TopTop
Begin typing your search above and press return to search.

കോവിഡ് കാലത്ത് മരിച്ചാലും ചിലവേറെയാണ്, ഖബറടക്കത്തിന് ഡൽഹിയിൽ ഈടാക്കുന്നത് ഒരു ലക്ഷം രൂപവരെ, മുൻകൂട്ടി ഖബറുകൾ ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടുന്നു

കോവിഡ് കാലത്ത് മരിച്ചാലും ചിലവേറെയാണ്, ഖബറടക്കത്തിന് ഡൽഹിയിൽ ഈടാക്കുന്നത് ഒരു ലക്ഷം രൂപവരെ, മുൻകൂട്ടി ഖബറുകൾ ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടുന്നു

കോവിഡ് വിചിത്രമായ കാര്യങ്ങളാണ് ലോകത്ത് അവശേഷിപ്പിക്കുന്നത്. പ്രത്യേകിച്ചും മരണ സംഖ്യ അധികമായ ഡല്‍ഹി പോലുള്ള നഗരപ്രദേശങ്ങളില്‍. മരണത്തെ പ്രതീക്ഷിച്ച് ഖബറടക്കാന്‍ സ്ഥലം ബുക്ക് ചെയ്യേണ്ട് അവസ്ഥയിലാണ് ഡല്‍ഹിയിലെ സാധാരണ മുസ്ലീങ്ങള്‍ പോലും. ശ്മശാനങ്ങളില്‍ ഇടം കിട്ടാതെ പോയാലുണ്ടാകുന്ന പ്രതിസന്ധിയാണ് സാധാരണകാര്‍ക്ക് പോലും ഇത്തരമൊരു അവസ്ഥയുണ്ടാക്കിയിരിക്കുന്നത്. അഡ്വാന്‍സ് നല്‍കി ഖബറുകള്‍ (ശവക്കുഴികള്‍) മുന്‍കൂര്‍ ബുക്ക് ചെയ്തും പഴയ കുടുംബ ശവക്കുഴികള്‍ വീണ്ടും മാന്തി ഉപയോഗിച്ചുമാണ് പലരും കോവിഡ് കാലത്തെ ശ്മശാന പ്രതിസന്ധി തരണം ചെയ്യുന്നത്.

ഡല്‍ഹിയില്‍ ഒരു ഖബറടക്കത്തിന് 50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ചിലവാകും എന്നാണ് ത്രിലോക് പുരിയില്‍ താമസക്കാരനായ മുഖീത്ത് പറയുന്നത്. രാജ്യ തലസ്ഥാനത്തെ ചരിത്ര പ്രസിദ്ധമായ മെഹന്ദിയാന്‍ ഖബറിസ്ഥാനിയില്‍ ഒരു മൃതദേഹം മറവ് ചെയ്യാനുള്ള സ്ലോട്ടിന് ഒരു ലക്ഷം രൂപയില്‍ അധികം നല്‍കണം. സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിക്ക് പിറകിലായി 35 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന മെഹന്ദിയാന്‍ ഖബറിസസ്ഥാനിയാണ് ഡല്‍ഹി മുസ്ലിംകളുടെ പ്രധാന ശ്മശാന ഭൂമി. പ്രമുഖ മുസ്ലിം നേതാവും പണ്ഡിതനുമായിരുന്ന ഷാ വലിയുള്ളയുടെ ഭൗതീക ശരീരം അന്ത്യവിശ്രമം കൊള്ളുന്ന ഇവിടെ ഖബറടക്കുന്നത് ചെയ്യുന്നത് അഭിമാനമായി കാണുന്നതിനാല്‍ ഇവിടത്തെ ആറടി മണ്ണിന് വലിയ ഡിമാന്റാണ്. സാധാരണക്കാര്‍ക്ക് അപ്രാപ്യമായ തുകയാണ് ഇവിടെ ഖബറടക്കാന്‍

