TopTop
Begin typing your search above and press return to search.

സെറോളജിക്കല്‍ സര്‍വൈലന്‍സ്: മുംബൈ ചേരികളില്‍ 57% പേര്‍ക്ക് കോവിഡ് വന്നുപോയി; നഗരത്തില്‍ 16% പേരെ ബാധിച്ചു

സെറോളജിക്കല്‍ സര്‍വൈലന്‍സ്: മുംബൈ ചേരികളില്‍ 57% പേര്‍ക്ക് കോവിഡ് വന്നുപോയി; നഗരത്തില്‍ 16% പേരെ ബാധിച്ചു

മുംബൈ നഗരത്തില്‍ ആറിലൊരാള്‍ക്ക് അഥവാ 16% പേര്‍ക്ക് കോവിഡ് രോഗം വന്നുപോയിട്ടുണ്ടെന്ന് സര്‍വേ. മുംബൈയില്‍ 7000 പേരില്‍ നടത്തിയ സെറോളജിക്കല്‍ സര്‍വൈലന്‍സ് പരിശോധനകളിലൂടെയാണ് ഈ നിഗമനത്തില്‍ പഠിതാക്കള്‍ എത്തിയത്. ബ്ലഡ് ടെസ്റ്റുകളാണ് സെറോളജിക്കല്‍ സര്‍വൈലന്‍സ് പരിശോധന. ഇതില്‍ രക്തത്തിലെ ആന്റിബോഡി സാന്നിധ്യം പരിശോധിക്കുന്നു. കോവിഡ് രോഗം വന്ന് മാറിയവരില്‍ ഉണ്ടായിരിക്കേണ്ട ആന്റിബോഡി തിരിച്ചറിഞ്ഞാണ് രോഗം വന്നുപോയോ എന്നത് തിരിച്ചറിയുന്നത്.

സമൂഹത്തില്‍ കോവി‍ഡിനെതിരായ രോഗപ്രതിരോധം വളരുന്നുണ്ടോയെന്നതാണ് ഈ സര്‍വേയുടെ പ്രധാന ഉദ്ദേശ്യം. മുംബൈയിലെ പഠനത്തില്‍ സ്ത്രീകള്‍ക്കിടയില്‍ കൊറോണ വൈറസ് ആന്റിബോഡിയുടെ സാന്നിധ്യം താരതമ്യേന കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ വലിയ വിഭാഗമാള്‍ക്കാര്‍ക്കും രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. രോഗപ്പകര്‍ച്ച വളരെ കൂടുതലാകാന്‍ ലക്ഷണങ്ങളില്ലാത്ത രോഗികളുടെ എണ്ണക്കൂടുതല്‍ കാരണമായിരിക്കാമെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നച്.

നഗരത്തില്‍ തന്നെ ചേരികളില്‍ ഈ കണക്ക് വ്യത്യസ്തമാണെന്നാണ് സര്‍വേ പറയുന്നത്. ഇവിടങ്ങളില്‍ 57 ശതമാനം പേര്‍ക്കും രോഗം വന്ന് ഭേദമായിട്ടുണ്ട്. നിരവധി പേര്‍ ഉപയോഗിക്കുന്ന ടോയ്‌ലറ്റ് സംവിധാനങ്ങളും മറ്റുമുള്ള ചേരിപ്രദേശങ്ങളില്‍ കോവിഡ് രോഗത്തിന്റെ പകര്‍ച്ചാനിരക്ക് കൂടുതലാണ്.

രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ആ രോഗത്തിന്റെ ആന്റിബോഡി ശരീരത്തിലുണ്ടാകൂ. പൊതുജനത്തിനിടയില്‍ എത്രത്തോളം ഒരു രോഗം പരന്നിട്ടുണ്ടെന്ന് തിരിച്ചറിയാന്‍ പ്രസ്തുത രോഗത്തിന്റെ ആന്റിബോഡി ശരീരത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചാല്‍ മതിയാകും. ഇതില്‍ നിന്ന് സമൂഹത്തില്‍ ആ രോഗത്തിനെതിരായി പ്രതിരോധശേഷി (Herd immunity) കൈവരിക്കപ്പെട്ടിട്ടുണ്ടോയെന്നും തിരിച്ചറിയാനാകും.

മുംബൈ നഗരത്തിലെ ചേരികളില്‍ മാത്രം 65 ലക്ഷം പേരാണ് ജീവിക്കുന്നത്. നഗരത്തിലെ മൊത്തം ജനസംഖ്യയുടെ പകുതിയിലധികം. ഏതാണ്ട് 65 ശതമാനം എന്നാണ് കണക്ക്.

നീതിയ ആയോഗും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗ്രേറ്റര്‍ മുംബൈയും ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചും ചേര്‍ന്നാണ് ഈ സര്‍വേ നടത്തിയത്. മൂന്ന് മുനിസിപ്പല്‍ വാര്‍ഡുകളിലെ വളന്റിയര്‍മാരില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്.


Next Story

Related Stories