TopTop
Begin typing your search above and press return to search.

സുശാന്ത് സിംഗിന്റെ മരണം; പാചകക്കാരന്‍ ദീപേഷ് സാവന്ത് അറസ്റ്റില്‍; അന്വേഷണത്തിന്റെ തുടക്കം 59 ഗ്രാം കഞ്ചാവില്‍

സുശാന്ത് സിംഗിന്റെ മരണം; പാചകക്കാരന്‍ ദീപേഷ് സാവന്ത് അറസ്റ്റില്‍; അന്വേഷണത്തിന്റെ തുടക്കം 59 ഗ്രാം കഞ്ചാവില്‍

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് മരിച്ച സംഭവത്തില്‍ അദ്ദേഹത്തിന്റെ പാചകക്കാരനും വീട്ടുജോലിക്കാരനുമായ ദീപേഷ് സാവന്ത് അറസ്റ്റില്‍. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് സാവന്തിനെ അറസ്റ്റ് ചെയ്തത്. ഇന്നു രാവിലെ മുതല്‍ ചോദ്യം ചെയ്യുകയായിരുന്ന സാവന്തിനെ രാത്രി അറസ്റ്റ് ചെയ്യുകയായിരുന്നു. സുശാന്ത് മരിച്ചത് ഏറ്റവുമാദ്യം കണ്ട ആളുകളില്‍ ഒരാള്‍ എന്ന നിലയില്‍ കേസില്‍ സാക്ഷിപ്പട്ടികയിലായിരുന്നു സാവന്ത്. ഇതോടെ സുശാന്തിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

സുശാന്തിന്റെ കാമുകി റിയാ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയേയും റിയയുടെ സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ലഹരി വില്‍പ്പന, ഉപയോഗവുമായി ബന്ധപ്പെട്ട നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ് (എന്‍ഡിപിഎസ്) നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

എന്നാല്‍ ഷോവിക് ചക്രവര്‍ത്തിയുടെ പക്കല്‍ നിന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ലഹരി മരുന്നുകളൊന്നും കണ്ടെടുത്തിട്ടില്ല. സുശാന്ത് സിംഗുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന അബ്ബാസ് ലഖാനി, കരണ്‍ അറോറ എന്നിവരില്‍ 59 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതാണ് അന്വേഷണ ഏജന്‍സിക്ക് ഇതുവരെ സാധിച്ചിട്ടുള്ളത്.

ചോദ്യം ചെയ്യലില്‍ താന്‍ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുള്ള നിരവധി ആളുകളുടെ പേരുവിവരങ്ങള്‍ ഷോവിക് ചക്രവര്‍ത്തി വെളിപ്പെടുത്തിയെന്നും സഹോദരി റിയയയെ ഞായറാഴ്ച ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടുണ്ടെന്നും എന്‍സിബി പറയുന്നു.

സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിങ്ങനെ മൂന്ന് ഏജന്‍സികളാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയാ ചക്രബര്‍ത്തിക്കെതിരെ അദ്ദേഹത്തിന്റെ പിതാവാണ് ആരോപണമുന്നയിച്ചത്. മകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു എന്നാണ് ആരോപണം. എന്നാല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്.

ഇക്കഴിഞ്ഞ ജൂണ്‍ 14-ന് മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള വീട്ടില്‍ സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


Next Story

Related Stories