അതേസമയം, കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ അവിടെ മറവ് ചെയ്യുന്നില്ലെന്നാണ് കഴിഞ്ഞ 20 വര്‍ഷമായി ഖബര്‍ കുഴിക്കുന്ന മുഹമ്മദ് മുസ്താഖ് പറയുന്നത്. ഇവിടെ മൃതദേഹങ്ങള്‍ മറവ് ചെയ്യണമെങ്കില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യല്‍ നിര്‍ബന്ധമാണ്. ഖബറിസ്ഥാനിലെ പ്രദേശത്തിന് അനുസരിച്ച് ശവക്കുഴിയുടെ വിലയില്‍ മാറ്റമുണ്ട്. ഖബറിസ്ഥാന്റെ അന്തര്‍ ഭാഗത്ത് മറവ് ചെയ്യണമെങ്കില്‍ ഒരു ലക്ഷം രൂപയും ഔട്ടര്‍ സൈഡില്‍ 30,000 രൂപ മുതല്‍ മുകളിലേക്കുമാണെന്നാണ് മുസ്താഖ് പറയുന്നത്. പത്ത് വര്‍ഷം മുന്‍പ് മുതല്‍ ആളുകള്‍ ഇവിടെ ഖബറുകള്‍ ബുക്ക് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇവിടെ ഖബറുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് മെഹന്ദിയാന്റെ സൂപ്പര്‍വൈസറായ മുഹമ്മദ് ചാന്ദിനെയാണ് ബന്ധപ്പെടേണ്ടതെന്ന് ഇവിടെ 14 വര്‍ഷമായി കല്‍പ്പണിക്കാരനായി ജോലി ചെയ്യുന്ന പപ്പു പറഞ്ഞു.

പപ്പു നല്‍കിയ നമ്പറില്‍ വിളിച്ച് മുഹമ്മദ് ചാന്ദുമായി സംസാരിച്ചപ്പോള്‍ മെഹന്ദിയാന്റെ ഉള്‍പ്രദേശം ഫുള്ളാണെന്നും ഇനി ഔട്ടര്‍ വശങ്ങളില്‍ മാത്രമെ പ്ലോട്ടുകള്‍ ഒഴിവുള്ളു എന്നുമാണ് മറുപടി ലഭിച്ചത്. ഭാവിയില്‍ കുടുംബത്തില്‍ നടക്കുന്ന മരണങ്ങള്‍ക്ക് ഒരു ഖബര്‍ കുഴിക്കാനുള്ള സ്ഥലത്തിന് ഒരാള്‍ക്ക് 30,000 രൂപ മുന്‍കൂറായി അടക്കണമെന്ന് അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. പണം നല്‍കിയാല്‍ ഒരു ഖബര്‍ പ്ലോട്ട് ബുക്ക് ആവും. തുടര്‍ന്ന് അതിന് രേഖയായി ഒരു രസീത് മുറിച്ച് നല്‍കും. ഖബര്‍ ആവശ്യമുള്ളപ്പോള്‍ രസീതുമായി മെഹന്ദിയാനില്‍ എത്തിയാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത സ്ഥലത്ത് മരിച്ചവരെ അടക്കം ചെയ്യാന്‍ അനുവദിക്കും. ഇതാണ് മെഹന്ദിയാന്‍ ഖബര്‍സ്ഥാനിലെ രീതി.

ഡല്‍ഹി ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന മറ്റൊരു മുസ്ലിം ശ്മശാനമായ ജദീദ് ഖബറിസ്ഥാന്‍ അഹ്ലെ ഇസ്ലാം ആണ് നഗരത്തിലെ ആദ്യ കോവിഡ് ശ്മശാനമായി പ്രഖ്യാപിച്ചത്. കോവിഡ് 19 മൂലം മരണപ്പെടുന്നവരെ പരിപാലിക്കാനും സംസ്‌കരിക്കാനും ആളുകള്‍ വിസമ്മതിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ജദീദ് ഖബറിസ്ഥാന്‍ കോവിഡ് ശ്മശാന സ്ഥലമായി പ്രഖ്യാപിക്കേണ്ടി വന്നത്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരെ അടക്കം ചെയ്യാന്‍ ഖബറിസ്ഥാനിലെ തൊഴിലാളികല്‍ വിസമ്മതിച്ചതോടെ താന്‍ തന്നെ ആ ജോലി ഏറ്റെടുക്കുകയായിരുന്നു എന്നാണ് ഖബറിസ്ഥാനിലെ നടത്തിപ്പുക്കാരനായ 38 കാരന്‍ മുഹമ്മജ് ഷമീം പറഞ്ഞത്. ഉത്തര്‍ പ്രദേശിലെ ഏത്ത ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ഷമീം തന്റെ പ്രായം ചെന്ന മാതാപിതാക്കള്‍ക്കും കുടുംബത്തിനുമൊപ്പം ഖബറിസ്ഥാന്റെ അകത്തു തന്നയുള്ള ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്. 45 ഏക്കറില്‍ പരന്ന് കിടക്കുന്ന ജദീദ് ഖബറിസ്ഥാനിലെ രണ്ട് ഏക്കര്‍ സ്ഥലം കൊറോണ സംബന്ധമായ മരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി മാറ്റി വെച്ചിരിക്കുകയാണെന്നാണ് ഷമീം പറഞ്ഞത്.

