TopTop
Begin typing your search above and press return to search.

'രേഖകള്‍ കീറിയെറിഞ്ഞു, പോലീസിനെ കയ്യേറ്റം ചെയ്തു', അര്‍ണബിന്റെ അറസ്റ്റിന് പിന്നാലെ ഭാര്യയ്ക്കും മകനുമെതിരെയും കേസ്

രേഖകള്‍ കീറിയെറിഞ്ഞു, പോലീസിനെ കയ്യേറ്റം ചെയ്തു, അര്‍ണബിന്റെ അറസ്റ്റിന് പിന്നാലെ ഭാര്യയ്ക്കും മകനുമെതിരെയും കേസ്

രണ്ട് വര്‍ഷം മുന്‍പുള്ള ആത്മഹത്യാ കേസില്‍ റിപ്പബ്ലിക് ചാനല്‍ ഉടമയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണബ് ഗോസ്വാമിയെ അലിബാഗ് മജിസ്‌ട്രേട്ട് കോടതി 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിന് പിന്നാലെ അര്‍ണബിന്റെ ഭാര്യയ്ക്കും മകനുമെതിരെയും കേസ്. വനിതാ പോലീസിനെയടക്കം കയ്യേറ്റം ചെയ്‌തെന്നും കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്നുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് നടപടി .

അര്‍ണബിനും ഭാര്യയ്ക്കും മകനും പുറമെ മറ്റു 2 പേര്‍ക്കുമെതിരെയുമാണ് മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയില്‍ എടുക്കാന്‍ ഫ്‌ളാറ്റിലെത്തിയ മുംബൈ പോലീസ് സംഘം തന്നെ കയ്യേറ്റം ചെയ്‌തെന്ന അര്‍ണബ് ആരോപിച്ചിരുന്നു. ഈ ആരോപണം ഏറ്റെടുത്ത കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ മഹാരാഷ്ട്ര സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു. പോലീസ് നടപടിയില്‍ പരുക്കേറ്റെന്ന് അര്‍ണബ് അറിയിച്ചതിനെത്തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം ആശുപത്രിയിലെത്തിച്ചു പരിശോധനയുള്‍പ്പെടെ നടത്തേണ്ടിവരികയും ചെയ്തു. ഭാര്യയെയും മകനെയും പൊലീസ് കയ്യേറ്റം ചെയ്തതായും അര്‍ണബ് ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മുബൈ പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഭാര്യ സാമ്യബ്രത അറസ്റ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഒപ്പു വയ്ക്കാനായി കൈമാറിയപ്പോള്‍ അവ വലിച്ചുകീറിയതായി പോലീസ് പറഞ്ഞു. റിപ്പബ്ലിക് ചാനലിന്റെ ഉടമസ്ഥ പങ്കാളിയും എഡിറ്ററുമാണു സാമ്യബ്രത.

അതിനിടെ, അറസ്റ്റ് നടപടികള്‍ക്കതിരെ അര്‍ണബ് അലിബാഗ് കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അലിബാഗ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തനിക്ക് എതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിലും അര്‍ണബ് ഹര്‍ജി നല്‍കിയുട്ടുണ്ട്.

2018 ല്‍ അലിബാഗ് സ്വദേശിയായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി യാണ് അര്‍ണാബ് ഗോസ്വാമി, ഐകാസ്റ്റ് എക്സ്/സ്‌കൈ മീഡിയയിലെ ഫിറോസ് ഷെയ്ക്, സ്മാര്‍ട്ട് വര്‍ക്ക്സ് മേധാവി നിതീഷ് സര്‍ധ എന്നിവര്‍ക്കെതിരെ നടപടിയെടുത്തത്. റിപ്പബ്ലിക് ടിവിയും മറ്റു രണ്ടു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ജോലികള്‍ ചെയ്ത അന്‍വൈ നായിക്കിന് 83 ലക്ഷം രൂപ പ്രതിഫലമായി കിട്ടാനുണ്ടായിരുന്നു. ഇത് കിട്ടാതെ വന്നതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇയാളും മാതാവും ആത്മഹത്യ ചെയ്തതെന്നാണ് ഭാര്യയും മകളും പരാതി നല്‍കിയത്. ആത്മഹത്യാ കുറിപ്പിലും ഇക്കാര്യം പറയുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ കേസ് എടുത്ത് അന്വേഷണം നടത്തിയെങ്കിലും ഒട്ടും വൈകാതെ കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഈ വര്‍ഷം മേയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്.


Next Story

Related Stories