TopTop
Begin typing your search above and press return to search.

ടിക്‌ടോക്കിനെ ഇന്ത്യയില്‍ ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ നീക്കം; ബൈറ്റ്ഡാന്‍സുമായി ചര്‍ച്ച

ടിക്‌ടോക്കിനെ ഇന്ത്യയില്‍ ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ നീക്കം; ബൈറ്റ്ഡാന്‍സുമായി ചര്‍ച്ച

ടിക്ടോക്ക് കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തെ ഏറ്റെടുക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ടിക്ടോക്കിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സുമായി അംബാനി ചര്‍ച്ച നടത്തുന്നുവെന്നാണ് വിവരം. നിലവില്‍ പൂര്‍ണമായും ചൈനീസ് നിക്ഷേപത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടിരിക്കുകയാണ്.

നിലവില്‍ ചര്‍ച്ചകള്‍ അവയുടെ പ്രാരംഭഘട്ടത്തിലാണെന്നാണ് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ 29നാണ് ഈ ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടത്. 58ഓളം ചൈനീസ് ആപ്ലിക്കേഷനുകളാണ് അന്ന് നിരോധിക്കപ്പെട്ടത്. ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് ചൈനീസ് സൈന്യം അധിനിവേശം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ ഈ രീതിയില്‍ തിരിച്ചടിച്ചത്. അതിര്‍ത്തിയില്‍ നിന്ന് പൂര്‍ണമായ പിന്മാറ്റം ഇപ്പോഴും നടക്കാത്തതിന്റെ പശ്ചാത്തലത്തില്‍ ടിക്ടോക്കിന്റെ ബിസിനസ്സ് പൂര്‍ണമായും അടഞ്ഞിരിക്കുകയാണ്. ഇപ്പോഴും തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിക്കൊണ്ടിരിക്കുന്നുണ്ടെന്നാണ് ടിക്ടോക് പറയുന്നത്.

ജൂലൈ മാസത്തില്‍ തന്നെ റിലയന്‍സും ബൈറ്റ്ഡാന്‍സും തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. ഇതുവരെ ഒരു ഉടമ്പടിയിലെത്താന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല. റിലയന്‍സിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ഉപഭോക്താക്കളുമായി കൂടുതലടുത്ത ബന്ധം സ്ഥാപിക്കാന്‍ ടിക്ടോക്കിനെ ഏറ്റെടുക്കുന്നതിലൂടെ സാധിക്കും. പ്രതിസന്ധിയില്‍ നിന്ന് മറികടക്കാനുള്ള വഴികള്‍ തേടുകയാണ് ബൈറ്റ്‍ഡാന്‍സ് ഇപ്പോള്‍.

ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ടിക്ടോക്കിനുള്ളത്. സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും അരിച്ചിറങ്ങാനുള്ള ടിക്ടോക്കിന്റെ ശേഷി ഇതിനകം തെളിയിക്കപ്പെട്ടതുമാണ്. മുകേഷ് അംബാനിക്ക് നിലവില്‍ ജിയോ പ്ലാറ്റ്ഫോമുകളില്‍ വന്‍ ഉപയോക്താക്കളുണ്ട്. ഈ രണ്ട് പ്ലാറ്റ്ഫോമുകളും കൂടിച്ചേരുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയൊരു ഇടമാണ് റിലയന്‍സിന് ലഭിക്കാന്‍ പോകുന്നത്.

Next Story

Related Stories