ഇതുവരെ കോവിഡുമായി ബന്ധപ്പെട്ട 250ഓളം മൃതദേഹങ്ങള്‍ താന്‍ മറവ് ചെയ്തതയായി അദ്ദേഹം പറഞ്ഞു. ഇതില്‍ ചിലത് കോവിഡ് ബാധ സംശയിക്കുന്ന കേസുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു, ശ്മശാനത്തിലെ സ്ഥലം ഏതാണ്ട് നിറഞ്ഞിരിക്കുന്നു. ഗുരുതരമായ രോഗബാധിതരുടെ ബന്ധുക്കള്‍ മുന്‍കൂട്ടി ഖബര്‍ ബുക്ക് ചെയ്യുന്നുണ്ടെന്നും ഷമീം പറയുന്നു.

കൊറോണ മഹാമാരി വ്യാപിക്കുന്നതിന് മുന്‍പ്,ജദീദ് ഖബറിസ്ഥാനിയില്‍ ഇവിടത്തെ ചില ജീവനക്കാര്‍ ശ്മശാന ബുക്കിങ് തട്ടിപ്പ് നടത്തിയിരുന്നു എന്ന് ഷമീം പറഞ്ഞു. നിയമ വിരുദ്ധമായി മുന്‍കൂര്‍ ബുക്കിങ് നടത്തി ആളുകളില്‍ നിന്ന് പണം കൈപറ്റി, വ്യാജമായി ഖബര്‍ സ്പോട്ട് അടയാളപ്പടുത്തി നല്‍കി പണം കൈപറ്റിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഒരു മൃതദേഹം മറവ് ചെയ്താല്‍ തനിക്ക് 100 രൂപ ലഭിക്കുമെന്ന് ഷമീം വ്യക്തമാക്കി. സാധാരണ ഗതിയില്‍ നാലടി താഴ്ച്ചയില്‍ തൊഴിലാളികള്‍ കുഴി എടുത്താണ് ഖബറുകള്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍, കൊറോണ മരണ കേസുകളില്‍ ഇപ്പോള്‍ ജെ.സി.ബി ഉപയോഗിച്ച് ചുരുങ്ങിയത് പത്ത് അടി താഴ്ചയുള്ള കുഴിയാണ് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വകാര്യ ജെ.സി.ബി ഓപ്പറേറ്റര്‍ ഒരു 10 അടി ആഴത്തില്‍ ഒരു കുഴി എടുക്കുന്നതിന് രണ്ടായിരം മുതല്‍ ആറായിരെ രൂപ വരെ ചാര്‍ജ് ഈടാക്കുന്നുണ്ടെന്നും ഷമീം വ്യക്തമാക്കി.

