TopTop
Begin typing your search above and press return to search.

ബിജെപി ബന്ധം ഉപേക്ഷിച്ച് മുകുള്‍ റോയ് തൃണമൂലില്‍ മടങ്ങിയെത്തി; കൂടുതല്‍പേര്‍ വരുമെന്ന് മമത ബാനര്‍ജി

ബിജെപി ബന്ധം ഉപേക്ഷിച്ച് മുകുള്‍ റോയ് തൃണമൂലില്‍ മടങ്ങിയെത്തി; കൂടുതല്‍പേര്‍ വരുമെന്ന് മമത ബാനര്‍ജി

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മുകുള്‍ റോയ് പാര്‍ട്ടിയിലേക്ക് തിരികെയെത്തി. ഏതാനും ദിവസമായി നിലനിന്ന ഊഹാപോഹങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട് മകന്‍ ശുഭ്രാംശുവിനൊപ്പമാണ് മുകുള്‍ റോയ് തൃണമൂല്‍ ആസ്ഥാനത്തെത്തിയത്. ബിജെപി വിട്ട് തിരികെയെത്താനായതില്‍ സന്തോഷമുണ്ടെന്ന് മുകുള്‍ റോയ് പറഞ്ഞു. ബിജെപിയില്‍ തുടരാകുമായിരുന്നില്ല. പഴയ സഹപ്രവര്‍ത്തകരെ കാണുമ്പോള്‍ വളരെ സന്തോഷമുണ്ടെന്നും ബിജെപി വൈസ് പ്രസിഡന്റ് കൂടിയായിരുന്ന റോയ് പ്രതികരിച്ചു. മുകുള്‍ റോയ് തിരികെ വീട്ടിലെത്തിയിരിക്കുന്നു എന്നായിരുന്നു മമത ബാനര്‍ജിയുടെ പ്രതികരണം. മറ്റുള്ളവരെപ്പോലെ വഞ്ചകനായിരുന്നില്ല അദ്ദേഹം. കൂടുതല്‍ പേര്‍ തിരികെ വരുമെന്നും മമത കൂട്ടിച്ചേര്‍ത്തു.

മമതയുടെ ഉറ്റ സഹായിയായിരുന്ന റോയ് 2017ലാണ് പാര്‍ട്ടി വിട്ടത്. തൃണമൂല്‍വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ആദ്യ പ്രമുഖ നേതാവായിരുന്നു അദ്ദേഹം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തൃണമൂല്‍ എംഎല്‍എമാരെയും നേതാക്കളെയും പുറത്തുചാടിക്കാന്‍ നീക്കം നടത്തിയിരുന്നത് റോയിയായിരുന്നു. എന്നാല്‍, ഇക്കുറി ബിജെപി വെല്ലുവിളികളെ മറികടന്ന് മമത സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതുമുതല്‍ റോയി മടങ്ങിവരുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. റോയിയുടെ ഭാര്യ ആശുപത്രിയിലായിരുന്നപ്പോള്‍ തൃണമൂല്‍ ജനറല്‍ സെക്രട്ടറിയും മമതയുടെ അനന്തരവനുമായിരുന്ന അഭിഷേക് ബാനര്‍ജി അവരെ സന്ദര്‍ശിച്ചിരുന്നു. ഇതോടെ, റോയി ബിജെപി വിടുന്നതായുള്ള ഊഹാപോഹം ശക്തമായി. പിന്നാലെ, പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് റോയിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി റോയിയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

മെയ് രണ്ടിന് തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ രാഷ്ടീയപരമായി വലിയ നിശബ്ദതയിലായിരുന്നു മുകുള്‍ റോയ്. ഇതിനിടെ, ബിജെപിയോടുള്ള അചഞ്ചലമായ വിശ്വസ്തത പ്രകടിപ്പിച്ചുകൊണ്ടുള്ള ട്വീറ്റ് മാത്രമാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്.


Next Story

Related Stories