TopTop
Begin typing your search above and press return to search.

മുരളീധരന്റെ ജീവചരിത്ര സിനിമയില്‍നിന്ന് പിന്‍മാറാന്‍ വിജയ് സേതുപതിക്ക് മേല്‍ സമ്മര്‍ദ്ദം ഏറുന്നു, നിരപരാധികളായവരെ കൊലപ്പെടുത്തിയതിനെ അനുകൂലിച്ചിട്ടില്ലെന്ന് വിശദീകരണം

മുരളീധരന്റെ ജീവചരിത്ര സിനിമയില്‍നിന്ന് പിന്‍മാറാന്‍ വിജയ് സേതുപതിക്ക് മേല്‍ സമ്മര്‍ദ്ദം ഏറുന്നു, നിരപരാധികളായവരെ കൊലപ്പെടുത്തിയതിനെ അനുകൂലിച്ചിട്ടില്ലെന്ന് വിശദീകരണം

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവചരിത്ര ചിത്രത്തില്‍നിന്ന് പിന്‍മാറണമെന്ന ആവശ്യപ്പെട്ട് സിനിമാതാരം വിജയ് സേതുപതിയ്ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദം. തമിഴ് സംഘടനകളാണ് ചിത്രത്തില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടുള്ള സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നത്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തില്‍ തമിഴര്‍ക്കെതിരെ നിലപാടെടുത്ത മുത്തയ്യ മുരളീധരനെ കുറിച്ചുള്ള ചിത്രത്തില്‍ അഭിനയിക്കരുതെന്നാവശ്യപ്പെട്ടാണ് വിജയ് സേതുപതിയില്‍ തമിഴ് സംഘടനകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയത്. പ്രചാരണം ശക്തമായതിനെ തുടര്‍ന്ന് വിശദീകരണവുമായി മുത്തയ്യ മുരളീധരന്‍ രംഗത്തെത്തി. 800 എന്നാണ് മുരളീധരന്റെ ചിത്രത്തിന് നൽകിയ പേര്

നിരപരാധികളായ തമിഴരെ കൊലപ്പെടുത്തിയതിനെ താന്‍ ഒരിക്കലും അനുകൂലിച്ചിട്ടില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

ഇരുഭാഗത്തും ജീവന്‍ നഷ്ടമാകുന്നത് അവസാനിച്ചുവെന്നതിലുള്ള സന്തോഷമാണ് താന്‍ 2009 ല്‍ പ്രകടിപ്പിച്ചതെന്ന് മുത്തയ്യ മുരളീധരന്‍ പറഞ്ഞു. ഇതിനെയാണ് തമിഴര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമെന്ന് പറഞ്ഞുവെന്ന രീതീയില്‍ പ്രചരിപ്പിക്കുന്നതെന്ന് മുത്തയ്യ മുരളീധരന്‍ പറഞ്ഞു.

'യുദ്ധത്തിന്റെ വേദന എനിക്കറിയാം. എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് അച്ഛന്‍ ആക്രമിക്കപ്പെട്ടത്. എത്രയോ തവണ തെരുവില്‍ കഴിയേണ്ടി വന്നിട്ടുണ്ട്' മുത്തയ്യ മുരളീധരന്‍ പറഞ്ഞു. തന്നെ വളര്‍ത്തിയ അച്ഛനും മറ്റുള്ളവര്‍ക്കുമുള്ള ആദരവായാണ് ചിത്രത്തിന് സമ്മതിച്ചതെന്നും മുത്തയ്യ മുരളീധരന്‍ പറഞ്ഞു.

നിരവധി തമിഴ് സംവിധായകരും സാംസ്‌ക്കാരിക നായകരും രാഷ്ട്രീയക്കാരും മുരളീധരന്റെ ചിത്രത്തില്‍ വിജയ് സേതുപതി അഭിനയിക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു.

' തമിഴര്‍ കൊല്ലപ്പെടുമ്പോള്‍ അതില്‍ സന്തോഷിക്കുകയാണ് മുരളീധരന്‍ ചെയ്തത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മുത്തയ്യ മുരളീധരന്‍ ഞങ്ങളെ വഞ്ചിച്ചവനാണ്' പ്രശസ്ത സംവിധായകനായ ഭാരതീരാജ പറഞ്ഞു.

സിനിമയില്‍ അഭിനയിക്കാനുള്ള അവസരം മുത്തയ്യ മുരളീധരന്‍ വേണ്ടെന്നുവെച്ചാല്‍ തമിഴരുടെ ആത്മാഭിമാനത്തിന്റെ ചരിത്രത്തില്‍ അദ്ദേഹത്തിന് വലിയ സ്ഥാനമുണ്ടാകുമെന്ന് പിഎംകെ നേതാവ് ഡോ. പി രാംദോസ് പറഞ്ഞു.

എന്നാല്‍ കായിക താരത്തിന്റെ ജീവചരിത്രമെന്നതിലുപരി മറ്റൊന്നും ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നില്ലെന്ന് ചിത്രത്തിന്റെ നിര്‍മ്മാതക്കളായ ദാര്‍ മോഷന്‍ പിക്‌ചേഴ്‌സ് പറഞ്ഞു.

വിവാദത്തെക്കുറിച്ച് വിജയ് സേതുപതി ഇതുവരെ പ്രതികരിച്ചിട്ടില്ല.

2017 ല്‍ രജനികാന്ത് ശ്രീലങ്കയില്‍ അദ്ദേഹത്തിന്റെ ചിത്രവുമായി ബന്ധപ്പെട്ട നടത്താനുദ്ദേശിച്ച് പരിപാടി എതിര്‍പ്പിനെ തുടര്‍ന്ന് വേണ്ടെന്ന് വെച്ചിരുന്നു.


Next Story

Related Stories