കോവിഡ് കാലത്തെ മരണങ്ങള്‍ വരെ ധനാഗമന മാര്‍ഗമാക്കി ഖബറിസ്ഥാന്‍ കമ്മിറ്റികള്‍ മാറ്റുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ജദീദ് ഖബറിസ്ഥാന്‍ കമ്മിറ്റി പ്രതിദിനം 6,000 രൂപ നിരക്കില്‍ ഒരു ജെ.സി.ബി മെഷീന്‍ വാടകയ്ക്ക് എടുക്കുകയും ഓരോ ഖബറുകള്‍ കുഴിക്കുന്നതിനും ശരാശരി 5,000 രൂപ പാര്‍ട്ടികളില്‍ നിന്ന് ഈടാക്കുകയും ചെയ്യുന്നു എന്നാണ് ഷമീം പറയുന്നത്. ഇതില്‍ രണ്ടായിരം രൂപയാണ് ഖബര്‍ കുഴിക്കാനുള്ള ചിലവ്, ഇതിന് കമ്മിറ്റി രസീത് നല്‍കുന്നു, മൂവായിരം രൂപ ജെസിബി മെഷീന്റെ സേവന ചാര്‍ജായി കണക്കാക്കുന്നു. സാമ്പത്തികമായി ദുര്‍ബലരായ ആളുകള്‍ക്ക് ഈ അമിത നിരക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഷമീം പറഞ്ഞു. നേരത്തെ, ജെസിബി മെഷീന്റെ ചാര്‍ജ് ഓരോ കേസുകളുടെ അടിസ്ഥാനത്തിലായിരുന്നു നിര്‍ണ്ണയിക്കപ്പെട്ടിരുന്നത്, ഇത് മരിച്ചവരുടെ ബന്ധുക്കളുടെ സാമ്പത്തിക അവസ്ഥയെ ആശ്രയിച്ചായിരുന്നു. ചിലപ്പോള്‍, ജെ.സി.ബി സേവനങ്ങള്‍ സൗജന്യമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഇവിടെ ഒരു ആശുപത്രിയില്‍ വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയിലുള്ള ഒരു വൃദ്ധന്റെ ബന്ധുവും ശ്മശാനത്തില്‍ ഒരു ഖബറിന് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങളെ സമീപിച്ചിരുന്നു. സ്ഥിതി വളരെ മോശമാണ്, വെന്റിലേറ്ററിലാണ് -ഷമീം പറഞ്ഞ് നിര്‍ത്തി.

ഈസ്റ്റ് ഡല്‍ഹിയിലെ ത്രിലോക് പുരി അടക്കമുള്ള സ്ഥലങ്ങളിലെ ഖബറിസ്ഥാനികളില്‍ സ്ഥലമില്ലാത്തതിനാല്‍, നിറഞ്ഞ് കവിഞ്ഞ ഖബറിസ്ഥാനികളില്‍ ഒരു മൃതദേഹം മറവ് ചെയ്യാനുള്ള കുഴി എടുക്കേണ്ട അത്ര ഉയരത്തില്‍ ട്രക്കുകളില്‍ മണ്ണ് കൊണ്ടു വന്ന് തട്ടി വീണ്ടും ശവക്കുഴികള്‍ വെട്ടുന്ന രീതിയാണ് തുടര്‍ന്നു പോരുന്നത്. ത്രിലോക് പുരിയിലെ കോട്ല ഖബറിസ്ഥാനിയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ രണ്ടു തവണ ഇത്തരത്തില്‍ ഖബറിസ്ഥാന്‍ മണ്ണിട്ട് നിരത്തി പുതിയ കുഴികള്‍ എടുത്തുവെന്ന് ഖബറിസ്ഥാന്‍ നടത്തിപ്പുക്കാരനായ മന്‍സൂര്‍ മന്‍സൂരി പറഞ്ഞു.

ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 131 മുസ്ലിം ശ്മശാനങ്ങളാണ് ഡല്‍ഹിയില്‍ ഉള്ളത്. ഇവയില്‍ 16 എണ്ണം നിയമ വ്യവഹാരങ്ങള്‍, മോശം ഭൂപ്രകൃതി എന്നിവ മൂലം പ്രവര്‍ത്തിക്കുന്നില്ല.

10 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള അഞ്ച് മുസ്ലിം ശ്മശാനങ്ങളെ ഡല്‍ഹിയില്‍ ഉള്ളു. ബാക്കിയുള്ളവയില്‍ ഭൂരിഭാഗവും മുഗള്‍ ഭരണ കാലം മുതല്‍ നിലനില്‍ക്കുന്നുവയാണ്. ഡല്‍ഹിയിലെ മൊത്തം മുസ്ലിം ശ്മശാനങ്ങളില്‍ 34 ശതമാനം നൂറു മുതല്‍ 200 വര്‍ഷ വരെ പഴക്കമുള്ളതാണ്. 12 ശതമാനം ശ്മശാനങ്ങള്‍ 200 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്.


Next Story

Related Stories