

288 അംഗ സഭയിൽ ശിവസേനക്ക് 56 സീറ്റും എൻസിപിക്ക് 54ഉം കോൺഗ്രസിന് 44 സീറ്റുമാണുള്ളത്. ഏറ്റവും വലിയ കക്ഷിയായ ബിജെപിക്ക് 105 സീറ്റും. മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം പങ്കുവയ്ക്കണമെന്ന ശിവസേനയുടെ ആവശ്യം ബിജെപി തള്ളിയതോടെ സഖ്യം തകരുകയും ശിവസേന എൻസിപിക്കും കോൺഗ്രസിനുമൊപ്പം സർക്കാർ രൂപീകരണത്തിന് ശ്രമം തുടങ്ങുകയുമായിരുന്നു. ഒക്ടോബർ 24നാണ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നത്.

ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണം എന്ന ആവശ്യം കോണ്‍ഗ്രസും എന്‍സിപിയും ഉന്നയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം അഞ്ച് വര്‍ഷം ഭരിക്കുമെന്നാണ് വെള്ളിയാഴ്ച ശരദ് പവാര്‍ പറഞ്ഞത്. സര്‍ക്കാര്‍ അഞ്ച് വര്‍ഷം ഭരിക്കുമെന്ന് ഉറപ്പാക്കുമെന്നും ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും പവാര്‍ പറഞ്ഞിരുന്നു. ഒരു പാർട്ടിയ്ക്കും ഇതുവരെ പിന്തുണ വ്യക്തമാക്കാൻ കഴിയാത്തതിനാൽ ഗവർണറുടെ ശുപാർശ പ്രകാരം സംസ്ഥാനം നിലവിൽ രാഷ്ട്രപതി ഭരണത്തിലാണ്.


Next Story

Related Stories